നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിച്ച് തോൽക്കുന്നവരെ മറ്റു പദവികളിലേക്ക് പരിഗണിക്കില്ലെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ വ്യക്തമാക്കി. സ്വയം സ്ഥാനാർഥിത്വം പ്രഖ്യാപിക്കുന്നവർക്ക് സീറ്റുണ്ടാകില്ലെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. 

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിച്ച് തോൽക്കുന്നവരെ മറ്റു പദവികളിലേക്ക് പരിഗണിക്കില്ലെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ. അർഹതയുണ്ടായിട്ടും കഴിഞ്ഞ തെരഞ്ഞെടുപ്പുകളിൽ മത്സരിക്കാത്തവരെ പരിഗണിക്കും. ആരു സ്ഥാനാർഥി ആയാലും പാർട്ടി ജയിപ്പിക്കാൻ ഇറങ്ങണം. സ്വയം സ്ഥാനാർഥിത്വം പ്രഖ്യാപിക്കുന്നവർക്ക് സീറ്റുണ്ടാകില്ലെന്നും പാർട്ടി നടപടിയുണ്ടാകുമെന്നും പ്രചാരണ സമിതി യോഗത്തിൽ കെ സി വേണുഗോപാൽ മുന്നറിയിപ്പ് നൽകി.

Add Asianetnews as a Preferred SourcegooglePreferred

സച്ചിൻ പൈലറ്റ് അടക്കമുള്ള നിരീക്ഷകർ പങ്കെടുത്ത യോഗത്തിലാണ് സ്ഥാനാർത്ഥി മോഹികൾക്ക് കെ സി വേണുഗോപാൽ മുന്നറിയിപ്പ് നൽകിയത്. സീറ്റിന് വലിയ അവകാശവാദങ്ങൾ വേണ്ട. അർഹതയുണ്ടായിട്ടും കഴിഞ്ഞ തെരഞ്ഞെടുപ്പുകളിൽ മത്സരിക്കാത്തവരെ പരിഗണിക്കുമെന്നും കെ സി വേണുഗോപാൽ യോഗത്തിൽ വ്യക്തമാക്കി.

ചടുല നീക്കങ്ങളുമായി കോണ്‍ഗ്രസ്

യുഡിഎഫിന്‍റെ സീറ്റ് വിഭജന ചർച്ച വേഗം പൂർത്തിയാക്കി കോണ്‍ഗ്രസിന്‍റെ സ്ഥാനാർത്ഥി നിർണയത്തിലേക്ക് കടക്കാനാണ് ഇന്നത്തെ യോഗത്തിൽ തീരുമാനമായത്. ഭവന സന്ദർശനം അടക്കമുള്ള കാര്യങ്ങളിലേക്ക് നീങ്ങാനും തീരുമാനിച്ചു. കേന്ദ്ര തെരഞ്ഞെടുപ്പ് സമിതി യോഗം പൂര്‍ത്തിയാക്കി ഫെബ്രുവരി അവസാന വാരത്തോടെ ആദ്യ ഘട്ട സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിക്കാനാണ് ഹൈക്കമാന്‍ഡ് നീക്കം. അതേസമയം കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പട്ടികക്കൊപ്പം കെപിസിസി അധ്യക്ഷ സ്ഥാനത്ത് ചുമതല ആര്‍ക്കെന്നതിലും തീരുമാനം വന്നേക്കും. സണ്ണി ജോസഫ് മത്സരിക്കാന്‍ ധാരണയായതോടെ ബെന്നി ബെഹ്നാനടക്കം നേതാക്കളുടെ പേരുകളാണ് പരിഗണനയിലുള്ളത്.

പ്രചാരണ സമിതിയും, പ്രകടനപത്രിക സമിതിയും പ്രഖ്യാപിച്ച് വളരെ വേഗം തെരഞ്ഞെടുപ്പിലേക്ക് നീങ്ങുന്ന കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിക്കുന്നതിലും ചടുലമായ നീക്കമാണ് നടത്തുന്നത്. 25ന് മുന്‍പ് തെരഞ്ഞെടുപ്പ് സമിതി യോഗം ചേരാനാണ് ആലോചന. പാലക്കാട്, തൃപ്പൂണിത്തുറ മണ്ഡലങ്ങളൊഴിച്ച് സിറ്റിംഗ് എംഎല്‍എമാരുടെ പട്ടികയാകും ആദ്യം പുറത്തിറക്കുക. അങ്ങനെയെങ്കില്‍ കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ് പേരാവൂരില്‍ നിന്ന് തന്നെ ജനവിധി തേടും. മത്സരിക്കുന്ന കെപിസിസി അധ്യക്ഷന് പകരം പദവിയില്‍ ആരെന്നതിലും തീരുമാനം വരും. ബെന്നി ബെഹ്നാന്‍ എംപിയുടെ പേരിനാണ് മുന്‍ഗണന. കെസി ജോസഫ്, എംഎം ഹസന്‍ തുടങ്ങിയ നേതാക്കളുടെ പേരുകളും ചര്‍ച്ചയില്‍ വന്നിരുന്നു. കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച പ്രകടന പത്രിക സമിതിയുടെ ചെയര്‍മാനാണ് ബെന്നി ബെഹ്നാന്‍. ആന്‍റോ ആന്‍റണിയുടെ പേര് ചര്‍ച്ചയിലുണ്ടായിരുന്നെങ്കിലും പോറ്റി വിവാദവും, എന്‍എം രാജുവിന്‍റ വെളിപ്പെടുത്തലുമടക്കം വിനയായെന്നാണ് സൂചന.

YouTube video player