7 ജില്ലകള്‍ വെള്ളപ്പൊക്കബാധിതമെന്ന് കേന്ദ്ര ജല കമ്മീഷൻ; വരും ദിവസങ്ങളില്‍ അതിതീവ്ര മഴയെന്ന് മുന്നറിയിപ്പ്

By Web TeamFirst Published Aug 9, 2020, 9:11 PM IST
Highlights

മഴ തുടരുന്ന പശ്ചാത്തലത്തിൽ പെരിയാർ, ഭാരതപ്പുഴ, പമ്പ, കബനി, വളപട്ടണം, കുറ്റ്യാട്ടി നദികളുടെ തീരത്തുള്ളവർ ജാഗ്രത പാലിക്കണമെന്നും നിർദ്ദേശമുണ്ട്.

തിരുവനന്തപുരം: കേരളത്തിൽ ഏഴ് ജില്ലകൾ വെള്ളപ്പൊക്ക ബാധിതമെന്ന് കേന്ദ്ര ജല കമ്മീഷൻ. വയനാട്, ഇടുക്കി, പത്തനംതിട്ട, പാലക്കാട്, കോഴിക്കോട്, കോട്ടയം, തൃശൂർ എന്നീ ജില്ലകൾ വെള്ളപ്പൊക്ക ബാധിതമാണെന്നാണ് കേന്ദ്ര ജല കമ്മീഷന്‍റെ അറിയിപ്പ്. കനത്ത മഴ തുടരുന്ന പശ്ചാത്തലത്തിൽ പെരിയാർ, ഭാരതപ്പുഴ, പമ്പ, കബനി, വളപട്ടണം, കുറ്റ്യാട്ടി എന്നീ നദികളുടെ തീരത്തുള്ളവർ ജാഗ്രത പാലിക്കണമെന്നും കേന്ദ്ര ജല കമ്മീഷൻ വെള്ളപ്പൊക്ക മുന്നിറിയിപ്പ് നല്‍കുന്നു.

അതേസമയം, കേരളത്തിൽ ഇന്നും നാളെയും അതിതീവ്രമഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ നീരീക്ഷണ കേന്ദ്രത്തിന്‍റെ മുന്നറിയിപ്പ്. നാളെ കഴിഞ്ഞ് മഴയുടെ ശക്തി കുറയാനാനാണ് സാധ്യത. എന്നാല്‍, കാറ്റിന്റെ വേഗതയും മാറ്റവും അനുസരിച്ച് ഇതിൽ മാറ്റങ്ങൾ ഉണ്ടാകാം. അതിനാൽ ബുധനാഴ്ച്ച ശേഷവും കേരളത്തിൽ മഴ ലഭിക്കാനുള്ള സാധ്യത തള്ളിക്കളയാനാകില്ലെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്‍റെ അറിയിപ്പില്‍ പറയുന്നു.  

വിവിധ ജില്ലകളില്‍ കാലവര്‍ഷക്കെടുതി രൂക്ഷമായി തുടരുകയാണ്. കൊവിഡ് വ്യാപനത്തിനിടെ കൂടുതല്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ തുറക്കേണ്ടി വരുന്നത് ജില്ലാ ഭരണകൂടങ്ങള്‍ക്ക് വന്‍ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്. ഇടുക്കി വണ്ടിപ്പെരിയാര്‍ ടൗണിൽ വൈകിട്ട് മണ്ണിടിച്ചില്‍ ഉണ്ടായി. കെട്ടാരക്കര ദിണ്ഡിഗല്‍ ദേശീയപാതയിലാണ് സംഭവം. പാർക്ക്‌ ചെയ്തിരുന്ന രണ്ട് ബൈക്കുകൾ മണ്ണിനടിയിൽ പെട്ടു. അരമണിക്കൂറോളം ഗതാഗതം തടസപ്പെട്ടു. 

click me!