ബഫർ സോണിൽ കേന്ദ്രം സുപ്രീം കോടതിയിൽ, പുന പരിശോധനാ ഹർജി നൽകി

By Web TeamFirst Published Sep 7, 2022, 4:37 PM IST
Highlights

കേന്ദ്ര വനം- പരിസ്ഥിതി മന്ത്രാലയമാണ് സുപ്രീം കോടതിയിൽ പുന പരിശോധനാ ഹർജി നൽകിയത്.

ദില്ലി : ബഫർസോൺ വിധിക്കെതിരെ കേന്ദ്ര വനംപരിസ്ഥിതി മന്ത്രാലയം സുപ്രീം കോടതിയില്‍ പുനപരിശോധനാ ഹർജി നല്‍കി. വിധിയില്‍ വ്യക്തത ഇല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കേന്ദ്രത്തിന്‍റെ ഹർജി. കേന്ദ്ര നടപടി കേരളം സ്വാഗതം ചെയ്തു. പശ്ചിമഘട്ട സംരക്ഷണത്തിനുള്ള അന്തിമ വിജ്ഞാപനം ആറുമാസത്തിനകം ഇറക്കാൻ ശ്രമിക്കുകയാണെന്ന് മന്ത്രാലയ വ്യത്തങ്ങൾ അറിയിച്ചു. 

സംരക്ഷിത വനമേഖലയ്ക്ക് ചുറ്റുമുള്ള ഒരു കിലോ മീറ്റർ പ്രദേശം ബഫർസോണായി നിലനിർത്തണമെന്ന ഉത്തരവില്‍ കൂടുതല്‍ വ്യക്തത തേടിയാണ് കേന്ദ്രം, സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്. വിധിക്കെതിരെ പുനപരിശോധനാ ഹർജി നല്‍കണമെന്ന് വനംമന്ത്രി എ കെ ശശീന്ദ്രന്‍ നേരത്തെ ദില്ലിയിലെത്തി കേന്ദ്രവനംമന്ത്രിയെ കണ്ട് നേരിട്ട് ആവശ്യപ്പെട്ടിരുന്നു. ഒരു കിലോമീറ്റർ ബഫർസോൺ നിശ്ചയിക്കുന്ന 44 എ, ഇതിനകമുള്ള നിർമ്മാണപ്രവർത്തനങ്ങൾക്ക് അനുമതി തേടണമെന്ന് നിർദ്ദേശിക്കുന്ന 44 ഇ എന്നീ ഖണ്ഡികകളിൽ വ്യക്തത തേടിയാണ് കേന്ദ്രം കോടതിയിലെത്തിയത്.  

ബഫർ സോണിൽ ഒഴിയാത്ത ആശങ്ക, 2019 ലെ ഉത്തരവ് റദ്ദാക്കേണ്ടതില്ലെന്ന് വനംമന്ത്രി ശശീന്ദ്രൻ

ബഫർസോൺ നിശ്ചയിക്കുന്നതിന് മുന്‍കാല പ്രാബല്യമുണ്ടോയെന്ന് വിധിയിൽ വ്യക്തതയില്ലെന്ന് ഹർജിയില്‍ പറയുന്നു. വിധി നടപ്പാക്കിയാല്‍ വിവിധ സംസ്ഥാനങ്ങളിലെ ജനങ്ങളെ കാര്യമായി ബാധിക്കുമെന്നും കേന്ദ്രത്തിന്‍റെ ഹർജിയിൽ പറയുന്നു. കേരളവും നേരത്തെ പുനപരിശോധനാ ഹർജി നല്കിയിരുന്നു. കേന്ദ്രസർക്കാർ പുനപരിശോധനാ ഹർജി നല്‍കിയ നടപടി സ്വാഗതാർഹമെന്ന് വനംമന്ത്രി എ കെ ശശീന്ദ്രന്‍ പറഞ്ഞു. കേരളത്തിലെ പ്രത്യേക സാഹചര്യം സുപ്രീം കോടതിയെ ബോധ്യപ്പെടുത്താന്‍ കേന്ദ്ര നടപടി സഹായിക്കുമെന്നും മന്ത്രി വ്യക്തമാക്കി. 

പശ്ചിമഘട്ട സംരക്ഷത്തിനുള്ള കരട് വിജ്ഞാപനമാണ് കഴിഞ്ഞ എട്ടു വർഷമായി നിലവിലുള്ളത്. ഇതിനു പകരം അന്തിമ വിജ്ഞാപനം ആറു മാസത്തിനകം ഇറക്കുമെന്ന സൂചനയും കേന്ദ്രം നല്കുന്നു. കേരളത്തിൽ ക്രൈസ്തവ സഭകൾ ഉൾപ്പടെ ഉന്നയിച്ച പരാതികളുണ്ടെന്നും കർണ്ണാടകയുടെ എതിർപ്പും തുടരുകയാണെന്നും കേന്ദ്രം സൂചന നല്കി. ബഫർ സോണിലുൾപ്പടെ കേന്ദ്ര നിലപാടിനെക്കുറിച്ച് കേരളത്തിൽ രാഷ്ട്രീയ താല്പര്യത്തോടെ തെറ്റിദ്ധാരണ പരത്തുകയാണെന്നും കേന്ദ്രം കുറ്റപ്പെടുത്തി.  

ബഫര്‍സോണ്‍: വിവര ശേഖരണത്തിന് ഉപഗ്രഹ സര്‍വേയ്ക്ക് പുറമേ നേരിട്ടുള്ള പരിശോധനയും

ബഫർസോണിൽ പുന:പരിശോധന ഹർജി കണ്ണിൽ പൊടിയിടാനെന്ന് താമരശേരി രൂപത

കോഴിക്കോട് : ബഫർ സോൺ വിഷയത്തിൽ സർക്കാരിനെതിരെ ഇടയ ലേഖനം. താമരശേരി രൂപതയിലെ പള്ളികളിലാണ് ഇടയ ലേഖനം വായിച്ചത്. സർക്കാർ കർഷകരെ വഞ്ചിക്കുന്നുവെന്ന് വിമർശനം.  റിവ്യൂ ഹർജി കർഷകരുടെ കണ്ണിൽ പൊടിയിടാൻ ആണ്. ഇതിനെതിരെ കർഷകർ പ്രതികരിക്കണമെന്നും ഇടയലേഖനം പറയുന്നു. പള്ളികൾ തോറും ഹെൽപ് ഡെസ്ക് രൂപീകരിച്ച് വിവര ശേഖരണം നടത്തുമെന്ന് ഇടയലേഖനത്തിൽ പറയുന്നു. ഇത് സുപ്രീം കോടതിക്കും എംപവേർഡ് കമ്മിറ്റിക്കും അയച്ചു കൊടുക്കുമെന്നും താമരശേരി രൂപതയിലെ പള്ളികളിൽ വായിച്ച ഇടയലേഖനം വ്യക്തമാക്കുന്നു. 

click me!