CPM: 'സൗമ്യൻ, എല്ലാവർക്കും സ്വീകാര്യൻ', പാർട്ടിയെ ഇനി ഗോവിന്ദൻ നയിക്കും

Published : Aug 28, 2022, 02:01 PM ISTUpdated : Aug 28, 2022, 02:23 PM IST
CPM: 'സൗമ്യൻ, എല്ലാവർക്കും സ്വീകാര്യൻ', പാർട്ടിയെ ഇനി ഗോവിന്ദൻ നയിക്കും

Synopsis

രണ്ടാം പിണറായി മന്ത്രിസഭയിൽ മുഖ്യമന്ത്രി കഴിഞ്ഞാൽ രണ്ടാമൻ എന്ന പരിവേഷമാണ് അദ്ദേഹത്തിന് ഉണ്ടായിരുന്നത്

തിരുവനന്തപുരം: കോടിയേരി ബാലകൃഷ്ണനിൽ നിന്ന് സിപിഎം സംസ്ഥാന സെക്രട്ടറി സ്ഥാനം എം.വി.ഗോവിന്ദനിലേക്ക് എത്തുമ്പോൾ പാർട്ടിയിലെ കണ്ണൂർ ആധിപത്യം തുടരുകയാണ്. എന്നാൽ കണ്ണൂരുകാരൻ എന്നത് മാത്രമല്ല, ഒപ്പം പരിഗണിക്കപ്പെട്ടിരുന്ന എ.വിജയരാഘവനെയും ഇ.പി.ജയരാജനെയും എ.കെ.ബാലനെയും മറികടക്കാൻ ഗോവിന്ദന് തുണയായത്. നിലപാടിലെ മൃദുത്വവും സ്വീകാര്യതയും അദ്ദേഹത്തിന് തുണയായി. പ്രധാന നേതാക്കളുടെ അഭാവത്തിൽ രണ്ടാം പിണറായി മന്ത്രിസഭയിൽ മുഖ്യമന്ത്രി കഴിഞ്ഞാൽ രണ്ടാമൻ എന്ന പരിവേഷമാണ് അദ്ദേഹത്തിന് ഉണ്ടായിരുന്നത്. 

ഉപജീവനമായി തെരഞ്ഞെടുത്ത അധ്യാപനം തന്നെയായിരുന്നു പാർട്ടി വേദികളിലും ഗോവിന്ദന്റെ നിയോഗം. സ്റ്റഡി ക്ലാസുകൾക്ക് നേതൃത്വം നൽകിയ അദ്ദേഹം സഹപ്രവർത്തകർക്കും അണികൾക്കും ഗോവിന്ദൻ മാസ്റ്ററായിരുന്നു. അണികൾ എം.വി.ഗോവിന്ദന് സൈദ്ധാന്തിക പരിവേഷം നൽകിയത് അദ്ദേഹത്തിന്റെ സ്റ്റഡി ക്ലാസുകൾക്കുള്ള അംഗീകാരം എന്ന നിലയിൽ കൂടിയായിരുന്നു. പാർട്ടി വിദ്യാഭ്യാസത്തിന്റെ ചുമതലയിൽ നിന്നാണ് രണ്ടാം പിണറായി സർക്കാരിലെ രണ്ടാമൻ എന്ന നിലയിലേക്ക് അദ്ദേഹം എത്തിയത്.

എം വി ഗോവിന്ദൻ സിപിഎം സംസ്ഥാന സെക്രട്ടറി, കോടിയേരി ഒഴിഞ്ഞു

ഇടതു കോട്ടയായ തളിപ്പറമ്പിൽ, സിറ്റിംഗ് എംഎൽഎ ജെയിംസ് മാത്യുവിന് പകരക്കാരനായാണ് കഴിഞ്ഞ വ‍ർഷം അദ്ദേഹം എത്തിയത്. 22,689 വോട്ടുകൾക്കായിരുന്നു ജയം. ജയിച്ച് മന്ത്രിസഭയിലെത്തിയ അദ്ദേഹം തദ്ദേശ സ്വയംഭരണ മന്ത്രി ചുമതലയിലാണ് നിയോഗിക്കപ്പെട്ടത്. മന്ത്രി എന്ന നിലയിൽ അദ്ദേഹത്തിന്റെ കാര്യക്ഷമതയിലോ പോരായ്മകൾ ചൂണ്ടിക്കാണിക്കപ്പെട്ടെങ്കിലും സംഘടനാ രംഗത്തെ മികവ് സംസ്ഥാന സെക്രട്ടറി പദവിയിലേക്കെത്തിച്ചു.  

പിണറായി 2.0: രണ്ട് പേർ കൂടി മന്ത്രിസഭയിലേക്ക്, മുഖം മിനുക്കാൻ വരുന്നതാരൊക്കെ? തീരുമാനിക്കാൻ സെക്രട്ടറിയേറ്റ്
1970ൽ പാർട്ടി അംഗത്വമെടുത്ത ഗോവിന്ദൻ, ഡിവൈഎഫ്ഐയുടെ ആദ്യ സംസ്ഥാന പ്രസിഡന്റായി, പിന്നീട് സെക്രട്ടറിയും. അടിയന്തരാവസ്ഥക്കാലത്ത് ജയിൽവാസം അനുഭവിച്ചു. പൊലീസ് മർദ്ദനം ഏറ്റുവാങ്ങി. 91ൽ ആണ് സംസ്ഥാന കമ്മിറ്റിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. 96ലും 2001ലും തളിപ്പറമ്പിൽ നിന്ന് ജയിച്ച് എംഎൽഎ ആയി. 2002 മുതൽ 2006 വരെ സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറിയായും പ്രവർത്തിച്ചു. 'യുവജന പ്രസ്ഥാനത്തിന്റെ ചരിത്രം ആശയ സമരങ്ങളുടെ പശ്ചാത്തലത്തിൽ' എന്ന പേരിൽ ഡ‍ിവൈഎഫ്ഐ രൂപീകരണ കാലത്ത് എഴുതിയ പുസ്തകം ഇന്നും യുവജന സംഘടനകളുടെ റഫറൻസ് ഗ്രന്ഥമാണ്.

ആന്തൂർ നഗരസഭ ചെയർപേഴ്സൺ ആയിരുന്ന പി.കെ.ശ്യാമളയാണ് ഭാര്യ. മൊറാഴയിലെ കെ.കുഞ്ഞമ്പുവാണ് (പരേതൻ) അച്ഛൻ. എം.വി.മാധവിയാണ് അമ്മ.

PREV
Read more Articles on
click me!

Recommended Stories

ഒരു സിനിമ പോലെ തന്നെ അവസാനിക്കുന്നു... ഭയം തോന്നുന്നില്ലേ, കുറിപ്പുമായി പി പി ദിവ്യ; നിയമപോരാട്ടം അവസാനിപ്പിക്കരുതെന്ന് പ്രതികരണം
അതിജീവിത നീതിനിഷേധത്തിന്റെ ഷോക്കിൽ; അപ്പീലിൽ തീരുമാനമെടുത്തിട്ടില്ല, അവൾക്കൊപ്പം നിന്നവരും കടുത്ത നിരാശയിൽ