
ദില്ലി: ഐടി ചട്ടം ഭേദഗതി ചെയ്ത് കേന്ദ്ര സർക്കാര്‍ വിഞ്ജാപനം പുറത്തിറക്കി. ഇന്ത്യന്‍ നിയമങ്ങള്‍ക്ക് കീഴില്‍ സാമൂഹിക മാധ്യമങ്ങളെ കൊണ്ടു വരുന്നതിന്‍റെ ഭാഗമായാണ് നടപടി. ഭേദഗതിയിലൂടെ സാമൂഹിക മാധ്യമങ്ങളിലെ പരാതി പരിഹരിക്കാൻ സർക്കാര്‍ തലത്തില്‍ സമിതി വരും. മൂന്ന് മാസത്തിനുള്ളിലാകും പരാതി പരിഹാര സമിതികള്‍ നടപ്പാകുക. ഉപയോഗ്താക്കളുടെ സുരക്ഷ കണക്കിലെടുത്താണ് പരാതി പരിഹാര സമിതകള്‍ കൊണ്ടു വരുന്നതെന്നാണ് സർക്കാർ വാദം. എന്നാല്‍ സാമൂഹിക മാധ്യമങ്ങളെ നിയന്ത്രിക്കാനുള്ള സർക്കാര്‍ നീക്കത്തിനെതിരെ നേരത്തെ ട്വിറ്റർ അടക്കമുള്ള സാമൂഹിക മാധ്യമങ്ങള്‍ വലിയ വിമർശനം ഉന്നയിച്ചിരുന്നു.
ഇലോൺ മസ്ക് ട്വിറ്റർ ഏറ്റെടുത്തു. ഇന്ത്യൻ വംശജനായ സിഇഒ പരാഗ് അഗ്രവാൾ അടക്കം നേതൃനിരയിലെ പ്രമുഖരെ പുറത്താക്കുകയായിരുന്നു ആദ്യ നടപടി. വരും ദിവസങ്ങളിൽ കൂടുതൽ പേർക്ക് ജോലി നഷ്ടമാകുമോ എന്ന ആശങ്കയിലാണ് ട്വിറ്റർ ജീവനക്കാർ.
ട്വിറ്ററിലെ എറ്റവും വലിയ കിറുക്കനെന്ന് വിശേഷിപ്പിക്കപ്പെട്ടയാൾ ഇനി ട്വിറ്ററിന്‍റെ മുതലാളി. പ്രതീക്ഷിച്ചത് പോലെ സിഇഒ പരാഗ് അഗ്രവാളിനെയും സിഎഫ്ഒ നെഡ് സെഗാലിനെയും പോളിസി മേധാവി വിജയ ഗഡ്ഡെയേയും പുറത്താക്കിക്കൊണ്ട് തുടക്കം. ട്വിറ്റർ ഏറ്റെടുക്കൽ മസ്ക് പ്രഖ്യാപിച്ചപ്പോൾ തന്നെ പരാഗ് തെറിക്കുമെന്ന് ഉറപ്പായിരുന്നു. ഇരുവരും തമ്മിൽ ട്വിറ്ററിൽ തന്നെ പലവട്ടം കൊമ്പുകോർക്കുകയും ചെയ്തു. പക്ഷേ പിരിഞ്ഞു പോകുമ്പോഴും പരാഗിനും സംഘത്തിനും നല്ല തുക നഷ്ടപരിഹാരം ലഭിക്കും, ട്വിറ്ററിലെ അവരുടെ ഓഹരികൾക്ക് അനുപാതികമായ പണം വേറെയും. ആരായിരിക്കും ട്വിറ്ററിന്‍റെ പുതിയ മേധാവിയെന്നറിയാൻ ഇനിയും കാത്തിരിക്കണം. തലകൾ ഇനിയും ഉരുളും എന്നുറപ്പാണ്. ട്വിറ്ററിലെ ജോലി ചെയ്യൽ രീതി ഉടച്ചു വാർക്കുമെന്ന് മസ്ക് വ്യക്തമാക്കി കഴിഞ്ഞു. കൂടുതൽ ആളുകളെ പിരിച്ചുവിടും.
നിലവിലെ ട്വിറ്ററിന്‍റെ രാഷ്ട്രീയ സമീപനം തന്നെ മാറും. ആർക്കും എന്തും ചെയ്യാവുന്ന ഇടമാകാൻ അനുവദിക്കില്ലെന്ന പ്രഖ്യാപനത്തിൽ തന്നെ പുതിയ നയം വ്യക്തമാണ്. ഡൊണാൾഡ് ട്രംപിനെ തിരിച്ചുകൊണ്ടുവരുമെന്ന് നേരത്തെ വ്യക്തമാക്കിയതുമാണ്. ചൈനീസ് വി ചാറ്റ് മാതൃകയിൽ ട്വിറ്ററിനെ ചാറ്റ് മുതൽ പണമിടപാട് വരെ ചെയ്യാൻ പറ്റുന്ന ഓൾ ഇൻ വൺ ആപ്പാക്കുമെന്ന സ്വപ്നമാണ് മസ്ക് മുമ്പും പങ്ക് വച്ചിട്ടുള്ളത്. ആളെ വെട്ടിക്കുറച്ച്, കെട്ടും മട്ടും മാറ്റി വരുമ്പോൾ ട്വിറ്റർ ട്വിറ്ററായിരിക്കുമോ എന്ന സംശയം മാത്രം ബാക്കി.