
കൊച്ചി: സംസ്ഥാനത്ത് സിബിഎസ്ഇ സ്കൂളുകൾ ഭാഗികമായി തുറക്കാനുള്ള ശ്രമങ്ങൾ തുടങ്ങി. 50 ശതമാനം അധ്യാപകർക്കും സംശയനിവാരണത്തിനായി മുതിർന്ന ക്ലാസുകളിലെ കുട്ടികൾക്കും സ്കൂളുകളിലേക്ക് വരാമെന്ന കേന്ദ്രനിർദ്ദേശത്തിന്‍റെ ചുവട് പിടിച്ചാണ് പുതിയ നീക്കം. ആഴ്ചയിൽ മൂന്ന് ദിവസം രക്ഷിതാക്കളുടെ അനുവാദത്തോടെ ക്ലാസുകൾ നടത്താനാണ് തീരുമാനം.
കൊവിഡ് വ്യാപനം അതിരൂക്ഷമാകാനുള്ള സാധ്യത മുന്നിൽ കണ്ട് സംസ്ഥാനത്ത് സ്കൂളുകൾ തുറക്കുന്നതിൽ ഇത് വരെയും സർക്കാർ തീരുമാനമെടുത്തിട്ടില്ല. എന്നാൽ ഭാഗികമായി സ്കൂളുകൾ പ്രവർത്തിപ്പിക്കുന്നതിനുള്ള സാധ്യത തേടുകയാണ് സംസ്ഥാനത്തെ സിബിഎസ്ഇ സ്കൂളുകൾ. ഓൺലൈൻ ക്ലാസുകൾ തുടരും. ആഴ്ചയിൽ പരമാവധി മൂന്ന് ദിവസം വരെ കുട്ടികളെ സ്കൂളുകളിലേക്ക് എത്തിക്കാനാണ് ശ്രമം.
9 മുതൽ 12 ക്ലാസ് വരെയുള്ള കുട്ടികളെ പല ബാച്ചുകളാക്കി തിരിക്കും.ഒരേ സമയം ക്ലാസുകളിൽ ഇരിക്കുക 12 പേർ. ക്ലാസുകൾ തുടങ്ങുന്നതിൽ മാതാപിതാക്കളുടെ അഭിപ്രായം അറിഞ്ഞ ശേഷമാകും തുടർനടപടികൾ. സാഹചര്യമനുസരിച്ച് ഓരോ സ്കൂളുകൾക്കും തീരുമാനമെടുക്കാം. സ്കൂളുകളിലേക്ക് എത്താൻ വാഹനസൗകര്യമില്ലാത്തത് ഗ്രാമീണ മേഖലയിലെ കുട്ടികളെ പ്രതിസന്ധിയിലാക്കിയേക്കും.
കുട്ടികളെ നിർബന്ധിപ്പിച്ച് സ്കൂളിലേക്ക് എത്തിക്കരുതെന്നാണ് സംഘടന സ്കൂളുകൾക്ക് നൽകിയിരിക്കുന്ന നിർദ്ദേശം.സിബിഎസ്ഇ മാനേജ്മെന്‍റ് അസോസിയേഷന്‍റെ കീഴിൽ 1500 സിബിഎസ്ഇ സ്കൂളുകളും, 200 ഐസിഎസ്ഇ സ്കൂളുകളുമാണ് പ്രവർത്തിക്കുന്നത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam