
ഇടുക്കി: ചിന്നക്കനാലിൽ ഭീതി പടർത്തിയ കാട്ടാന ചക്കക്കൊമ്പന് റേഡിയോ കോളർ ഘടിപ്പിക്കാനായുള്ള ദൗത്യം മൂന്നാം ദിവസവും നിർത്തിവെച്ചു. വൈകിട്ട് 4 മണിക്ക് മയക്കുവെടി വച്ചിട്ടും പൂർണമായി മയങ്ങാത്ത ആന, ജലാശയത്തിലേക്ക് ഇറങ്ങിയത് അര മണിക്കൂറോളം ദൗത്യസംഘത്തെ ആശങ്കയിലാക്കി. തുടർന്ന് കരയ്ക്ക് കയറിയ ആന, അക്രമാസക്തനായി ദൗത്യ സംഘത്തിന് നേരെയും തിരിഞ്ഞു. ഉൾക്കാട്ടിലേക്ക് കയറ്റി വെടി വയ്ക്കാനായിരുന്നു ഏറ്റവും ഒടുവിലത്തെ ശ്രമമെങ്കിലും വെളിച്ചക്കുറവ് പ്രതിസന്ധിയായതോടെ ദൗത്യം നിർത്തിവെക്കാൻ വനം വകുപ്പ് തീരുമാനിക്കുകയായിരുന്നു. ഇനിയൊരു അറിയിപ്പുണ്ടാകുന്നത് വരെ ദൗത്യം ഉണ്ടാകില്ലന്ന് സിസിഎഫ് അറിയിച്ചു.
അതേസമയം, ചക്കക്കൊമ്പനെ മയക്കുവെടി വയ്ക്കുന്ന ദൗത്യം തത്കാലികമായി തടയണമെന്ന ഇടക്കാല ആവശ്യം ഹൈക്കോടതി അംഗീകരിച്ചില്ല. ഹർജിയിലെ സാങ്കേതിക പിഴവുകൾ തിരുത്തി നൽകാൻ കോടതി നിർദ്ദേശിച്ചു. സംഘടനയുടെ രജിസ്ട്രേഷൻ നമ്പർ സീലിൽ ഇല്ലാത്തതടക്കം ഹർജിയിൽ നിരവധി പിഴവുകളുണ്ടായിരുന്നു. ഇക്കാര്യം പരിഹരിച്ച് ഹർജി ഫയൽ ചെയ്യാൻ നിർദ്ദേശിച്ച കോടതി ഹർജി തിങ്കളാഴ്ച പരിഗണിക്കാനും തീരുമാനിച്ചു. കൊച്ചി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന സിയ, ജസ്റ്റിസ് ഫോർ സിറ്റിസൺ എന്നീ സംഘടനകളാണ് ഹർജി നൽകിയത്. ആനയെ ശാസ്ത്രീയമായല്ല മയക്കുവെടി വയ്ക്കുന്നതെന്നും അരിക്കൊമ്പന്റെ നിലവിലെ സ്ഥിതി വനംവകുപ്പ് ലഭ്യമാക്കണമെന്നും ആവശ്യപ്പെട്ടാണ് ഹർജി.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam