
ദില്ലി: നേമം ടെര്‍മിനല്‍ പദ്ധതിയെ (Nemom Terminal Project) ചൊല്ലി ആശയക്കുഴപ്പം. പദ്ധതി ഉപേക്ഷിച്ചെന്ന് റെയില്‍വേ മന്ത്രാലയം രാജ്യസഭയെ രേഖാമൂലം അറിയിച്ചിട്ടും പിന്നോട്ടില്ലെന്ന് റയില്‍വേ ആവര്‍ത്തിക്കുന്നതാണ് സംശയത്തിനിട നല്‍കുന്നത്. മുന്‍ തീരുമാനം പുനപരിശോധിച്ചിട്ടുണ്ടെങ്കില്‍ രേഖാമൂലം പാര്‍ലമെന്‍റിനെ അറിയിക്കണമെന്ന ആവശ്യത്തോട് റയില്‍വ മന്ത്രി മുഖം തിരിച്ചിരിക്കുകയാണെന്ന് ജോണ്‍ബ്രിട്ടാസ് എംപി ആരോപിച്ചു.
നേമം ടെര്‍മിനില്‍ പദ്ധതിയുമായി മുന്‍പോട്ടില്ലെന്ന് കഴിഞ്ഞ മെയ് മുപ്പതിന് രാജ്യസഭയില്‍ നല്‍കിയ ഓഫീസ് മെമ്മേോറാണ്ടത്തില്‍ റെയില്‍വേ മന്ത്രാലയം വ്യക്തമാക്കിയിരുന്നു. കൊച്ചുവേളി ടെര്‍മിനല്‍ പുരോഗതി ചൂണ്ടിക്കാട്ടിയാണ് 117 കോടി രൂപയുടെ പദ്ധതിക്ക് ന്യായീകരണമില്ലെന്ന് റെയില്‍വേ വ്യക്തമാക്കിയത്. പദ്ധതിയുമായി ബന്ധപ്പെട്ട് സഭയിലുന്നയിച്ച ചോദ്യങ്ങളില്‍ കൃത്യമായ മറുപടി കിട്ടാത്തതിനാല്‍ രാജ്യസഭ ചെയര്‍മാന് ജോണ്‍ബ്രിട്ടാസ് എംപി പരാതി നല്‍കിയതോടെയാണ് ഓഫീസ് മെമ്മോറാണ്ടത്തിലൂടെ റെയില്‍വേ നിലപാടറിയിച്ചത്.
രേഖാമൂലം നല്‍കിയ മറുപടി ഇതാണെന്നിരിക്കേ പദ്ധതിയില്‍ നിന്ന് പിന്നോട്ടില്ലെന്നാണ് റയില്‍വേ സംസ്ഥാന സര്‍ക്കാരിനെ അറിയിച്ചിരിക്കുന്നത്. മന്ത്രി അബ്ദുറഹാന്‍ നിയമസഭയില്‍ ഇക്കാര്യം ആവര്‍ത്തിക്കുകയും ചെയ്തു. പദ്ധതി ഉപേക്ഷിച്ചിട്ടില്ലെന്നാണ് കഴിഞ്ഞ ദിവസം ദില്ലിയിലെത്തിയ മന്ത്രി തല സംഘത്തോട് റയില്‍വേ സഹമന്ത്രിയും പറഞ്ഞത്. നേമം പദ്ധതി ഉപേക്ഷിച്ച റെയിൽവേയുടെ മുന്‍ നിലപാടില്‍ മാറ്റമുണ്ടോ എന്ന് ചോദിച്ചു കൊണ്ട് നല്‍കിയ കത്തിന് റെയില്‍വേ മന്ത്രി ഇനിയും മറുപടി നല്‍കിയിട്ടില്ലെന്ന് ജോണ്‍ബ്രിട്ടാസ് എംപി പറയുന്നു.
നേമം ടെര്‍മിനൽ പദ്ധതി ഉപേക്ഷിച്ചാൽ അത് ബിജെപിക്ക് ഏറെ സ്വാധീനമുള്ള നേമം നിയോജകമണ്ഡലത്തിൽ തിരിച്ചടിയാവുമെന്ന് കണ്ട് കേന്ദ്രം ഇക്കാര്യത്തിൽ തൃശങ്കുവിലായെന്നാണ് സൂചന. കേരളത്തിൽ നിന്നും കേന്ദ്രമന്ത്രി വി.മുരളീധരൻ, കെ സുരേന്ദ്രൻ, പികെ കൃഷ്ണദാസ് എന്നിവരടങ്ങിയ സംഘം റെയിൽവേമന്ത്രിയെ നേരിൽ കണ്ട് ഇക്കാര്യത്തിൽ മുന്നറിയിപ്പ് നൽകുകയും ചെയ്തിരുന്നു. മന്ത്രിയെ കണ്ട ശേഷം മാധ്യമങ്ങൾക്ക് മുന്നിലെത്തിയ കേന്ദ്രമന്ത്രി വി.മുരളീധരൻ അടക്കമുള്ള സംഘം പറഞ്ഞത് നേമം ടെര്‍മിനൽ പദ്ധതി കേന്ദ്രം ഉപേക്ഷിച്ചിട്ടില്ലെന്നാണ്.
കേരളത്തിലെ ബിജെപി നേതാക്കൾക്ക് പിന്നാലെ കേരളത്തിൽ നിന്നുള്ള മന്ത്രിമാരുമായി കൂടിക്കാഴ്ചയ്ക്ക് റെയിൽവേ മന്ത്രി തീരുമാനിച്ചിരുന്നു. എന്നാൽ കൃത്യമായ നിലപാടറിയിക്കാനുള്ള പ്രതിസന്ധിയാണ് സംസ്ഥാന മന്ത്രിമാര്‍ക്ക് കൂടിക്കാഴ്ച നിഷേധിക്കാന്‍ റയില്‍വേ മന്ത്രിയെ പ്രേരിപ്പിച്ചതെന്നാണ് സൂചന.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam