'ചിലര്‍ക്ക് എന്തിനെയും എതിര്‍ക്കുക എന്ന നിലപാട്, കേന്ദ്രം പിന്തുണയ്‌ക്കാതിരുന്നത് രാഷ്‌ട്രീയ കാരണങ്ങളാല്‍'; കെ-റെയിലിനെ കുറിച്ച് മുഖ്യമന്ത്രി

Published : Mar 20, 2026, 02:11 PM IST
K-Rail

Synopsis

സില്‍വര്‍ലൈന്‍ പദ്ധതി നടപ്പാക്കാന്‍ കഴിയാതെ പോയതിന്‍റെ കാരണങ്ങള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ വിശദീകരിക്കുന്നു. ചിലരുടെ രാഷ്ട്രീയ എതിര്‍പ്പുകളും കേന്ദ്ര സര്‍ക്കാരിന്‍റെ പിന്തുണയില്ലായ്മയുമാണ് പദ്ധതിക്ക് തടസ്സമായതെന്ന് അദേഹം പറയുന്നു. 

തിരുവനന്തപുരം: രണ്ടാം എല്‍ഡിഎഫ് സര്‍ക്കാര്‍ സ്വപ്‌ന പദ്ധതിയായി അവതരിപ്പിക്കാന്‍ ശ്രമിച്ച കെ-റെയില്‍ (സില്‍വര്‍ലൈന്‍) പദ്ധതി സാധ്യമാകാതെ പോയതിനെ കുറിച്ച് മനസ് തുറന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഏത് വികസന പദ്ധതിയെയും എതിര്‍ക്കുക എന്ന നിലപാട് ചിലര്‍ക്കുണ്ടെന്നും, ഈ സര്‍ക്കാര്‍ നടപ്പിലാക്കാന്‍ ശ്രമിച്ചതുകൊണ്ടാണ് കെ-റെയിലിനെതിരെ അത്തരം എതിര്‍പ്പുകളുണ്ടായതെന്നും മുഖ്യമന്ത്രി പറഞ്ഞു. പദ്ധതിക്ക് കേന്ദ്ര സര്‍ക്കാര്‍ പിന്തുണ നല്‍കാതിരുന്നത് രാഷ്‌ട്രീയ കാരണങ്ങളാലാണെന്നും, പദ്ധതിക്ക് അനുമതി ലഭിച്ചിരുന്നെങ്കില്‍ ജനങ്ങളുടെ പരാതികളും പ്രശ്‌നങ്ങളും പരിഹരിച്ച് സില്‍വര്‍ലൈന്‍ സാധ്യമാക്കുമായിരുന്നുവെന്നും പിണറായി വിജയന്‍ ഏഷ്യാനെറ്റ് ന്യൂസിന് അനുവദിച്ച പ്രത്യേക അഭിമുഖത്തില്‍ വ്യക്തമാക്കി.

കെ-റെയിലിനെ കുറിച്ച് മുഖ്യമന്ത്രിയുടെ വാക്കുകള്‍

'കെ-റെയില്‍ പോലൊരു പദ്ധതി നമ്മുടെ നാടിന് ആവശ്യമാണോ അല്ലയോ എന്നുള്ള കാര്യമല്ലേ ആദ്യം ചിന്തിക്കേണ്ടത്. കെ-റെയില്‍ പോലുള്ള ഒരു അതിവേഗ റെയില്‍ യാത്രാ പദ്ധതി ആരെങ്കിലും എതിർക്കുമെന്ന് നമുക്ക് കണക്കാക്കാൻ പറ്റുമോ. കാരണം, നമ്മുടെ നാട് പുരോഗതി കൈവരിച്ചുകൊണ്ടിരിക്കുകയാണ്. കാലം മാറിക്കൊണ്ടിരിക്കുന്നു. അതിവേഗതയിൽ നമ്മുടെ ആളുകൾ സഞ്ചരിക്കാൻ ആഗ്രഹിക്കുന്നു. പല വഴിക്കും നമ്മൾ തടസ്സപ്പെട്ട് യാത്ര മുടങ്ങി പോകുന്നു. ഇതെല്ലാം നമ്മുടെ അനുഭവത്തിലുള്ളതല്ലേ? അവിടെ യാത്രയ്ക്ക് വേണ്ടിയുള്ള സൗകര്യം അല്ലേ ഒരുക്കുന്നത്. പക്ഷേ, കേരളത്തില്‍ ഇവിടുത്തെ സര്‍ക്കാരിന്‍റെ പക്ഷത്തല്ലാത്ത രാഷ്ട്രീയ കക്ഷികൾ, സംഘടനകൾ എല്ലാം ഇത്തരം പദ്ധതികളെ എതിർക്കുകയാണ്. അത് ജനങ്ങൾക്ക് എതിർപ്പുള്ളത് കൊണ്ടല്ല. ജനങ്ങളെ ഏതെങ്കിലും തരത്തിൽ ബാധിക്കുന്നത് കൊണ്ടല്ല. ഈ സര്‍ക്കാരിന്‍റെ കീഴിൽ ഇത്തരം ഒരു വികസന പരിപാടി വേണ്ട എന്ന മനോഭാവത്താലാണ്.

കെ-റെയില്‍ പോലൊരു പദ്ധതിക്ക് സാധാരണ ഗതിയിൽ പിന്തുണ നൽകേണ്ട ബാധ്യതയുണ്ട് കേന്ദ്ര സര്‍ക്കാരിന്. എന്നാല്‍ നമ്മള്‍ കേന്ദ്ര സര്‍ക്കാരിനെ സമീപിക്കുമ്പോള്‍ പിന്തുണ ലഭിക്കാത്തത് രാഷ്ട്രീയ കാരണങ്ങളാലാണ്. ഏത് വികസന പ്രവർത്തനം വരുമ്പോഴും ജനങ്ങളെ വിശ്വാസത്തിൽ എടുത്തുകൊണ്ട് നടപ്പാക്കുന്ന നിലപാടാണ് സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ചിട്ടുള്ളത്. ദേശീയ പാത വരുമ്പോള്‍, പാതയുടെ ഭാഗമായി ഭൂമി ഏറ്റെടുത്താല്‍ പല പ്രശ്നങ്ങൾ ഉണ്ടാകുമെന്ന് വലിയ തോതിൽ പ്രചരിപ്പിച്ചിരുന്നതല്ലേ. റോഡിന് ഇരുവശവും രണ്ടായിപ്പോകും എന്നൊക്കെയുള്ള പ്രചരണങ്ങൾ അതിനും ഉണ്ടായിരുന്നു. പക്ഷേ, ആ എതിർത്തവർ തന്നെ പിന്നീട് പറഞ്ഞത് എന്താണ്? അവർക്കുള്ള നഷ്‌ടപരിഹാരവും മറ്റ് ആനുകൂല്യങ്ങളും ഒക്കെ കിട്ടുന്ന സ്ഥിതി വന്നപ്പോള്‍ പൂർണ്ണ തൃപ്തിയാണ് ആളുകള്‍ പ്രകടിപ്പിച്ചത്. ഒരു പദ്ധതി കൊണ്ടുവരുന്നത് നാടിന്‍റെ പൊതുവായ വികസനത്തിനാണല്ലോ... ഏതെങ്കിലും ബുദ്ധിമുട്ട് ഒരു വികസന പദ്ധതിയുടെ ഭാഗമായി ആർക്കെങ്കിലും വരുന്നുണ്ടെങ്കിൽ, ആ ബുദ്ധിമുട്ട് ഒഴിവാക്കാനുള്ള സഹായം, അതിനുള്ള സംരക്ഷണം, പുനരധിവാസം ഇതെല്ലാമാണല്ലോ വേണ്ടത്. അതെല്ലാം സർക്കാർ ഒരുക്കുമല്ലോ... ആ കാര്യത്തിൽ യാതൊരു സംശയവും വേണ്ട.

പക്ഷേ, നമ്മുടെ നാടിന്‍റെ ഒരു ദുരവസ്ഥ ഇതാണ്. ഏത് വികസന കാര്യം വരുമ്പോഴും ആ വികസനത്തെ വികസനമായിട്ട് കാണുന്നില്ല. ഇപ്പോള്‍ വേണ്ട എന്ന് പറഞ്ഞ് പദ്ധതികൾ മുടക്കുന്ന നില വന്നാൽ എവിടെ എത്തും നമ്മുടെ നാട്. അപ്പോൾ അതാണ് നമ്മൾ ചിന്തിക്കേണ്ട കാര്യം. അതുകൊണ്ടാണ് സില്‍വര്‍ലൈന്‍ പദ്ധതി നടപ്പാക്കാൻ കഴിയാതിരുന്നത്. കെ-റെയില്‍ പദ്ധതിക്ക് അനുമതി കിട്ടിയിരുന്നുവെങ്കില്‍ അത് നടപ്പാക്കേണ്ട സംസ്ഥാന സര്‍ക്കാര്‍, ആളുകളുടെ പ്രശ്നങ്ങളൊക്കെ പരിഹരിച്ചുകൊണ്ട് നടപടികളിലേക്ക് കടക്കുമായിരുന്നു'- മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

രണ്ട് കോണ്‍ഗ്രസ് നേതാക്കൾ ബിജെപിയിൽ; ചിറയിൻകീഴിൽ കഴിഞ്ഞ തവണത്ത യുഡിഎഫ് സ്ഥാനാർത്ഥി ഇത്തവണ എൻഡിഎ സ്ഥാനാർത്ഥിയാകും
പ്രിന്റ് ചെയ്തത് ഒരു ലക്ഷം പോസ്റ്റർ, 2500 ഫ്ലക്സ്; ജോസഫ് വാഴയ്ക്കന്‍റെ പ്രതീക്ഷ പാളി, പണവും പോയി സീറ്റുമില്ല