ചമ്രവട്ടം റെഗുലേറ്റർ കം ബ്രിഡ്ജ് അഴിമതി; ടി ഒ സൂരജ് അടക്കം 9 പേർക്കെതിരെ വിജിലൻസ് കേസെടുത്തു

By Web TeamFirst Published Feb 5, 2021, 2:27 PM IST
Highlights

പാലത്തിന്റെ അപ്രോച്ച് റോഡ് നിർമാണത്തിൽ രണ്ട് കോടി രൂപയുടെ നഷ്ടം സർക്കാരിന് ഉണ്ടാക്കി എന്നാണ് വിജിലൻസിന്റെ പ്രാഥമിക കണ്ടെത്തൽ. ഒൻപത് പേരാണ് പ്രതിപ്പട്ടികയിൽ ഉള്ളത്. 

കൊച്ചി: ചമ്രവട്ടം റെഗുലേറ്റർ കം ബ്രിഡ്ജ് അഴിമതി കേസിൽ മുൻ പൊതുമരാമത്ത് വകുപ്പ് സെക്രട്ടറി ടി ഒ സൂരജ് അടക്കം ഒൻപത് പേർക്കെതിരെ വിജിലൻസ് കേസെടുത്തു. എറണാകുളം വിജിലൻസ് യൂണിറ്റാണ് കേസെടുത്തത്. എഫ്ഐആർ മൂവാറ്റുപുഴ വിജിലൻസ് കോടതിയിൽ സമർപ്പിച്ചു

2012-13 കാലഘട്ടത്തിൽ മലപ്പുറം ജില്ലയിലെ ഭാരതപ്പുഴയുടെ കുറുകെ മേജർ ഇറിഗേഷൻ വകുപ്പ് നിർമ്മിച്ച ചമ്രവട്ടം റഗുലേറ്റർ കം ബ്രിഡ്ജിന്റെ അഞ്ച് അപ്രോച്ച് റോഡുകൾക്ക് ടെണ്ടർ വിളിക്കാതെ കരാർ നൽകിയെന്നാണ് കേസ്. പാലത്തിന്റെ അപ്രോച്ച് റോഡ് നിർമാണത്തിൽ രണ്ട് കോടി രൂപയുടെ നഷ്ടം സർക്കാരിന് ഉണ്ടാക്കി എന്നാണ് വിജിലൻസിന്റെ പ്രാഥമിക കണ്ടെത്തൽ. ഒൻപത് പേരാണ് പ്രതിപ്പട്ടികയിൽ ഉള്ളത്. അഞ്ച് പേർ കേരള സ്റ്റേറ്റ് കൺസ്ട്രക്ഷൻ കോർപറേഷൻ ഉദ്യോഗസ്ഥരാണ്. മൂന്ന് പേർ കരാർ കമ്പനിയായ സനാതന്‍ ഇന്‍ഫ്രാ സ്ട്രക്‌ച്ചേഴ്‌സ് ആന്റ് ഡെവലപ്പേഴ്‌സ് പ്രൈവറ്റ് ലിമിറ്റഡ് പ്രതിനിധികളാണ്.

സൂരജിനെ കൂടാതെ കേരള സ്റ്റേറ്റ് കൺസ്ട്രക്ഷൻ കോർപ്പറേഷൻ എംഡി കെ എസ് രാജു, ചീഫ് എഞ്ചിനീയർ പി കെ സതീശൻ, ജനറൽ മാനേജർ ശ്രീനാരായണൻ, മാനേജിംഗ് ഡയറക്ടർ പി ആർ സന്തോഷ് കുമാർ, ഫിനാൻസ് മാനേജർ ശ്രീകുമാർ, കരാറുകാരായ പി ജെ ജേക്കബ്, വിശ്വനാഥൻ വാസു, കുരീക്കൽ ജോസഫ് പോൾ എന്നിവർക്കെതിരെയാണ് കേസെടുത്തത്.

click me!