
തിരുവനന്തപുരം: പാറശ്ശാലയിൽ കാമുകി നൽകിയ കഷായവും ജ്യൂസും കുടിച്ച യുവാവ് മരിച്ച സംഭവത്തിൽ നീതി തേടി മരിച്ച ഷാരോൺ രാജിന്‍റെ കുടുംബം ഹൈക്കോടതിയിലേക്ക്. ലോക്കൽ പൊലീസ് അന്വേഷണം കാര്യക്ഷമമല്ലെന്നും ക്രൈംബ്രാഞ്ച് അന്വേഷണം വേണമെന്നുമാണ് കുടുംബത്തിന്‍റെ ആവശ്യം. രണ്ട് ദിവസത്തിനകം അന്വേഷണ പുരോഗതിയില്ലെങ്കിൽ കോടതിയെ സമീപിക്കാനാണ് കുടുംബത്തിന്‍റെ തീരുമാനം. എന്നാൽ ആന്തരിക അവയവങ്ങളുടെ പരിശോധനാഫലം വന്നശേഷം ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തിൽ അന്വേഷണം നടത്താനാണ് പൊലീസിന്‍റെ തീരുമാനം.
സംഭവത്തിൽ വലിയ ദുരൂഹതയുണ്ടെന്ന് ഷാരോണിന്‍റെ ബന്ധുക്കൾ ആരോപിക്കുന്നത്. ഷാരോൺ രാജിനെ വിഷം നൽകി കൊല്ലുകയായിരുന്നുവെന്നാണ് മാതാപിതാക്കളുടെ പരാതി. അന്ധവിശ്വാസത്തിന്‍റെ ഭാഗമായി കാമുകി മകനെ വകവരുത്തിയാതാണെന്നും ആരോപണമുണ്ട്. ഷാരോണിന് കഷായം നൽകിയെന്ന് സമ്മതിച്ചും ക്ഷമാപണം നടത്തിയും കാമുകി അയച്ച വാട്സ് ആപ്പ് സന്ദേശവും ഇതിനോടകം പുറത്തുവന്നു. എന്നാൽ, ആന്തരികവായവങ്ങളുടെ പരിശോധന റിപ്പോര്‍ട്ട് കിട്ടിയ ശേഷം അന്വേഷണം ശക്തമാക്കാനാണ് പൊലീസ് തീരുമാനിച്ചിരിക്കുന്നത്.
കഴിഞ്ഞ മാസം 14നാണ് റെക്കോഡ് ബുക്ക് തിരിച്ച് വാങ്ങാൻ മൂന്നാംവര്‍ഷ ബിഎസ്എസി വിദ്യാര്‍ത്ഥിയായ ഷാരോൺ സുഹൃത്ത് റെജിനൊപ്പം തമിഴ്‍നാട്ടിലെ രാമവര്‍മ്മൻചിറയിലുള്ള കാമുകിയുടെ വീട്ടിലെത്തിയത്. സുഹൃത്തിനെ പുറത്ത് നിര്‍ത്തിയ ശേഷം വീടിനകത്തേക്ക് പോയ ഛർദ്ദിച്ചുകൊണ്ടാണ് തിരിച്ചിറങ്ങിയതെന്നാണ് റെജിൻ പറയുന്ന്. കാമുകി നൽകിയ കഷായവും ജ്യൂസും കുടിച്ച് അവശനായ ഷാരോൺ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കേ ചൊവ്വാഴ്ച മരിച്ചു. മറ്റൊരാളുമായി ഫെബ്രുവരിയിൽ നിശ്ചയിച്ചുറപ്പിച്ച വിവാഹം നടക്കാൻ വിഷം നൽകി കൊന്നുവെന്നാണ് ബന്ധുക്കളുടെ ആരോപണം.
ഷാരോണിനൊപ്പമുണ്ടായിരുന്ന സുഹൃത്ത് സംഭവ ശേഷം കാമുകി ഷാരോണിനും ഷാരോണിന്‍റെ ബന്ധുവിനും അയച്ച വാട്സ് ആപ്പ് സന്ദേശങ്ങളിലും കഷായവും ജ്യൂസും നൽകിയെന്ന കാര്യം വ്യക്തം. മരുന്ന് വാങ്ങി കഴിച്ചാൽ ഛര്‍ദ്ദിമാറുമെന്നും ഛര്‍ദിയിലെ നിറവ്യത്യാസം കഷായത്തിന്‍റേതാണെന്നുമാണ് സന്ദേശം. ബുദ്ധിമുട്ടുണ്ടായതിൽ ക്ഷാമപണവുമുണ്ട്. എന്നാൽ മജിസ്ട്രേറ്റിന് ഷാരോൺ നൽകിയ മൊഴിയിൽ ദുരൂഹമായൊന്നും പറഞ്ഞിട്ടില്ലെന്നാണ് പൊലീസ് വിശദീകരണം. കരളും വൃക്കയും തകരാറിലായി മരണം എന്നാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്.
അതേസമയം, ഷാരോണിൻ്റെ മരണത്തിൽ ഒരു പങ്കുമില്ലെന്നാണ് പെൺകുട്ടിയും കുടുംബവും പറയുന്നത്. മാധ്യമങ്ങൾക്ക് മുന്നിൽ പ്രതികരിക്കാൻ പക്ഷെ തയ്യാറായില്ല. ഷാരോണിന്‍റെ അച്ഛൻ നൽകിയ പരാതിയിൽ അസ്വാഭാവിക മരണത്തിനാണ് കേസ്. ഈമാസം ആദ്യം യൂണിഫോം ധരിച്ചെത്തിയ വിദ്യാര്‍ത്ഥി നൽകിയ പാനീയം കഴിച്ച് കളിയിക്കാവിള സ്വദേശി 11 വയസുള്ള അശ്വിൻ മരിച്ചതിന്‍റെ ദുരൂഹത നീങ്ങും മുമ്പാണ് സമാനതകളോടെ മറ്റൊരു മരണം കൂടി. ആന്തരികാവയവങ്ങളുടെ രാസപരിശോധന നടത്തിന്ന് സംശയങ്ങൾ തീർക്കാനാണ് പൊലീസിൻ്റെ ശ്രമം.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam