ബലാത്സംഗ കേസില്‍ അറസ്റ്റിലായ പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിന് പിന്തുണയുമായി രംഗത്തെത്തിയതിന് പിന്നാലെ ശ്രീനാദേവി കുഞ്ഞമ്മയോട് വിശദീകരണം തേടി ഡിസിസി
പത്തനംതിട്ട: ബലാത്സംഗ കേസില്‍ അറസ്റ്റിലായ പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിന് പിന്തുണയുമായി രംഗത്തെത്തിയതിന് പിന്നാലെ ശ്രീനാദേവി കുഞ്ഞമ്മയോട് വിശദീകരണം തേടി പത്തനംതിട്ട ഡിസിസി. ഇന്ത്യൻ നാഷണൽ കോൺഗ്രസിന്‍റെ പ്രഖ്യാപിത നയങ്ങൾക്കും നിലപാടുകൾക്കും വിരുദ്ധമായി അച്ചടക്ക നടപടിയുടെ ഭാഗമായി പാർട്ടിയിൽ നിന്നും പുറത്താക്കപ്പെട്ട രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ യെ പിൻതുണച്ച് സമൂഹ മാധ്യമങ്ങൾ വഴി അഭിപ്രായങ്ങൾ പ്രചരിപ്പിച്ചത് പൊതുജനങ്ങൾക്കിടയിൽ തെറ്റിദ്ധാരണയും അവമതിപ്പും ഉണ്ടാക്കിയെന്ന് ബോദ്ധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിൻ പ്രസ്താവന നടത്തുവാനുണ്ടായ സാഹചര്യത്തെക്കുറിച്ച് നേരിട്ടോ രേഖാമൂലമോ വിശദീകരണം നല്കണമെന്ന് കോൺഗ്രസ് പാർട്ടി അംഗവും ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർ പേഴ്സണുമായ ശ്രീനാദേവി കുഞ്ഞമ്മയോട് ആവശ്യപ്പെട്ടതായാണ് ഡിസിസി പ്രസിഡന്‍റ് പ്രൊഫ.സതീഷ് കൊച്ചുപറമ്പിൽ അറിയിച്ചത്. വിശദീകരണം തൃപ്തികരമല്ലെങ്കിൽ അച്ചടക്ക നടപടിക്ക് വിധേയയാകേണ്ടിവരുമെന്ന് വിശദീകരണ നോട്ടീസിൽ പറത്തിട്ടുണ്ട്. ഇത് സംബന്ധിച്ച് കെപിസിസി പ്രസിഡന്റ്, പ്രതിപക്ഷ നേതാവ് എന്നിവർ വിവരങ്ങൾ അന്വേഷിച്ചതായും സിസിസി പ്രസിഡന്റ് അറിയിച്ചു.
രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ചും നിലവിലെ പരാതികളിൽ സംശയം പ്രകടിപ്പിച്ചും പത്തനംതിട്ട ജില്ലാ പഞ്ചായത്ത് അംഗം ശ്രീനാദേവി കുഞ്ഞമ്മ കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. താൻ രാഹുൽ മാങ്കൂട്ടത്തിലിനൊപ്പമാണെന്നും അതിജീവിതയ്ക്കൊപ്പം നിൽക്കുമ്പോൾ തന്നെ 'അതിജീവിതന്റെ' ഭാഗം കൂടി കേൾക്കണമെന്നുമാണ് ശ്രീനാദേവി പറഞ്ഞത്. ഒന്നാമത്തെ പരാതിയിൽ പീഡന ആരോപണം നിലനിൽക്കില്ലെന്ന് കോടതി പറഞ്ഞിട്ടുണ്ടെന്നും രണ്ടാമത്തെ കേസിലും കോടതി സംശയം പ്രകടിപ്പിച്ചിട്ടുണ്ടെന്നും അവർ ചൂണ്ടിക്കാട്ടി. പുതിയ പരാതിയിൽ പെൺകുട്ടി ഉപദ്രവിക്കപ്പെട്ടു എന്ന് കേൾക്കുമ്പോൾ വേദനയുണ്ട്. എന്നാൽ, പീഡനത്തിന് ശേഷം പ്രതിക്ക് ചെരുപ്പ് വാങ്ങി നൽകി, ഫ്ലാറ്റ് വാങ്ങാൻ ശ്രമിച്ചു എന്നൊക്കെയുള്ള മൊഴികൾ കേൾക്കുമ്പോൾ ചില സംശയങ്ങൾ തോന്നുന്നില്ലേ എന്നായിരുന്നു ശ്രീനാദേവിയുടെ ചോദ്യം. പിന്നാലെ അതിജീവിത ശ്രാനാദേവിക്കെതിരെ പരാതി നൽകി.
പിന്നാലെ, അതിജീവിതക്കെതിരെ ശ്രീനാദേവി കുഞ്ഞമ്മ മുഖ്യമന്ത്രിക്കും പൊലീസ് മേധാവിക്കും പരാതി നല്‍കുകയും ചെയ്തിരുന്നു. ഇ-മെയില്‍ വഴിയാണ് പരാതി നല്‍കിയത്. തനിക്കെതിരെ തെറ്റായ പ്രചാരണം നടത്തുന്നു എന്നാണ് ശ്രീനാദേവിയുടെ ആരോപണം. അടിസ്ഥാനരഹിതമായ ആരോപണങ്ങളാണ് ഉന്നയിക്കുന്നത്. പൊതുസമൂഹത്തില്‍ തന്നെ കരിവാരിത്തേക്കുന്ന തരത്തിലാണ് അതിജീവിത പരാതി നല്‍കിയത്. അതിജീവിത ആരാണെന്ന് തനിക്ക് അറിയില്ലെന്നും ഇവർ പറഞ്ഞു. അതിജീവിതയെ താൻ അധിക്ഷേപിച്ചിട്ടില്ല. താനെന്നും സത്യത്തിനൊപ്പമാണ് നിലനില്‍ക്കുന്നത്. അതിജീവിത എന്ന നിലയില്‍ നിയമം തരുന്ന സംരക്ഷണത്തെ വ്യാജ പരാതികളിലൂടെ തനിക്കെതിരെ ഉപയോഗിക്കാൻ ശ്രമിച്ചെന്നും ശ്രീനാദേവി കുഞ്ഞമ്മ പരാതിയില്‍ പറയുന്നു.



