ശബരിമല സ്വർണ്ണക്കൊള്ള കേസിൽ പ്രതിയായ സ്‌പെഷ്യൽ തഹസിൽദാർ ശങ്കരദാസിനെ പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്

തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കൊള്ള കേസിൽ പ്രതിയായ സ്‌പെഷ്യൽ തഹസിൽദാർ ശങ്കരദാസിനെ പ്രത്യേക അന്വേഷണ സംഘം (SIT) അറസ്റ്റ് ചെയ്തു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ശങ്കരദാസിന്റെ അറസ്റ്റ് ആശുപത്രിയിലെത്തിയാണ് അന്വേഷണ സംഘം അറസ്റ്റ് രേഖപ്പെടുത്തിയത്. എസ് പി ശശിധരൻ ആശുപത്രിയിൽ എത്തിയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ശങ്കരദാസ് ഐ സി യുവിൽ ആയതിനാൽ, അറസ്റ്റ് വിവരം കൊല്ലം കോടതിയെ അറിയിക്കുകയും തുടർന്ന് മജിസ്‌ട്രേറ്റ് നേരിട്ട് ആശുപത്രിയിലെത്തി തുടർനടപടികൾ പൂർത്തിയാക്കുകയുമായിരുന്നു. നാളെ കൊല്ലം കോടതിയിൽ റിമാൻഡ് റിപ്പോർട്ട് സമർപ്പിക്കും. ഐ സി യുവിൽ നിന്ന് മുറിയിലേക്ക് ശങ്കരദാസിനെ മാറ്റിയെങ്കിലും ആശുപത്രിയിൽ തുടരും. ശബരിമലയുമായി ബന്ധപ്പെട്ട സ്വർണ്ണക്കവർച്ചാ കേസിൽ നിർണ്ണായകമായ ഒരു നീക്കമായാണ് ഈ അറസ്റ്റ് വിലയിരുത്തപ്പെടുന്നത്.

കൊടിമരം മാറ്റിസ്ഥാപിച്ചതിലും അന്വേഷണം

അതിനിടെ ശബരിമല സ്വര്‍ണക്കൊള്ളയുടെ അന്വേഷണ പരിധിയില്‍ കൊടിമരം മാറ്റിസ്ഥാപിച്ചതും ഉൾപ്പെടുത്തി. ശബരിമലയില്‍ 2017 ലാണ് കൊടിമരം മാറ്റിസ്ഥാപിച്ചത്. കൊടിമര നിർമ്മാണവും ഇനി എസ് ഐ ടി അന്വേഷിക്കും. പ്രയാർ ഗോപാലകൃഷ്‌ണൻ പ്രസിഡൻ്റായിരുന്നപ്പോഴാണ് കൊടിമരം മാറ്റിയത്. ഹൈക്കോടതി നിർദേശപ്രകാശം എസ്ഐടിയും ദേവസ്വം വിജിലൻസും അന്വേഷണം ആരംഭിച്ചിട്ടുണ്ട്. തന്ത്രി കണ്ഠര് രാജീവരുമായി ബന്ധപ്പെട്ട പലരില്‍ നിന്നും എസ് ഐ ടി സംഘം മൊഴിയെടുത്തിരുന്നു. അപ്പോഴാണ് കൊടിമരം മാറ്റിസ്ഥാപിച്ചത് സംബന്ധിച്ചുള്ള വിവരങ്ങള്‍ ലഭ്യമായത്. ഈ സാഹചര്യത്തിലാണ് 2017 ല്‍ കൊടിമരം മാറ്റിസ്ഥാപിച്ചതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ അന്വേഷണ പരിധിയിലേക്ക് കൊണ്ടുവരുന്നത്. 

പ്രയാർ ഗോപാലകൃഷ്‌ണൻ ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റ് ആയിരുന്ന സമയത്താണ് കൊടിമരം മാറ്റിസ്ഥാപിക്കുന്നത്. പഴയ കൊടിമരം ജീര്‍ണിച്ച അവസ്ഥയില്‍ ആയതോടെയാണ് മാറ്റിസ്ഥാപിക്കുന്നത്. കൊടിമരത്തിലുണ്ടായിരുന്ന വാജി വാഹനത്തിനും അഷ്ടദിക്ക് പാലകന്മാര്‍ക്കും വര്‍ഷങ്ങളുടെ പഴക്കം ഉണ്ടായിരുന്നു. രാജാവിന്‍റെ കാലഘട്ടത്തില്‍ സമ്മാനം ലഭിച്ചതാണെന്നാണ് രേഖകളില്‍ പറയുന്നത്. കൊടിമരം മാറ്റിസ്ഥാപിക്കുമ്പോള്‍ ഈ വാജി വാഹനം തന്ത്രിയുടെ പക്കല്‍ ഏല്‍പ്പിച്ചു. എന്നാല്‍, ദേവസ്വം വിജിലന്‍സിന്‍റെ അന്വേഷണത്തില്‍ അഷ്ടദിക്ക്പാലകന്മാര്‍ എവിടെയാണെന്ന കാര്യത്തില്‍ വ്യക്തതയില്ല. പഴയ കൊടിമരത്തിലുണ്ടായിരുന്ന വാജിവാഹനം തന്ത്രി കണ്ഠരര് രാജീവര് കൈവശം വെച്ചിരിക്കുകയായിരുന്നു. വർഷങ്ങൾ പഴക്കമുള്ള ശിൽപ്പമാണ് വാജിവാഹനം. 11കിലോ തൂക്കം വരുന്ന പഞ്ചലോഹത്തിൽ സ്വർണം പൊതിഞ്ഞതാണ് ഇത്. 2017 ലാണ് ശബരിമലയില്‍ ഉണ്ടായിരുന്ന വളരെ മൂല്യമുള്ള വാജിവാഹനം തന്ത്രി വീട്ടിലേക്ക് കൊണ്ടുപോയത്. കട്ടിളപ്പാളി കേസില്‍ തന്ത്രിയെ അറസ്റ്റ് ചെയ്തതിന് ശേഷം എസ് ഐ ടി സംഘം തന്ത്രിയുടെ വീട്ടില്‍ റെയ്ഡ് നടത്തുകയും വാജിവാഹനം കണ്ടെത്തി കസ്റ്റഡിയിൽ എടുക്കുകയുമായിരുന്നു.