
ഗുരുഗ്രാം: ഉത്തരേന്ത്യയിൽ രൂക്ഷമായ വെട്ടുകിളി ശല്യം നിയന്ത്രിക്കാൻ കേന്ദ്ര സർക്കാർ ഊർജിത നീക്കം തുടങ്ങി. രാജസ്ഥാൻ, മധ്യപ്രദേശ്, ഉത്തർപ്രദേശ്, ഹരിയാന, ഗുജറാത്ത്, പഞ്ചാബ്, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിൽ വെട്ടുകിളി നിയന്ത്രണ പ്രവർത്തങ്ങൾ നടക്കുകയാണെന്ന് കേന്ദ്ര കൃഷി മന്ത്രാലയം അറിയിച്ചു.
60 കൺട്രോൾ ടീമുകളും 12 ഡ്രോണുകളും ഉപയോഗിച്ചാണ് നിയന്ത്രണ പ്രവർത്തനം. രാജസ്ഥാനിലാണ് കൂടുതൽ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. ഡ്രോൺ ഉപയോഗിച്ച് വെട്ടുകിളിയെ നിയന്ത്രിക്കുന്ന ആദ്യ രാജ്യമാണ് ഇന്ത്യയെന്നും കൃഷി മന്ത്രാലയം വ്യക്തമാക്കി.
ദേശീയ തലസ്ഥാന മേഖലയായ ഗുരുഗ്രാമിൽ നിന്നാണ് വീണ്ടും വെട്ടുകിളി ആക്രമണത്തിന്റെ റിപ്പോർട്ടുകൾ പുറത്ത് വന്നത്. കൃഷിയിടങ്ങൾക്ക് പിന്നാലെ നഗരത്തിലെ റസിഡൻഷ്യൽ മേഖലകളിൽ ഉൾപ്പെടെ വെട്ടുകിളി പറന്ന് എത്തിയതോടെ താമസക്കാർ പരിഭ്രാന്തിയിലായി. നിലവിൽ തെക്കു പടിഞ്ഞാറൻ ദില്ലി അതിർത്തി വഴി ഉത്തർപ്രദേശിലേക്കാണ് ഇവയുടെ സഞ്ചാരം. ഹരിയാനിൽ നിലവിൽ കാർഷിക വിളകൾക്ക് നാശനഷ്ടമില്ലെന്നാണ് റിപ്പോർട്ടുകൾ.
തെക്ക് പടിഞ്ഞാറൻ ദില്ലിയിലെ കർഷകർക്കും ദില്ലി സർക്കാർ ജാഗ്രത നിർദ്ദേശം നൽകി. നഗരമേഖലകൾ സഞ്ചാരപാതിയിൽ ഉൾപ്പെട്ടതോടെ ജനങ്ങൾക്കും ദില്ലി സർക്കാർ ജാഗ്രത നിർദ്ദേശം നൽകി. വെട്ടുകിളി വീടിനകത്ത് കയറാതിരിക്കാൻ വാതിലുകളും ജനാലകളും അടച്ചിടുക. ചെടികൾ പ്ലാസ്റ്റിക് കവറുകൾ കൊണ്ടു മൂടുക, വലിയ ശബ്ദം ഉണ്ടാക്കി ഇവയെ അകറ്റുക തുടങ്ങിയ നിർദ്ദേശങ്ങൾ നഗരത്തിലെ
താമസക്കാർക്ക് നല്കിയിട്ടുണ്ട്.
വെട്ടുകിളിക്കെതിരെ കീടനാശിനി തളിക്കാനും നിർദ്ദേശമുണ്ട്. ദില്ലി വിമാനത്താവളത്തിലും ജാഗ്രത നിർദ്ദേശം നൽകി. കഴിഞ്ഞ മാസം രാജസ്ഥാൻ, പഞ്ചാബ്, മധ്യപ്രദേശ് , യുപി സംസ്ഥാനങ്ങളിൽ വലിയ കൃഷി നാശം വെട്ടുകിളികൾ വരുത്തിയിരുന്നു. ഈ മാസം ആദ്യവാരം
കാലവര്‍ഷമെത്തിയതോടെ വെട്ടുകിളി സംഘം രാജസ്ഥാൻ, പാക്കിസ്ഥാന്‍ അതിര്‍ത്തിയിലെ മണൽ പ്രദേശത്തേക്ക് നീങ്ങിയിരുന്നു. എന്നാൽ ഉത്തരേന്ത്യയിൽ അനൂകൂല കാലവസ്ഥ ആയതോടെയാണ് വീണ്ടും സഞ്ചാരം തുടങ്ങിയത്. ഇന്ത്യയില്‍ വെട്ടുക്കിളി ആക്രമണമുണ്ടായേക്കുമെന്ന് ഫുഡ് ആൻറ് അഗ്രികൾച്ചർ ഓർഗനൈസേഷൻ, എഫ്എഓ എന്നീ ഏജൻസികൾ നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam