
ആലപ്പുഴ: പക്ഷിപ്പനി വ്യാപകമാവുന്ന സാഹചര്യത്തിൽ കേന്ദ്രത്തിൽ നിന്നുള്ള വിദഗ്ധ സംഘം നാളെ ആലപ്പുഴയിൽ എത്തിയേക്കും. ദില്ലി എയിംസിലെയും കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിലേയും വിദഗ്ദരാണ് പ്രതിരോധ നടപടികൾ വിലയിരുത്താൻ എത്തുന്നത്. താറാവുകൾ ഉൾപ്പെടെ രോഗബാധ സ്ഥിരീകരിച്ച വളർത്ത് പക്ഷികളെ കൊല്ലുന്ന നടപടികൾ കഴിഞ്ഞ ദിവസം മുതൽ ഹരിപ്പാട് കേന്ദ്രീകരിച്ച് തുടങ്ങിയിട്ടുണ്ട്.
പക്ഷിപ്പനി ആദ്യം സ്ഥിരീകരിച്ച വഴുതാനം പാടശേഖരത്തിന് ഒരു കിലോമീറ്റർ പരിധിയിലുള്ള വീടുകളിലെ വളർത്ത് പക്ഷികളെ ഇന്നലെ കൊന്നിരുന്നു. പ്രദേശത്തെ ചിലർ പക്ഷികളെ ഒളിപ്പിച്ചതായി ആരോഗ്യ വകുപ്പ് അധികൃതർക്ക് വിവരം ലഭിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിൽ ഈ മേഖലകളിൽ കൂടുതൽ പരിശോധന നടത്തും. പ്രദേശത്ത് നാളെ അണുനശീകരണ പ്രവർത്തനങ്ങൾ നടത്താനും തീരുമാനിച്ചിട്ടുണ്ട്.
അതേസമയം, പക്ഷിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തിൽ ഹരിപ്പാട് മേഖലയിൽ പക്ഷികളുടെ ഉപയോഗവും കച്ചവടവും കടത്തലും നിരോധിച്ച് ഉത്തരവിറങ്ങി. എടത്വ, തലവടി, തകഴി, തൃക്കുന്നപ്പുഴ, വീയപുരം, കുമാരപുരം, കരുവാറ്റ, ചെറുതന, ചെന്നിത്തല, ചിങ്ങോലി, ചേപ്പാട്, കാർത്തികപ്പള്ളി, പള്ളിപ്പാട്, ബുധനൂർ, ചെട്ടിക്കുളങ്ങര എന്നീ പഞ്ചായത്തുകളിലും ഹരിപ്പാട് നഗരസഭയിലുമാണ് നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam