പത്തനാപുരത്ത് സ്ഫോടക വസ്തുക്കള്‍ കണ്ടെത്തിയ സംഭവം; കേന്ദ്ര ഇന്‍റലിജന്‍സും അന്വേഷണം തുടങ്ങി

By Web TeamFirst Published Jun 15, 2021, 12:23 AM IST
Highlights

പാടം മേഖലയില്‍ തീവ്ര സ്വഭാവമുളള ചില സംഘടനകള്‍ കായിക പരിശീലനം നടത്തുന്നുവെന്ന സൂചനകള്‍ സമീപകാലത്ത് നാട്ടുകാരില്‍ നിന്ന് പൊലീസിന് കിട്ടിയിരുന്നു. 

കൊല്ലം:  പത്തനാപുരത്തിനടുത്ത് പാടം എന്ന സ്ഥലത്ത് ബോംബ് നിര്‍മാണത്തിനാവശ്യമായ വസ്തുക്കള്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തി. വനം വികസന കോര്‍പറേഷന് കീഴിലുളള കശുമാവിന്‍ തോട്ടത്തില്‍ നിന്നാണ് ഡിറ്റനേറ്ററുകളും ജലാറ്റിന്‍ സ്റ്റിക്കുകളുമടക്കമുളള സ്ഫോടക വസ്തുക്കള്‍ കണ്ടെത്തിയത്. സംഭവത്തെ പറ്റി സംസ്ഥാന പൊലീസിനു പുറമേ കേന്ദ്ര ഇന്‍റലിജന്‍സും അന്വേഷണം തുടങ്ങി.
 
രണ്ട് ജലാറ്റിന്‍ സ്റ്റിക്കുകളും, നാല് ഡിറ്റനേറ്ററുകളുമാണ് കണ്ടെത്തിയത്. ഒപ്പം ഇവ ഘടിപ്പിക്കാനുളള വയറും ബാറ്ററികളും കിട്ടി.വനം വകുപ്പിന്‍റെ ബീറ്റ് ഓഫിസര്‍മാര്‍ നടത്തുന്ന പതിവ് പരിശോധനയിലാണ് സ്ഫോടക വസ്തുക്കള്‍ കിട്ടിയത്. സ്ഫോടക വസ്തുക്കള്‍ ആരാണ് ഇവിടെ കൊണ്ടുവന്നത് എന്ന കാര്യത്തില്‍ സൂചനയൊന്നും കിട്ടിയിട്ടില്ലെന്നാണ് പൊലീസ് ഭാഷ്യം.
 
പാടം മേഖലയില്‍ തീവ്ര സ്വഭാവമുളള ചില സംഘടനകള്‍ കായിക പരിശീലനം നടത്തുന്നുവെന്ന സൂചനകള്‍ സമീപകാലത്ത് നാട്ടുകാരില്‍ നിന്ന് പൊലീസിന് കിട്ടിയിരുന്നു. ഇതേ കുറിച്ച് അന്വേഷണം നടക്കുന്നതിനിടെയാണ് സ്ഫോടക വസ്തുക്കളും കണ്ടെത്തിയിരിക്കുന്നത്. അതിനാല്‍ ഗൗരവത്തോടെയാണ് പൊലീസ് സംഭവത്തെ കാണുന്നത്. കേന്ദ്ര ഇന്‍റലിജന്‍സിന്‍റെ വിവര ശേഖരണത്തിന്‍റെ കാരണവും ഇതു തന്നെ. സമീപത്തെ പാറമടകളിലെ ആവശ്യത്തിനായി എത്തിച്ചതാണോ സ്ഫോടക വസ്തുക്കള്‍ എന്ന കാര്യവും പരിശോധിക്കുന്നുണ്ട്.


കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ  അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ്  അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും.  #BreakTheChain #ANCares #IndiaFightsCorona 

click me!