
തിരുവനന്തപുരം : രണ്ടാം ഇടത് സർക്കാരിൽ മന്ത്രിസഭാ പുനസംഘടനക്ക് സാധ്യത തെളിയുന്നു. സജി ചെറിയാൻ, എംവി ഗോവിന്ദൻ എന്നിവർക്ക് പകരമായി രണ്ട് മന്ത്രിമാർ പുതിയതായി വന്നേക്കുമെന്നാണ് ഏറ്റവും ഒടുവിൽ വരുന്ന സൂചന. എംവി ഗോവിന്ദൻ പാർട്ടി സെക്രട്ടറി സ്ഥാനത്തേക്ക് തെരഞ്ഞടുക്കപ്പെട്ടതിനാൽ ഒഴിവ് വന്ന തദ്ദേശ സ്വയംഭരണ- എക്സൈസ് വകുപ്പിലേക്കും ഭരണഘടനാ വിരുദ്ധ പ്രസംഗത്തിന്റെ പേരിൽ ഒഴിയേണ്ടി വന്ന സജി ചെറിയാന് പകരക്കാരനായി സാംസ്ക്കാരിക വകുപ്പിലേക്കുമാണ് പുതിയ മന്ത്രിമാരെത്തുക. വിഷയം വിപുലമായി ചർച്ച ചെയ്ത് തീരുമാനമെടുക്കാൻ സിപിഎം, 15 അംഗ സംസ്ഥാന സെക്രട്ടറിയേറ്റിനെ ചുമതലപ്പെടുത്തി. ഓണത്തിന് മുമ്പ് തന്നെ ഇക്കാര്യത്തിൽ തീരുമാനമുണ്ടായേക്കും.
അത്ര പോര എന്ന വിലയിരുത്തൽ തുടക്കത്തിൽ തന്നെയുണ്ടായ രണ്ടാം ഇടത് സർക്കാരിന്റെ ആദ്യ ക്യാബിനെറ്റ് പുന സംഘടന ഏത് രീതിയിലാകുമെന്നാണ് ഉറ്റുനോക്കപ്പെടുന്നത്. മികവില്ലെന്ന വിലയിരുത്തലുകളെ മറികടക്കാനാകും സിപിഎം ശ്രമിക്കുക. അങ്ങനെയെങ്കിൽ പുനസംഘടന വരുമ്പോൾ പ്രവർത്തന മികവ് കുറഞ്ഞ മന്ത്രിമാരെ മാറ്റിയേക്കുമോ എന്നതാണ് ശ്രദ്ധേയം.
എം വി ഗോവിന്ദൻ സിപിഎം സംസ്ഥാന സെക്രട്ടറി, കോടിയേരി ഒഴിഞ്ഞു
സുപ്രധാന വകുപ്പുകളിലൊന്നാണ് തദ്ദേശ സ്വയംഭരണം. അതിൽ തലപ്പത്തേക്ക് ഒരു മുതിർന്ന നേതാവിനെ തന്നെയാകും സിപിഎം ലക്ഷ്യമിടുക. അങ്ങനെയെങ്കിൽ വകുപ്പുകളിൽ ആകെ മാറ്റവും സാധ്യതയിലുണ്ട്. മറ്റൊരു സാധ്യത എംവി ഗോവിന്ദൻ ഒഴിയുന്ന തദ്ദേശ എക്സൈസ് വകുപ്പുകൾ മുഖ്യമന്ത്രി തന്നെ ഏറ്റെടുത്ത് പകരം മന്ത്രിയെ പിന്നീട് പ്രഖ്യാപിക്കാനാണ്. എന്നാൽ രണ്ട് മന്ത്രിമാരുടെ വകുപ്പുകൾ ഇത്തരത്തിൽ ഏറ്റെടുക്കുന്നത് അതത് വകുപ്പിന്റെ പ്രവർത്തന മികവ് കുറക്കുമെന്ന വിലയിരുത്തൽ പാർട്ടിക്കുള്ളിൽ നിന്നും തന്നെ ഉയരുന്നു. ഏതായാലും 15 അംഗ സംസ്ഥാന സെക്രട്ടറിയേറ്റാകും മന്ത്രി സഭാ പുനസംഘടനയിൽ തീരുമാനം വേണ്ടതെന്ന് നിശ്ചയിക്കുക.
CPM: 'സൗമ്യൻ, എല്ലാവർക്കും സ്വീകാര്യൻ', പാർട്ടിയെ ഇനി ഗോവിന്ദൻ നയിക്കും
തലപ്പത്ത് മാറ്റം, നേതൃത്വത്തിലേക്ക് ഗോവിന്ദൻ
സിപിഎം സംഘടനാ തലപ്പത്ത് വലിയ മാറ്റമാണ് കോടിയേരി ഒഴിയുന്നതിലൂടെ ഉണ്ടാകുന്നത്. അനാരോഗ്യം മൂലം
കോടിയേരിക്ക് ചുമതല നിർവഹിക്കാൻ കഴിയാത്ത സാഹചര്യത്തിലാണ് എം.വി.ഗോവിന്ദൻ സിപിഎം സംസ്ഥാന സെക്രട്ടറിയായെത്തുന്നത്. ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി, പിബി അംഗം പ്രകാശ് കാരാട്ട്, മുഖ്യമന്ത്രി പിണറായി വിജയൻ, പിബി അംഗങ്ങളായ എ.വിജയരാഘവൻ, എം.എ.ബേബി എന്നിവർ പങ്കെടുത്ത സംസ്ഥാന സമിതി യോഗമാണ് തീരുമാനമെടുത്തത്.
രാവിലെ ചേർന്ന സിപിഎം സംസ്ഥാന സംസ്ഥാന സെക്രട്ടേറിയറ്റ്, ഒഴിയാമെന്ന കോടിയേരി ബാലകൃഷ്ണന്റെ തീരുമാനത്തിന് അംഗീകാരം നൽകിയിരുന്നു. അവധിയിൽ പോകാം എന്ന നിർദേശം സെക്രട്ടേറിയറ്റ് മുന്നോട്ടു വച്ചെങ്കിലും ഒഴിയാമെന്ന നിലപാടിൽ ഉറച്ചു നിൽക്കുകയായിരുന്നു കോടിയേരി. തുടർന്ന് കോടിയേരിയുടെ തീരുമാനം സെക്രട്ടേറിയറ്റ് പകരക്കാരനെന്ന ചർച്ച എംവി ഗോവിന്ദനിലേക്ക് എത്തുകയുമായിരുന്നു. സംഘടനപരമായ നിലപാടിൽ ഉറച്ച് മുന്നോട്ടുപോകാനാണ് ഉദ്ദേശിക്കുന്നതെന്നാണ് തീരുമാനം പ്രഖ്യാപിച്ചതിന് പിന്നാലെ എം.വി.ഗോവിന്ദൻ മാധ്യമങ്ങളോട് പ്രതികരിച്ചത്. ചുമതല ഏൽപ്പിച്ചത് പാർട്ടിയാണ്. പല ഘട്ടങ്ങളിലും പല ചുമതലകളും പാർട്ടി ഏൽപ്പിച്ചിട്ടുണ്ട്. പരമാവധി എല്ലാവരേയും ചേർത്ത് മുന്നോട്ടു പോകുമെന്നും അദ്ദേഹം വ്യക്തമാക്കി.