
തൃശ്ശൂർ: ആവേശം സിനിമയുടെ റീലുമായി തൃശ്ശൂരിൽ പാർട്ടി നടത്തി കൊലക്കേസ് പ്രതി. ഇരട്ടക്കൊലക്കേസിൽ ജയിൽ മോചിതനായ തൃശൂർ കുറ്റൂർ സ്വദേശിയായ അനൂപ് ആണ് പാര്‍ട്ടി നടത്തി അതിന്‍റെ റീല്‍ തയ്യാറാക്കി സമൂഹ മാധ്യമങ്ങളിലൂടെ പുറത്തുവിട്ടിരിക്കുന്നത്. പാടത്ത് പാര്‍ട്ടി നടത്തിയതിൻ്റെ ദൃശ്യങ്ങൾ കോർത്തിണക്കിയാണ് റീൽ ഒരുക്കിയത്. അനുപിൻ്റെ സുഹൃത്തുക്കളും പരിചയക്കാരും പാർട്ടിയിൽ പങ്കെടുത്തിരുന്നു. അറുപതിലേറെ പേർ പാടത്ത് തമ്പടിച്ചതറിഞ്ഞ് പൊലീസ് വന്നതും ദൃശ്യങ്ങളിൽ കാണാം. ആവേശം സിനിമയിലെ ഫഹദ് ഫാസിൽ കഥാപാത്രം രംഗൻ പറയുന്ന 'എട മോനേ' ഡയലോഗിട്ടാണ് റീൽ പുറത്തിറക്കിയിരിക്കുന്നത്.
കഴിഞ്ഞ ഏപ്രിൽ മാസത്തിലാണ് ഇത്തരത്തിലൊരു റീൽ പുറത്തിറക്കിയത്. ഈ പാർട്ടിയിൽ പങ്കെടുത്തിരിക്കുന്ന പല ആളുകളും കൊലക്കേസ് പ്രതികളും ഗുണ്ടകളുമാണ്. ഇത്രയും ആളുകൾ കൂടിയതറിഞ്ഞ് പൊലീസും ഇവിടെ എത്തിയിരുന്നു. എന്നാൽ തന്റെ അച്ഛന്റെ മരണം നടന്നിരുന്നു. ആ സമയത്ത് ആർക്കും ഭക്ഷണം നൽകാൻ കഴിഞ്ഞിരുന്നില്ല. അതുകൊണ്ട് അവർക്ക് ഭക്ഷണം നൽകുകയാണ് ചെയ്തത് എന്നാണ് അനൂപ് പൊലീസിന് നൽകിയ വിശദീകരണം. ഇക്കാര്യങ്ങൾ സ്പെഷൽ ബ്രാഞ്ച് റിപ്പോർട്ടായി സമർപ്പിച്ചിട്ടുണ്ട്. സംഭവത്തിൽ അന്വേഷണം തുടരുകയാണ്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam