
തൃശ്ശൂർ: നവകേരള സദസിന് പണം അനുവദിക്കില്ലെന്ന് ചാലക്കുടി നഗരസഭ. ഒരു ലക്ഷം രൂപ ആവശ്യപ്പെട്ട് കത്ത് ലഭിച്ചിട്ടുണ്ട്. വിവേചനാധികാരം ഉപയോഗിച്ച് സെക്രട്ടറി പണം നൽകിയാൽ പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് ചെയർമാൻ എബി ജോർജ് പറഞ്ഞു. നവകേരള സദസിന്റെ പേര് പറഞ്ഞ് രണ്ടാഴ്ചയായി ജീവനക്കാർ നഗരസഭയുടെ പ്രവർത്തനങ്ങൾ മുടക്കിയെന്ന് ആരോപിച്ച് കോൺഗ്രസ് ഭരിക്കുന്ന ഭരണപക്ഷം നഗരസഭാ ഓഫീസ് ഉപരോധിച്ചു.
ജില്ലയിലെ ഏക കോൺഗ്രസ് എംഎൽഎയുടെ മണ്ഡലമാണ് ചാലക്കുടി. നഗരസഭയും ഭരിക്കുന്നത് യുഡിഎഫാണ്. അടുത്ത ഏഴിന് ചാലക്കുടിയിൽ നടക്കുന്ന നവകേരള സദസിനോട് സമ്പൂർണമായി നിസ്സഹകരിക്കാനാണ് യുഡിഎഫിന്റെ തീരുമാനം. ഒരു ലക്ഷമാണ് സർക്കാർ ചോദിച്ചത്. തൊഴിലുറപ്പ് തൊഴിലാളികൾക്ക് തനത് ഫണ്ടിൽ നിന്നെടുത്ത് പണം നൽകിക്കൊണ്ടിരിക്കുന്ന നഗരസഭയോട് പണം ചോദിച്ചത് തന്നെ തെറ്റെന്നുമാണ് യുഡിഎഫിന്റെ ചെയർമാൻ പറയുന്നത്. പണം നൽകില്ല എന്ന് പ്രഖ്യാപിച്ചതിനൊപ്പം മുന്നോരുക്കങ്ങളുടെ ഭാഗമായ യോഗങ്ങൾക്ക് പോയ ഉദ്യോഗസ്ഥർക്കെതിരെ ഉപരോധസമരവും ഭരണപക്ഷം സംഘടിപ്പിച്ചു. മുന്നൊരുക്കങ്ങളുടെ പേരിൽ സെക്രട്ടറിയും എഞ്ചിനിയറിങ് വിഭാഗം ജീവനക്കാരും നഗരസഭയിലെ പണിമുടക്കിയെന്നാണ് ഭരണപക്ഷത്തിന്റെ ആരോപണം. ഇക്കൊല്ലം നടപ്പാക്കേണ്ട പദ്ധതികൾ ലാപ്സാക്കുന്നതിനുള്ള സർക്കാർ തന്ത്രമാണ് ഉദ്യോഗസ്ഥരെ ജോലിയിൽ നിന്ന് മാറ്റിനിർത്തിയിരിക്കുന്നതെന്നും ഭരണപക്ഷം കുറ്റപ്പെടുത്തുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam