സിബിഎസ്ഇ പരീക്ഷ മാറ്റിയതിൽ ആശങ്ക; ഓൺലൈൻ അടക്കമുള്ള സാധ്യതകൾ പരിശോധിക്കണമെന്ന് ആവശ്യം

By Web TeamFirst Published Apr 14, 2021, 3:59 PM IST
Highlights

സർക്കാർ തീരുമാനത്തെ അഭിനന്ദിക്കുന്നുവെന്നാണ് വിദ്യാഭ്യാസ വിദഗ്ദ്ധൻ ഫാ കുര്യൻ ചാലങ്ങാടി പ്രതികരിച്ചത്

തിരുവനന്തപുരം: പത്ത്, 12 ക്ലാസുകളിലെ പരീക്ഷകൾ റദ്ദാക്കുകയും മാറ്റിവെക്കുകയും ചെയ്ത സർക്കാർ തീരുമാനത്തിന് പിന്നാലെ വിദ്യാർത്ഥികൾക്കും മാതാപിതാക്കൾക്കും കടുത്ത ആശങ്ക. ഓൺലൈൻ പരീക്ഷയോ, ഇന്റേണൽ അസസ്മെന്റിന് കൃത്യമായ മാനദണ്ഡമോ പുറത്തിക്കുക, അല്ലെങ്കിൽ പരീക്ഷാ കേന്ദ്രങ്ങൾ വർധിപ്പിച്ച് പരീക്ഷ നടത്തുകയെന്ന ആവശ്യമാണ് ഉയരുന്നത്. 

സർക്കാർ തീരുമാനത്തെ അഭിനന്ദിക്കുന്നുവെന്നാണ് വിദ്യാഭ്യാസ വിദഗ്ദ്ധൻ ഫാ കുര്യൻ ചാലങ്ങാടി പ്രതികരിച്ചത്. ഈ സാഹചര്യത്തിൽ മറ്റൊരു തീരുമാനം സാധ്യമല്ല. പത്താം ക്ലാസ് കുട്ടികളുടെ മാർക്ക് നിശ്ചയിക്കുന്നതിന് ഇനിയൊരു മാനദണ്ഡം മുന്നോട്ട് വെക്കുമെന്നാണ് കരുതുന്നത്. ഓൺലൈൻ ക്ലാസുകളിൽ കുട്ടികൾ പങ്കെടുത്തിരുന്നുവെങ്കിലും ഇന്റേണൽ അസസ്മെന്റ് കൃത്യമായി അളക്കാൻ സാധിച്ചിട്ടില്ല. സ്കൂളിൽ പോയി പഠിക്കാമെന്ന മൂഡിലേക്ക് വന്നപ്പോഴാണ് കുട്ടികളുടെ പഠനം കൂടി മികച്ചതായത്. അതുകൊണ്ട് തന്നെ കുട്ടികളുടെ ഇന്റേണൽ അസസ്മെന്റിന് ഇനിയൊരു നിർദ്ദേശം വരുമെന്നാണ് കരുതുന്നത്. കഴിഞ്ഞ പരീക്ഷകളെല്ലാം ഒഴിവാക്കി ഇനിയൊരു അസസ്മെന്റിന് അവസരം ഒരുക്കണം എന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

എല്ലാ വർഷവും സിബിഎസ്ഇ ഫലം താമസിക്കുന്നത് ഉന്നത പ്രവേശനത്തിന് തടസമുണ്ടാക്കുന്നതാണ് പതിവെന്ന് സിബിഎസ്ഇ അസോസിയേഷൻ പ്രതിനിധി ഇബ്രാഹിംഖാൻ പറഞ്ഞു. എന്നാൽ ആ പ്രതിസന്ധികൾക്ക് അപ്പപ്പോൾ സംസ്ഥാന സർക്കാർ പ്രതിവിധി കണ്ടു. ഇപ്പോഴത്തെ മാറ്റത്തെ കുറിച്ച് വിശദമായ വിവരങ്ങൾ ലഭ്യമായിട്ടില്ല. പത്താം ക്ലാസ് പരീക്ഷ ഒഴിവാക്കിയത് വലിയ പ്രശ്നമാകില്ലെന്നാണ് കരുതുന്നത്. എന്നാൽ കുട്ടികൾക്ക് മാർക്കിടുന്നതിന് മാർഗനിർദ്ദേശവും മാനദണ്ഡവും ബോർഡ് നിർദ്ദേശിക്കണം. ആ ഉത്തരവാദിത്തം കൂടി ബോർഡിനുണ്ട്. ഓൺലൈൻ ക്ലാസുകളിൽ 99 ശതമാനം രക്ഷിതാക്കൾക്കും സംതൃപ്തിയുണ്ട്. ഓൺലൈൻ പരീക്ഷ നടത്തിയാണ് താഴത്തെ ക്ലാസുകളിലെ കുട്ടികൾക്ക് സ്ഥാനക്കയറ്റം നൽകിയത്. ആ സാധ്യത പത്ത്, 12 ക്ലാസ് പരീക്ഷാ നടത്തിപ്പിലും സർക്കാർ പരിശോധിക്കണമെന്നും അദ്ദേഹം പറഞ്ഞു.

പുതിയ സർക്കാർ തീരുമാനത്തിൽ ഓരോ രക്ഷിതാക്കൾക്കും വിദ്യാർത്ഥിക്കും ആശങ്കയുണ്ടെന്ന് സർവോദയ സ്കൂൾ പ്രതിനിധി നാസർ പ്രതികരിച്ചു. പ്രൊഫഷണൽ കോഴ്സുകളിലേക്കുള്ള പ്രവേശനം നഷ്ടപ്പെടാതിരിക്കാൻ വേണ്ടിവന്നാൽ ഓൺവൈൻ പരീക്ഷ ഗൌരവമായി ആലോചിക്കണം. ഇപ്പോഴത്തെ സാഹചര്യത്തിൽ കേന്ദ്രസർക്കാരിന് ഈ തീരുമാനമെടുക്കാനേ കഴിയൂ. ഓൺലൈൻ പരീക്ഷയ്ക്ക് 10ാം ക്ലാസ് കുട്ടികൾ റെഡിയാണ്. 12ാം ക്ലാസിലേക്ക് ഒരു ഗൈഡ്‌ലൈൻ നൽകണം. പരീക്ഷാ കേന്ദ്രങ്ങൾ വർധിപ്പിക്കാനും ഓൺലൈൻ പരീക്ഷാ സംവിധാനവും ഏർപ്പെടുത്താവുന്നതാണെന്നും അദ്ദേഹം പറഞ്ഞു.

click me!