ഇടുക്കി എയർസ്ട്രിപ്പിനെതിരെ കേന്ദ്രം; അനുമതി തേടിയിട്ടില്ലെന്ന് ഹൈക്കോടതിയിൽ സത്യവാങ്ങ്മൂലം

By Web TeamFirst Published Apr 29, 2022, 2:40 PM IST
Highlights

എൻസിസി കേഡറ്റുകളുടെ പരിശീലനത്തിനായിട്ടാണ് സംസ്ഥാന പിഡ‍ബ്ല്യൂഡി വകുപ്പ് സത്രത്തിൽ എയർ സ്ട്രിപ് നിർമിക്കുന്നത്. നി‍ർമ്മാണം ചോദ്യം ചെയ്ത് തൊടുപുഴ സ്വദേശി സമ‍ർപ്പിച്ച പൊതു താത്പര്യ ഹർജിയാണ് ഹൈക്കോടതിയുടെ പരിഗണനയിൽ ഉളളത്.

കൊച്ചി: ഇടുക്കി സത്രം എയർസ്ട്രിപ്പിനെതിരെ കേന്ദ്ര സർക്കാർ ഹൈക്കോടതിയിൽ. പെരിയാർ കടുവ സങ്കേതത്തിന് എയർ സ്ട്രിപ്പ് ഭീഷണിയാണെന്നാണ് കേന്ദ്ര സർക്കാർ സത്യവാങ്ങ്മൂലം. വണ്ടിപ്പെരിയാറിനടുത്ത് സത്രം ഭാഗത്ത് എയർസ്ട്രിപ്പ് നിർമ്മിക്കുന്നതിന് സംസ്ഥാന സര്‍ക്കാര്‍ അനുമതി തേടിയിട്ടില്ലെന്ന് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം ഹൈക്കോടതിയെ അറിയിച്ചു. പദ്ധതിക്കായി മുൻകൂർ അനുമതി തേടിയിട്ടില്ലെന്നും, വനം മന്ത്രാലയത്തിന്റെ അനുമതി പദ്ധതിക്ക് ആവശ്യമാണെന്നുമാണ് കേന്ദ്ര സർക്കാർ നിലപാട്. എൻസിസിക്കായി സംസ്ഥാന പിഡബ്ല്യൂഡിയാണ് എയർ സ്ട്രിപ് നി‍ർമ്മിക്കുന്നത്. 

പെരിയാർ കടുവാ സങ്കേതത്തിൽ നിന്ന് 630 മീറ്റർ അകലെ മാത്രമാണ് പദ്ധതി മേഖല. മൃഗങ്ങളുടെ സഞ്ചാരപാതയെ ബാധിക്കും എന്ന് മാത്രമല്ല അവയുടെ ആവാസ വ്യവസ്ഥയെ തകർക്കും. മൃഗങ്ങളുടെ പ്രജനന ശേഷി കുറയ്ക്കും. പക്ഷികൾ വരാതെയാകും. പാരിസ്ഥിതിക ദുർബല മേഖലയിൽ ഇത്തരമൊരു പദ്ധതി നടപ്പാക്കുന്നതിന് മുൻകൂർ അനുമതി വേണമെന്ന വ്യവസ്ഥകൾ പാലിച്ചില്ലെന്നും കേന്ദ്ര സർക്കാർ അറിയിച്ചു. 

എൻസിസി കേഡറ്റുകളുടെ പരിശീലനത്തിനായിട്ടാണ് സംസ്ഥാന പിഡ‍ബ്ല്യൂഡി വകുപ്പ് സത്രത്തിൽ എയർ സ്ട്രിപ് നിർമിക്കുന്നത്. നി‍ർമ്മാണം ചോദ്യം ചെയ്ത് തൊടുപുഴ സ്വദേശി സമ‍ർപ്പിച്ച പൊതു താത്പര്യ ഹർജിയാണ് ഹൈക്കോടതിയുടെ പരിഗണനയിൽ ഉളളത്.

click me!