അട്ടപ്പാടി മധു കേസിൽ കൂറുമാറ്റം തുടരുന്നു; ഒരാൾ കൂടി കൂറുമാറി

By Web TeamFirst Published Jul 30, 2022, 4:59 PM IST
Highlights

സാക്ഷികളുടെ കൂറുമാറ്റം പ്രതികളുടെ ഭീഷണി കൊണ്ടാണെന് ചൂണ്ടിക്കാട്ടി മധുവിന്‍റെ അമ്മയും സഹോദരിയും മണ്ണാ‍ർക്കാട് മുൻസിഫ് കോടതിയിൽ പരാതി നൽകി. പ്രതികൾ നിരന്തരം ഭീഷണിപ്പെടുത്തുന്നതായും പരാതിയിലുണ്ട്.

പാലക്കാട്: അട്ടപ്പാടി മധു കൊലക്കേസിൽ കൂറുമാറ്റം തുടരുന്നു.കേസിൽ ഒരാൾ കൂടി കൂറുമാറി. 19-ാം സാക്ഷി കക്കി മൂപ്പനാണ് കൂറുമാറിയത്. ഇതോടെ കേസിൽ കൂറുമാറിയ സാക്ഷികളുടെ എണ്ണം ഒമ്പതായി. അതേസമയം, സാക്ഷികളുടെ കൂറുമാറ്റം പ്രതികളുടെ ഭീഷണി കൊണ്ടാണെന് ചൂണ്ടിക്കാട്ടി മധുവിന്‍റെ അമ്മയും സഹോദരിയും മണ്ണാ‍ർക്കാട് മുൻസിഫ് കോടതിയിൽ പരാതി നൽകി. പ്രതികൾ നിരന്തരം ഭീഷണിപ്പെടുത്തുന്നതായും പരാതിയിലുണ്ട്. ഇതെല്ലാം വിശദമായി അന്വേഷിക്കണം എന്നാണ് ആവശ്യം.  

കേസിൽ ആകെ 122 സാക്ഷികളാണ് ആകെയുളളത്. ഇതിൽ 10 മുതൽ 19 വരെയുള്ള സാക്ഷികളുടെ വിസ്താരം പൂർത്തിയായി. ഇവരിൽ പതിമൂന്നാം സാക്ഷിയായ സുരേഷ് മാത്രമാണ് പ്രോസിക്യൂഷന് അനുകൂലമായി മൊഴി നൽകിയത്. പാക്കുളം സ്വദേശി ഹുസൈനാണ് മധുവിനെ ചവിട്ടിയതെന്നും മധു തലയിടിച്ച് വീണതായും കോടതിയില്‍ സുരേഷ് മൊഴി നല്‍കി. ഹുസൈനെ സാക്ഷി തിരിച്ചറിഞ്ഞു. 

കൂറുമാറ്റം തടയാൻ സാക്ഷികൾക്ക് കഴിഞ്ഞ ദിവസം മുതൽ പൊലീസ് സംരക്ഷണം ഏർപ്പെടുത്തിയിരുന്നെങ്കിലും നീക്കം ലക്ഷ്യം കണ്ടിട്ടില്ല. ഇതാണ് ഇന്നത്തെ കൂറുമാറ്റവും തെളിയിക്കുന്നത്. സാക്ഷികളെ പ്രതികൾ ഒളിവിൽ പാർപ്പിച്ചാണ് കൂറുമാറ്റത്തിന് പ്രേരിപ്പിക്കുന്നതെന്ന് കുടുംബം ആരോപിച്ചിരുന്നു. 2018 ഫെബ്രുവരി 22നാണ് ഒരു സംഘം അക്രമികൾ ചേർന്ന് മധുവിനെ തല്ലിക്കൊല്ലുന്നത്.

Also Read: അട്ടപ്പാടി മധുകൊലക്കേസ്; കൂറുമാറിയ സാക്ഷികൾക്ക് എതിരെ പൊലീസ് അന്വേഷണം വേണം, പരാതി നല്‍കി കുടുംബം

താത്കാലിക വാച്ചർമാരെ പിരിച്ചുവിട്ടത് മൊഴി മാറ്റിയതിനാലെന്ന് റേഞ്ച് ഓഫീസർ

രണ്ട് വനംവാച്ചർമാരെ പിരിച്ചുവിട്ടത് അട്ടപ്പാടി മധു കേസിൽ കൂറുമാറിയതിനാലെന്ന് അട്ടപ്പാടി റേഞ്ച് ഓഫീസർ. രഹസ്യമൊഴി തിരുത്തിപ്പറഞ്ഞതാണ് നടപടിക്ക് കാരണമെന്ന് അട്ടപ്പാടി റേഞ്ച് ഓഫീസർ സി സുമേഷ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. പന്ത്രണ്ടാം സാക്ഷി അനിൽകുമാർ, പതിനാറാം സാക്ഷി അബ്ദുൽ റസാഖ് എന്നിവരെയാണ് പിരിച്ചുവിട്ടത്. സാക്ഷി പട്ടികയിൽ ഇനിയും വനംവാച്ചർമാരുണ്ട്. ഇവർക്ക് താക്കീത് എന്ന നിലയ്ക്ക് കൂടിയാണ് വനംവകുപ്പിന്‍റെ നടപടി.

അട്ടപ്പാടി മധു കേസിലെ പന്ത്രണ്ടാം സാക്ഷി അനിൽകുമാർ, പതിനാറാം സാക്ഷി അബ്ദുൽ റസാഖ് എന്നിവർക്കെതിരെയാണ് വനം വകുപ്പ് കഴിഞ്ഞ ദിവസം നടപടിയെടുത്തത്. ഇരുവരും താത്കാലിക വാച്ചർമാരായിരുന്നു. സർക്കാർ ശമ്പളം വാങ്ങി പ്രോസിക്യൂഷന് അനുകൂലമായി നൽകിയ രഹസ്യമൊഴി തിരുത്തിയതിനാണ് നടപടി. പ്രതികൾ സാക്ഷി പട്ടികയിൽ അവശേഷിക്കുന്ന വാച്ചർമാരെ സ്വാധീനിക്കാനുള്ള ശ്രമം കൂടി മുന്നിൽ കണ്ടാണ് നടപടി. കേസിന്‍റെ സാക്ഷി പട്ടികയിൽ ഇനിയും വനം വാച്ചർമാരുണ്ട്. ഇവർക്കുള്ള പരോക്ഷ താക്കീത് എന്ന നിലയ്ക്ക് കൂടിയാണ് മൊഴി മാറ്റിയവർക്കെതിരെ നടപടി സ്വീകരിച്ചത്.

click me!