ലഭ്യത കുറയുന്ന വർഷങ്ങളിൽ മത്തി പിടിക്കുന്നതിന് നിയന്ത്രണം ഏർപ്പെടുത്തണം; വിദഗ്ദ്ധർ

By Web TeamFirst Published Aug 7, 2019, 1:20 PM IST
Highlights

മത്തി കുറയുന്നതിനു പിന്നിലെ കാരണങ്ങൾ കണ്ടെത്താൻ കേന്ദ്ര സമുദ്ര മത്സ്യ ഗവേഷണ കേന്ദ്രം നടത്തിയ വിദഗ്ദ്ധരുടെ ചർച്ചയിലാണ് ഈ അഭിപ്രായം ഉയർന്നത്.

കൊച്ചി: മത്തിയുടെ ലഭ്യത കുറയുന്ന വർഷങ്ങളിൽ ഇവയെ പിടിക്കുന്നതിന് നിയന്ത്രണം ഏർപ്പെടുത്തണമെന്ന് വിദഗ്ദ്ധർ. മത്തി കുറയുന്നതിനു പിന്നിലെ കാരണങ്ങൾ കണ്ടെത്താൻ കേന്ദ്ര സമുദ്ര മത്സ്യ ഗവേഷണ കേന്ദ്രം നടത്തിയ വിദഗ്ദ്ധരുടെ ചർച്ചയിലാണ് ഈ അഭിപ്രായം ഉയർന്നത്.

മുൻ കാലങ്ങളെ അപേക്ഷിച്ച് മത്തിയുടെ ലഭ്യതയിൽ അമ്പത്തി നാല് ശതമാനത്തിന്റെ കുറവാണ് കഴിഞ്ഞ വർഷം ഉണ്ടായത്. എൽനിനോ, പ്രജനനത്തിലെ താളപ്പിഴ, വളർച്ചാ മുരടിപ്പ്, അമിത മത്സ്യബന്ധനം എന്നിവയാണ് ഇതിനു കാരണമെന്നാണ് കണ്ടെത്തൽ. ഇത്തവണയും ലഭ്യതയിൽ കാര്യമായ വർദ്ധനവ് ഉണ്ടാകാനിടയില്ലെന്നാണ് സിഎംഎഫ്ആ‌ർഐയിലെ വിദഗ്ദ്ധർ പറയുന്നത്. ഈ നില തുടർന്നാൽ മത്തി പൂർണമായും ഇല്ലാതാകുമെന്നാണ് ആശങ്ക. ഇതിനൊരു പരിഹാരം കാണാനാണ് വിവിധ രംഗത്തെ വിദഗ്ദ്ധരെ ഉൾപ്പെടുത്തി ചർച്ച നടത്തുകയായിരുന്നു. 

സിഎംഎഫ്ആ‌ഐക്ക് പുറമെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓഷ്യാനോഗ്രഫി, സ്പേസ് ആപ്ലിക്കേഷൻ സെന്റർ, സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിഷറീസ് ടെക്നോളജി തുടങ്ങിയ സ്ഥാപനങ്ങളിൽ നിന്നുള്ളവർ ചർച്ചയിൽ പങ്കെടുത്തു. നിലവിൽ പത്തു സെന്റീമീറ്ററിൽ കൂടുതൽ വലിപ്പമുള്ള മീനുകളെ പിടിക്കാം. ഇത് പതിനഞ്ചു സെന്റീമീറ്ററാക്കി ഉയർത്തണമെന്നും അഭിപ്രായം ഉയർന്നു.

ഒമാൻ ചാളയടക്കും ഒരേ ജനിതക ഘടനയുള്ള മുന്നു തരം മത്തിയാണുള്ളത്. ഇവയ്ക്ക് വെവ്വേറെ പരിപാലന രീതികൾ തയ്യാറാക്കും. കാലാവസ്ഥ അനുകൂലമാകുന്നതോടെ ലഭ്യത വർദ്ധിക്കുമെന്നാണ് കണക്കു കൂട്ടൽ. ലഭ്യതയെ കുറിച്ച് ദീർഘ കാലാടിസ്ഥനത്തിലുള്ള പ്രവചനം നടത്തുന്നതിനുള്ള സംവിധാനം സിഎംഎഫആർഐ വികസിപ്പിക്കും. നിയന്ത്രണം ഏർപ്പെടുത്തുന്നതിന്റെ സാധ്യതകൾ പഠിക്കാൻ അടുത്ത ദിവസം സർക്കാരിന് കത്ത് നൽകും. മത്സ്യത്തൊഴിലാളികളുടെ സഹകരണത്തോടെ നിയന്ത്രണം നടപ്പാക്കാനാണ് ആലോചിക്കുന്നത്. തമിഴ്നാട് മുതൽ ഗുജറാത്ത് വരെയുള്ള കടൽ തീരത്താണ് നിയന്ത്രണം ഏർപ്പെടുത്തേണ്ടത്.

click me!