ബാറുകളിൽ നിന്ന് മദ്യം വാങ്ങുന്നതിനുള്ള പ്രായപരിധി 23 ആയി കർശനമാക്കുമെന്ന് എക്സൈസ് മന്ത്രി എം ലിജു. ഉത്തരവാദിത്തമുള്ള മദ്യവിതരണം ഉറപ്പാക്കുന്നതിനൊപ്പം ആളുകൾക്ക് നൽകുന്ന മദ്യത്തിന്റെ അളവിലും നിയന്ത്രണം കൊണ്ടുവരും.

തിരുവനന്തപുരം: ബാറുകളിൽ നിന്ന് മദ്യം വാങ്ങുന്നതിന് 23 വയസ് പ്രായപരിധി കർശനമാക്കുമെന്നും മദ്യപിച്ച് വാഹനം ഓടിക്കുന്നത് തടയാൻ നടപടി വേണമെന്നും എക്സൈസ് മന്ത്രി എം ലിജു. ബാറിൽ കയറി മദ്യപിക്കുന്നവർക്ക് മാത്രം അല്ല, ബാറിൽ മദ്യം നൽകുന്നതിനും ഉത്തരവാദിത്തം ഉറപ്പാക്കണം. ആളുകൾക്ക് നൽകുന്ന മദ്യത്തിന്റെ അളവിൽ നിയന്ത്രണം കൊണ്ടുവരുമെന്നും മന്ത്രി പറഞ്ഞു. റെസ്പോൺസബിൾ ആയ മദ്യ വിതരണം ഉറപ്പാക്കാനുള്ള ആശയങ്ങൾ മദ്യ നയത്തിൽ ഉണ്ടാകുമെന്ന സൂചനയാണ് എം ലിജു നൽകുന്നത്. ഏഷ്യാനെറ്റ് ന്യൂസിൻ്റെ അ​ഗോറയിൽ ഉത്തരവാദിത്ത മദ്യപാനം എന്ന സെഷനിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ബാറിൽ കയറി മദ്യപിക്കുന്നവർ അപകടകാരമായി വാഹനം ഓടിച്ചു പോകുന്നില്ലെന്ന് ഉറപ്പാക്കണം. മദ്യപിക്കുന്നത് കാരണം അപകടം കുടിക്കുന്ന ആൾക്കോ അയാൾ കാരണം മറ്റുള്ളവർക്കോ ഉണ്ടാകാതെ ഉറപ്പാക്കാൻ കഴിയുന്ന ചർച്ചകൾ വേണം. റെസ്പോൺസിബിൾ ഡിസ്ട്രിബൂഷൻ എങ്ങനെ വേണം എന്ന് ആലോചിക്കും. മയക്കു മരുന്ന് ഉപയോഗം കൂടി. മദ്യ ലഭ്യത കുറഞ്ഞത് കൊണ്ട് മയക്കു മരുന്ന് കൂടുന്നു എന്ന് പറയാൻ ആകില്ല. രണ്ടും രണ്ടായി തന്നെ കാണണം. മദ്യ ലഭ്യത കുറക്കാൻ നടപടി അനിവാര്യം. മദ്യത്തിന്റെ വീര്യം കുറച്ചത് കൊണ്ടും കാര്യം ഇല്ല. അത് കൊണ്ട് മദ്യ ഉപയോഗം കുറയില്ല. വീര്യം കുറഞ്ഞ മദ്യം ലഭ്യമാക്കണമെന്ന ആവശ്യത്തിൽ കൂടുതൽ പഠനം വേണമെന്നും മന്ത്രി പറഞ്ഞു.