
ന്യൂഡൽഹി: കേരളത്തിന്റെ സ്വപ്ന പദ്ധതിയായ സിൽവർ ലൈൻ പ്രായോഗികമല്ലെന്നും നടപ്പാക്കാനാകില്ലെന്നും കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് രാജ്യസഭയിൽ വ്യക്തമാക്കി. സിൽവർ ലൈനിന് പകരം അതിവേഗ റെയിൽ പദ്ധതി പരിഗണിക്കാൻ കേന്ദ്രം തയ്യാറാണെന്നും, മെട്രോമാൻ ഇ ശ്രീധരന്റെ ഉപദേശങ്ങൾ രാജ്യം ആദരവോടെ സ്വീകരിക്കുമെന്നും ഇ ശ്രീധരന്റെ അതിവേഗ റെയിൽ പദ്ധതി പൂർണമായും സ്വീകരിക്കുന്നുവെന്ന് റെയിൽവേ മന്ത്രി അറിയിച്ചു. ഹാരീസ് ബീരാൻ എംപിയുടെ ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു അദ്ദേഹം.
സിൽവർ ലൈൻ വലിയ പാരിസ്ഥിതിക പ്രശ്നങ്ങളുണ്ടാക്കുമെന്നും അത് നിലവിലെ സാഹചര്യത്തിൽ അനുവദിക്കാനാകില്ലെന്നും മന്ത്രി പറഞ്ഞു. റെയിൽവേ പദ്ധതികളോട് കേരള സർക്കാർ തീരെ സഹകരിക്കുന്നില്ലെന്ന് മന്ത്രി കുറ്റപ്പെടുത്തി. പല പദ്ധതികൾക്കുമായി ഇതുവരെ 14 ശതമാനം ഭൂമി മാത്രമാണ് ഏറ്റെടുത്ത് നൽകിയത്. ഈ വേഗതയിൽ പദ്ധതികൾ എങ്ങനെ പൂർത്തിയാക്കുമെന്ന് അദ്ദേഹം ചോദിച്ചു. സിൽവർ ലൈനിന് പകരം അതിവേഗ റെയിൽവേ പദ്ധതിക്ക് കേരളം തയ്യാറാണെങ്കിൽ കേന്ദ്രം പിന്തുണയ്ക്കും. എന്നാൽ അതിന് ഭൂമി ഏറ്റെടുത്ത് നൽകാൻ സംസ്ഥാനം മുൻകൈ എടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഇ ശ്രീധരനെ രാജ്യം മുഴുവൻ ബഹുമാനിക്കുന്നു. അദ്ദേഹം റെയിൽവേയെ നയിക്കുന്നതിൽ അഭിമാനമേയുള്ളൂ. ഇപ്പോഴും അദ്ദേഹത്തിൽ നിന്ന് ഉപദേശങ്ങൾ സ്വീകരിക്കാറുണ്ട്, അശ്വിനി വൈഷ്ണവ് പറഞ്ഞു. രാജ്യത്ത് പുതുതായി പ്രഖ്യാപിച്ച ഏഴ് ഹൈസ്പീഡ് പദ്ധതികളിൽ ശ്രീധരന്റെ ഉപദേശങ്ങൾ തേടിയിട്ടുണ്ടെന്നും കേരളത്തിലെ അദ്ദേഹത്തിന്റെ ഇടപെടലുകൾ റെയിൽവേയ്ക്ക് ഗുണകരമാകുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
ശബരി പാതയുമായി ബന്ധപ്പെട്ട ഭൂമി ഏറ്റെടുക്കൽ നടപടികൾ മുഖ്യമന്ത്രി പെട്ടെന്ന് തുടങ്ങിയത് നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തതിനാലാണെന്ന് മന്ത്രി പരിഹസിച്ചു. തെരഞ്ഞെടുപ്പ് കഴിഞ്ഞാലും ഈ ആവേശം തുടരുമോ എന്ന് അറിയില്ലെന്നും, ബിജെപി അധികാരത്തിൽ വന്നാൽ പദ്ധതികൾ ഉറപ്പായും നടപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു. ജോൺ ബ്രിട്ടാസ് എം.പിയുടെ ചോദ്യങ്ങൾക്ക് മറുപടിയായിട്ടായിരുന്നു ഈ കടന്നാക്രമണം.
ഇ ശ്രീധരൻ്റെ ഓഫീസ് തുറക്കൽ കഴിഞ്ഞ ഇലക്ഷനിൽ കണ്ടതാണെന്ന് വീണ്ടും പരിഹാസവുമായി എത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ, അദ്ദേഹത്തിന് കേന്ദ്ര മന്ത്രിയുടെ പിന്തുണ ലഭിച്ചതിന് പിന്നാലെ ഏത് അതിവേഗ റെയിൽവേ പദ്ധതിയായാലും അംഗീകരിക്കുമെന്നും പറഞ്ഞു. ഇ ശ്രീധരൻ കേരളത്തിൻ്റെ മുഖ്യമന്ത്രിയായി സ്വയം പ്രഖ്യാപനം നടത്തി. എന്നാൽ ശ്രീധരൻ്റെ പദ്ധതിയുമായി ബന്ധപ്പെട്ട് ഒരു അനുമതിയും കേന്ദ്രം നൽകിയിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. പത്തനംതിട്ടയിൽ എൽഡിഎഫ് മധ്യ മേഖല ജാഥയിൽ സംസാരിക്കുകയായിരുന്നു പിണറായി വിജയൻ.
അതിവേഗ റെയിൽ ആരംഭിക്കാൻ കേന്ദ്രത്തിന്റെ അംഗീകാരം കിട്ടിയെന്നാണ് ഇ ശ്രീധരൻ പറയുന്നത്. അദ്ദേഹം ഓഫീസ് തുറന്നത് അദ്ദേഹത്തിന്റെ കാര്യമാണ്. അതുമായി ബന്ധപ്പെട്ട് കൂടുതൽ കാര്യങ്ങൾ പറയാൻ ഇല്ല. ഇതുമായി ബന്ധപ്പെട്ട് കേന്ദ്രത്തിന്റെ ഭാഗത്തുനിന്ന് ഒരു പ്രഖ്യാപനവും ഉണ്ടായിട്ടില്ല. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയുടെ ഓഫീസ് മാത്രമല്ല, എംഎൽഎ ഓഫീസും തിരഞ്ഞെടുപ്പ് സമയത്ത് ശ്രീധരൻ തുറന്നതാണ്. അതിവേഗ റെയിലുമായി ബന്ധപ്പെട്ട് ഒരു പോസിറ്റീവ് സമീപനവും കേന്ദ്രത്തിന്റെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam