
തിരുവനന്തപുരം : പശ്ചിമഘട്ടത്തിലെ ജനവാസ പ്രദേശങ്ങളെ പരിസ്ഥിതി ലോല മേഖലകളുടെ പട്ടികയില്‍ ഉള്‍പ്പെടുത്താനുള്ള നീക്കത്തില്‍ നിന്ന് കേന്ദ്ര സര്‍ക്കാര്‍ പിന്മാറണമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു. ഇടുക്കി, വയനാട് ജില്ലകളിലെ 31 വില്ലേജുകളെ പൂര്‍ണമായും മറ്റ് ജില്ലകളിലെ 92 വില്ലേജുകളെ ഭാഗികമായും പരിസ്ഥിതി ലോല മേഖലകളില്‍ നിന്ന് ഒഴിവാക്കണമെന്ന കേരളത്തിന്റെ ആവശ്യമാണ് കേന്ദ്രസര്‍ക്കാര്‍ തള്ളിയത്.
വൈകാതെ അന്തിമവിജ്ഞാപനം വരുമെന്നാണ് റിപ്പോര്‍ട്ട്. ഈ വിഷയത്തില്‍ മലയോര ജനതയുടെ വികാരങ്ങള്‍ക്കൊപ്പം നിന്നുകൊണ്ട് ശക്തമായ ഇടപെടല്‍ ഉറപ്പാക്കാന്‍ ഇടതുപക്ഷ ജനാധിപത്യ മുന്നണി സര്‍ക്കാര്‍ പ്രത്യേകം ശ്രദ്ധിച്ചിരുന്നു. ഇതിന്റെ ഭാഗമായാണ് ജനവാസ കേന്ദ്രങ്ങള്‍, കൃഷിഭൂമി, തോട്ടങ്ങള്‍ എന്നിവ സംരക്ഷിച്ച് വനമേഖലയെ മാത്രം പരിസ്ഥിതി ലോല മേഖലാ പരിധിയില്‍ ഉള്‍പ്പെടുത്താന്‍ സര്‍ക്കാര്‍ കേന്ദ്ര വിദഗ്‌ധസമിതിക്ക് ശുപാര്‍ശ നല്‍കിയത്. ജില്ലാ കലക്‌ടര്‍ ചെയര്‍മാനായി ജില്ലാതല സ്‌ക്രൂട്ടിണി കമ്മിറ്റി രൂപീകരിക്കുകയും വിശദമായ പഠനം നടത്തുകയും കാര്‍ഷിക മേഖലയിലെ ജനങ്ങളുടെ അഭിപ്രായം പരിഗണിച്ചുമാണ് കേരളം കേന്ദ്രത്തിലേക്ക് ശുപാര്‍ശ സമര്‍പ്പിച്ചത്. ജില്ലാതല സ്‌ക്രൂട്ടിണി കമ്മിറ്റിയില്‍ വനം വകുപ്പിലേത് അടക്കമുള്ള വിദഗ്‌ധരും ഉണ്ടായിരുന്നു.
ഈ ശുപാര്‍ശയാണ് ആവശ്യമായ പരിശോധന പോലും നടത്താതെ വിദഗ്‌ധ സമിതി തള്ളിയത്. അനങ്ങാപ്പാറ നയം ഉപേക്ഷിച്ച്, കേന്ദ്രസര്‍ക്കാരിന്റെ ഈ നീക്കത്തെ ഗൗരവമായി സമീപിക്കാനും അടിയന്തര ഇടപെടല്‍ നടത്താനും സംസ്ഥാന സര്‍ക്കാര്‍ തയ്യാറാവണം. മലയോര ജനതയുടെ ജീവിതത്തില്‍ കരിനിഴല്‍ വീഴ്‌ത്താനുള്ള ഏത് നീക്കത്തെയും പ്രതിരോധിക്കാന്‍ സി.പി.ഐ (എം) രംഗത്തിറങ്ങും.
കസ്‌തൂരി രംഗന്‍ സമിതി ശുപാര്‍ശയില്‍ സംസ്ഥാനങ്ങളുമായി സമവായം ഉണ്ടാക്കാനാവാത്തതിനാലാണ് വിദഗ്‌ധ സമിതിയെ കേന്ദ്രസര്‍ക്കാര്‍ നിയോഗിച്ചത്. സംസ്ഥാനങ്ങളുടെ വിയോജിപ്പ് കണക്കിലെടുത്ത് സമവായമുണ്ടാക്കാന്‍ ശ്രമിക്കേണ്ട ഈ സമിതിയാണ്, കേരളത്തിന്റെ നിര്‍ദേശം തള്ളി ഏകപക്ഷീയമായ തീരുമാനം കൈക്കൊള്ളുന്നത്. ആവശ്യമായ ഫീല്‍ഡ് സര്‍വേ പോലും നടത്താതെയാണ് ഈ നടപടി എന്നത് വിഷയത്തിന്റെ ഗൗരവം വര്‍ധിപ്പിക്കുന്നു.
പരിസ്ഥിതി ലോല മേഖലയായി കേന്ദ്രം നിശ്ചയിച്ചതില്‍ നിന്ന് ജനവാസ കേന്ദ്രങ്ങള്‍, കൃഷിഭൂമി, തോട്ടങ്ങള്‍ എന്നിവ ഉള്‍പ്പെട്ട 123 വില്ലേജുകളിലെ 4,548 ചതുരശ്ര കിലോമീറ്റര്‍ ഭൂമി ഒഴിവാക്കണമെന്നായിരുന്നു കേരളത്തിന്റെ ആവശ്യം. ഇങ്ങനെ വരുമ്പോള്‍ 31 വില്ലേജുകള്‍ പൂര്‍ണമായും പരിസ്ഥിതി ലോല മേഖലയില്‍ നിന്ന് ഒഴിവാക്കപ്പെടുമായിരുന്നു. ഇതില്‍ 28 എണ്ണവും ഇടുക്കിയിലാണ്. ഈ നിര്‍ദേശങ്ങളാണ് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിനു കീഴിലെ വിദഗ്‌ധ സമിതി തള്ളിക്കളഞ്ഞിരിക്കുന്നത്.
വനഭൂമി കാത്തുസൂക്ഷിക്കുകയും പരിസ്ഥിതി സംരക്ഷിക്കുകയും ചെയ്യുമ്പോള്‍ തന്നെ, ജനങ്ങളുടെ ഭൂമിയും അവകാശങ്ങളും സംരക്ഷിക്കപ്പെടുന്നുവെന്നും ഉറപ്പാക്കുന്നതിന്റെ ഭാഗമായിരുന്നു എല്‍.ഡി.എഫ് സര്‍ക്കാരിന്റെ ഈ നീക്കം. ഈ പ്രദേശങ്ങള്‍ പരിസ്ഥിതി ലോലമായി പ്രഖ്യാപിച്ചാല്‍, നിരവധി സര്‍ക്കാര്‍ ഓഫീസുകള്‍, ആശുപത്രികള്‍, വിദ്യാലയങ്ങള്‍, വീടുകള്‍, ആരാധനാലയങ്ങള്‍ എന്നി കെട്ടിടങ്ങള്‍ പൊളിച്ച് നീക്കേണ്ടി വരും. പുതിയ നിര്‍മ്മാണം ഉള്‍പ്പെടെ എല്ലാ ആവശ്യങ്ങള്‍ക്കും നിരോധനമുണ്ടാകും. തലമുറകളായി ഈ ഭൂമിയില്‍ കൃഷി ചെയ്യുകയും ജീവിക്കുകയും ചെയ്യുന്ന ജനങ്ങളുടെ സുഗമമായ ജീവിതം ഉറപ്പാക്കാന്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ക്ക് ബാധ്യതയുണ്ട്.
എല്‍.ഡി.എഫ് സര്‍ക്കാരിന്റെ നിര്‍ദ്ദേശം നടപ്പിലായില്ലെങ്കില്‍ 45 ലക്ഷത്തോളം ജനങ്ങളെ പ്രതികൂലമായി ബാധിക്കും. മലയോരജനതയ്‌ക്ക് മേല്‍ നിയന്ത്രണങ്ങള്‍ അടിച്ചേല്‍പ്പിക്കാനുള്ള കേന്ദ്ര നീക്കത്തിനെതിരെ ശക്തമായ പ്രതിഷേധം ഉയര്‍ന്നുവരുമെന്ന് സംസ്ഥാന സെക്രട്ടറിയേറ്റ് മുന്നറിയിപ്പ് നല്‍കി.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam