തെരഞ്ഞെടുപ്പ് സമയത്തെ സൗജന്യ പദ്ധതികള്‍, ആശ്രദ്ധ വാഗ്ദാനങ്ങള്‍; സാമ്പത്തിക ദുരന്തമുണ്ടാക്കുമെന്ന് കേന്ദ്രം

Published : Aug 03, 2022, 02:45 PM ISTUpdated : Aug 03, 2022, 03:51 PM IST
തെരഞ്ഞെടുപ്പ് സമയത്തെ സൗജന്യ പദ്ധതികള്‍, ആശ്രദ്ധ വാഗ്ദാനങ്ങള്‍; സാമ്പത്തിക ദുരന്തമുണ്ടാക്കുമെന്ന് കേന്ദ്രം

Synopsis

സൗജന്യങ്ങള്‍ പ്രഖ്യാപിക്കുന്നതില്‍ നിന്ന് രാഷ്ട്രീയ പാര്‍ട്ടികളെ വിലക്കണമെന്ന ആവശ്യത്തെക്കുറിച്ച് പഠിക്കാന്‍ വിദഗ്ധ സമിതിക്ക് രൂപം നല്‍കുമെന്ന് സുപ്രീംകോടതി വ്യക്തമാക്കി.

ദില്ലി: തെരഞ്ഞെടുപ്പ് സമയത്ത് രാഷ്ട്രീയ പാര്‍ട്ടികള്‍ പ്രഖ്യാപിക്കുന്ന സൗജന്യ പദ്ധതികൾക്കെതിരെ കേന്ദ്രം സുപ്രീംകോടതിയില്‍. ആശ്രദ്ധമായുള്ള വാഗ്ദാനങ്ങളും, ജനപ്രിയ പദ്ധതികള്‍ പ്രഖ്യാപിക്കുന്നതും സാമ്പത്തിക ദുരന്തത്തിന് വഴിവയ്ക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍ കോടതിയിൽ പറഞ്ഞു. രാഷ്ട്രീയ പാര്‍ട്ടികള്‍ സൗജന്യങ്ങള്‍ വാഗ്ദാനം ചെയ്യുന്നതും, ജനപ്രിയ പദ്ധതികള്‍ പ്രഖ്യാപിക്കുന്നതും വോട്ടര്‍മാരില്‍ പ്രതികൂലമായ സ്വാധീനം ചെലുത്തും. അതിനാല്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഇതേക്കുറിച്ച് വിശദമായി പരിശോധിക്കണമെന്നും സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത ആവശ്യപ്പെട്ടു.

സൗജന്യങ്ങള്‍ പ്രഖ്യാപിക്കുന്നതില്‍ നിന്ന് രാഷ്ട്രീയ പാര്‍ട്ടികളെ വിലക്കണമെന്ന ആവശ്യത്തെക്കുറിച്ച് പഠിക്കാന്‍ വിദഗ്ധ സമിതിക്ക് രൂപം നല്‍കുമെന്ന് സുപ്രീംകോടതി വ്യക്തമാക്കി. ധനകാര്യ കമ്മീഷന്‍, നീതി ആയോഗ്, റിസേര്‍വ് ബാങ്ക് ഓഫ് ഇന്ത്യ, പ്രതിപക്ഷ പാര്‍ട്ടികള്‍ എന്നിവയുടെ പ്രതിനിധികള്‍ കൂടി ഉള്‍പെടുന്നതാകും സമിതിയെന്നും ചീഫ് ജസ്റ്റിസ് എന്‍ വി രമണ അറിയിച്ചു. സമിതിയെ സംബന്ധിച്ച് ഒരാഴ്ചയ്ക്കുള്ളില്‍ നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ ചീഫ് ജസ്റ്റിസ് കേസിലെ കക്ഷികളോട് നിര്‍ദേശിച്ചു. ബിജെപി നേതാവും അഭിഭാഷകനുമായ അശ്വിനി ഉപാധ്യായ നല്‍കിയ ഹര്‍ജിയിലാണ് കോടതി നിർദ്ദേശം. നിര്‍ദേശങ്ങള്‍ പരിഗണിച്ച ശേഷം അടുത്ത തിങ്കളാഴ്ച ഉത്തരവിറക്കുമെന്നും സുപ്രീംകോടതി വ്യക്തമാക്കി.

സംസ്ഥാന സർക്കാരുകളുടെ ജനപ്രിയ സൗജന്യ പദ്ധതികള്‍ വന്‍ സാമ്പത്തിക ബാധ്യതക്ക് കാരണമാകുന്നുവെന്ന് ഉന്നത കേന്ദ്രസർക്കാര്‍ ഉദ്യോസ്ഥര്‍ നേരത്തെ മുന്നറിയിപ്പ് നല്‍കിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള കൂടിക്കാഴ്ചയിലാണ് ഉദ്യോസ്ഥര്‍ ആശങ്ക രേഖപ്പെടുത്തിയത്. നിയന്ത്രണമുണ്ടായില്ലെങ്കില്‍ ശ്രീലങ്കയിലേയും ഗ്രീസിലെയും സാഹചര്യത്തിലേക്ക് ഇത് നയിക്കുമെന്നായിരുന്നു മുന്നറിയിപ്പ്. തെരഞ്ഞെടുപ്പുകളില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ മത്സരിച്ച് സൗജന്യങ്ങള്‍ വാഗ്ദാനം ചെയ്യുന്നതും ജനപ്രിയ പദ്ധതികളെന്ന പേരില്‍ പണമൊഴുക്കുന്നതും സാമ്പത്തിക സ്ഥിതിയെ ഗുരുതരമായി ബാധിക്കുന്നുവെന്നുമായിരുന്നു സെക്രട്ടറി തല ഉദ്യോഗസ്ഥർ മുന്നറിയിപ്പ് നല്‍കിയത്.

Also Read: സംസ്ഥാനങ്ങളുടെ സൗജന്യ പദ്ധതികൾ സാമ്പത്തിക പ്രതിസന്ധിക്ക് കാരണമാവും: മോദിക്ക് മുന്നറിയിപ്പുമായി ഉന്നതഉദ്യോഗസ്ഥർ

PREV
Read more Articles on
click me!

Recommended Stories

അതിദരിദ്ര മുക്തമായി പ്രഖ്യാപിച്ചാൽ മഞ്ഞക്കാർഡ് റദ്ദാക്കാൻ സാധ്യതയുണ്ടോ? ചോദ്യവുമായി എൻ.കെ. പ്രേമചന്ദ്രനും എം.കെ. രാഘവനും; ഉത്തരം നൽകി കേന്ദ്രം
നിയമപോരാട്ടത്തിന് രാഹുൽ മാങ്കൂട്ടത്തിൽ; മുൻകൂർ ജാമ്യാപേക്ഷ നാളെ ഹൈക്കോടതി പരിഗണിക്കും