തൃശൂര്‍: ജിഷ്ണു പ്രണോയ് മരിച്ചിട്ട് ഇന്ന് രണ്ട് വർഷം. സാക്ഷികളെ ഭീഷണിപ്പെടുത്തി ഇപ്പോൾ നടക്കുന്ന സിബിഐ അന്വേഷണവും അട്ടിമറിക്കപ്പെടുമോയെന്ന ആശങ്കയിലാണ് ജിഷ്ണുവിന്‍റെ കുടുംബം. മകന്‍റെ മരണത്തിന് ഉത്തരവാദികളായവർ ശിക്ഷിക്കപ്പെടും വരെ പോരാട്ടം തുടരുമെന്നാണ് അമ്മ മഹിജ ഉറപ്പിച്ച് പറയുന്നു.

ജിഷ്ണുവിന്‍റെ ഓർമ്മകളിലാണ് അമ്മ മഹിജയുടെ ജീവിതം മുന്നോട്ട് പോകുന്നത്. എപ്പോഴും അവൻ അരികിലുണ്ടെന്ന വിശ്വാസം. ജിഷ്ണു മരിച്ച് രണ്ടു വ‌ർഷം പിന്നിടുമ്പോഴും നീതിക്കായി കാത്തിരിക്കുകയാണ് കുടുംബം. 2017 ജനുവരി ആറിനാണ് പാമ്പാടി നെഹ്റു കോളേജിലെ ഹോസ്റ്റലിൽ ജിഷ്ണു പ്രണോയ് ദുരൂഹസാഹചര്യത്തിൽ മരിച്ചത്.

ആദ്യം ലോക്കൽ പൊലീസും പിന്നീട് ക്രൈംബ്രാഞ്ചും നടത്തിയ അന്വേഷണത്തിൽ കാര്യമായ പുരോഗിതിയുണ്ടായില്ല. ഏറെ രാഷ്ട്രീയവിവാദങ്ങളുയർത്തിയ കേസ് സുപ്രീംകോടതി നിര്‍ദ്ദേശപ്രകാരമാണ് സിബിഐ ഏറ്റെടുത്തത്. അതിന് ശേഷം ഒരു വർഷമായിട്ടും കേസിലെ പ്രധാന സാക്ഷികളുടെ മൊഴിയെടുക്കാന്‍ സിബിഐയ്ക്ക് കഴിഞ്ഞിട്ടില്ല.

ഇതിനിടെ സാക്ഷികളായ വിദ്യാര്‍ത്ഥികളെ കോളേജ് മാനേജ്മെന്‍റ് ഭീഷണിപ്പെടുത്തുന്നതിനാൽ അന്വേഷണം മുന്നോട്ട് കൊണ്ടുപോകാനാവുന്നില്ലെന്ന് സുപ്രീംകോടതിയെ അറിയിക്കാനാണ് സിബിഐ തീരുമാനം.