
കൊച്ചി: നെടുമ്പാശ്ശേരി എയർപോർട്ട് റെയിൽവേ സ്റ്റേഷൻ നിർമാണത്തിന് കേന്ദ്ര റെയിൽവേ ബോർഡിന്‍റെ അനുമതി. എയർപോർട്ട് യാത്രക്കാരുടെ ചിരകാല സ്വപ്നമായ നെടുമ്പാശ്ശേരി എയർപോർട്ട് റെയിൽവേ സ്റ്റേഷൻ പദ്ധതിയുടെ നിർമാണം യാഥാര്‍ത്ഥ്യമാകാൻ പോവുകയാണ്. കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവിനെ ഈ മാസം കേന്ദ്ര മന്ത്രി ജോർജ് കുര്യൻ സന്ദർശിച്ചപ്പോൾ ഈ സ്റ്റേഷനുവേണ്ടിയുള്ള നടപടികൾ ത്വരിതപ്പെടുത്തുമെന്നു അദ്ദേഹം ഉറപ്പു കൊടുത്തിരുന്നു. കഴിഞ്ഞ കൊല്ലം വിൻഡോ-ട്രെയിലിങ് ഇൻസ്‌പെക്ഷൻ നടത്തിയപ്പോൾ റയിൽവേ മന്ത്രി തന്നെയാണ് ഉദ്യോഗസ്ഥർക് സ്റ്റേഷന്‍റെ സ്ഥാനവും മറ്റും കാണിച്ചുകൊടുത്തത്. ജോർജ് കുര്യൻ റെയിൽവേ മന്ത്രിക്ക് ഒപ്പം ഇൻസ്പെക്ഷനിൽ പങ്കെടുത്തിരുന്നു. വിമാന യാത്രക്കാർക്ക് വളരെ സൗകര്യപ്രദമായ ഈ റെയിൽവേ സ്റ്റേഷൻ നിർമാണത്തിന് വേണ്ട നടപടികൾ സ്വീകരിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവിനും ജോർജ് കുര്യൻ നന്ദി അറിയിച്ചു.
ഈ മാസം 17ന് റെയിൽവേ മന്ത്രിയെ കണ്ടെന്നും നെടുമ്പാശ്ശേരി റെയിൽവേ സ്റ്റേഷന്‍റെ കാര്യം അന്ന് ചർച്ചയായി, ഇപ്പോൾ റെയിൽവേ സ്റ്റേഷന് അംഗീകാരമായി. വൈകാതെ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിക്കും. രണ്ടുവർഷത്തിനകം നിർമ്മാണം പൂർത്തിയാക്കും. വന്ദേ ഭാരത് അടക്കമുള്ള എല്ലാ ട്രെയിനുകളും സ്റ്റേഷനിൽ നിർത്തും. വിമാനത്താവളത്തിന് വളരെ അടുത്താണ് റെയിൽവേ സ്റ്റേഷൻ വരിക. പ്രവാസികൾക്കും സാധാരണക്കാർക്കും വളരെ പ്രയോജനം ആകും എന്ന് അനുമതിയെ തുടര്‍ന്ന് പ്രതികരിച്ച കേന്ദ്രമന്ത്രി ജോർജ് കുര്യൻ പറഞ്ഞു.