Asianet News MalayalamAsianet News Malayalam

എം വി ഗോവിന്ദൻ സിപിഎം സംസ്ഥാന സെക്രട്ടറി, കോടിയേരി ഒഴിഞ്ഞു

കോടിയേരിക്ക് ചുമതല നിർവഹിക്കാൻ കഴിയാത്ത സാഹചര്യത്തിൽ ആണ് തീരുമാനമെന്നാണ് വിശദീകരണം

M V Govindan elected as CPM State Secretary. Kodiyeri quits
Author
Thiruvananthapuram, First Published Aug 28, 2022, 1:27 PM IST

തിരുവനന്തപുരം: എം.വി.ഗോവിന്ദൻ സിപിഎം സംസ്ഥാന സെക്രട്ടറി. കോടിയേരി ബാലകൃഷ്ണന് പകരക്കാരനായി എം.വി.ഗോവിന്ദനെ സിപിഎം നിയോഗിച്ചു. കോടിയേരിക്ക് ചുമതല നിർവഹിക്കാൻ കഴിയാത്ത സാഹചര്യത്തിൽ ആണ് തീരുമാനമെന്നാണ് വിശദീകരണം. ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി, പിബി അംഗങ്ങളായ പ്രകാശ് കാരാട്ട്, മുഖ്യമന്ത്രി പിണറായി വിജയൻ, എം.എ.ബേബി, എ.വിജയരാഘവൻ എന്നിവർ പങ്കെടുത്ത സംസ്ഥാന സമിതി യോഗമാണ് തീരുമാനമെടുത്തത്. ഇ.പി.ജയരാജന്റെ അധ്യക്ഷതയിലായിരുന്നു സംസ്ഥാന സമിതി ചേർന്നത്. 

രാവിലെ ചേർന്ന സിപിഎം സംസ്ഥാന സംസ്ഥാന സെക്രട്ടേറിയറ്റ്, ഒഴിയാമെന്ന കോടിയേരി ബാലകൃഷ്ണന്റെ തീരുമാനത്തിന് അംഗീകാരം നൽകിയിരുന്നു. അവധിയിൽ പോകാം എന്ന നിർദേശം സെക്രട്ടേറിയറ്റ് മുന്നോട്ടു വച്ചെങ്കിലും ഒഴിയാമെന്ന നിലപാടിൽ ഉറച്ചു നിൽക്കുകയായിരുന്നു കോടിയേരി. തുടർന്ന് ഈ തീരുമാനം സെക്രട്ടേറിയറ്റ് അംഗീകരിച്ചു. കോടിയേരിക്ക് പകരക്കാരനെ നിശ്ചയിക്കുന്നതിനെ ചൊല്ലിയായിയരുന്നു പിന്നീട് ചർച്ച. പിബി അംഗം എ.വിജയരാഘവൻ,കേന്ദ്ര കമ്മിറ്റി അംഗങ്ങളായ എ.കെ.ബാലൻ, ഇ.പി.ജയരാജൻ എന്നിവരുടെ പേരുകളായിരുന്നു പരിഗണനയിൽ. സെക്രട്ടേറിയറ്റ് യോഗത്തിന് ശേഷം മുഖ്യമന്ത്രി കോടിയേരിയെ നേരിൽക്കണ്ട് തീരുമാനം അറിയിച്ചിരുന്നു. ആരോഗ്യ പ്രശ്നങ്ങളെ തുടർന്ന് കോടിയേരി യോഗത്തിൽ പങ്കെടുത്തിരുന്നില്ല. നാളെ അദ്ദേഹം ചികിത്സയ്ക്കായി ചെന്നൈക്ക് തിരിക്കും.

'ചുമതല ഏൽപ്പിച്ചത് പാർട്ടി'

സംഘടനപരമായ നിലപാടിൽ ഉറച്ച് മുന്നോട്ടുപോകാനാണ് ഉദ്ദേശിക്കുന്നതെന്ന് എം.വി.ഗോവിന്ദൻ പറഞ്ഞു. പരമാവധി എല്ലാവരേയും ചേർത്ത് മുന്നോട്ടു പോകുമെന്നും അദ്ദേഹം വ്യക്തമാക്കി. ചുമതല ഏൽപ്പിച്ചത് പാർട്ടിയാണ്. പല ഘട്ടങ്ങളിലും പല ചുമതലകളും പാർട്ടി ഏൽപ്പിച്ചിട്ടുണ്ടെന്നും ഗോവിന്ദൻ പറഞ്ഞു. മന്ത്രിസ്ഥാനം ഒഴിയുമോ, മന്ത്രിസഭയിലെ പകരക്കാരൻ ആര് എന്നുള്ള ചോദ്യങ്ങൾക്ക് പാർട്ടി തീരുമാനിക്കും എന്നായിരുന്നു പ്രതികരണം. സംസ്ഥാന സെക്രട്ടറിയായി നിയോഗിക്കപ്പെട്ട ശേഷം, കോടിയേരി ബാലകൃഷ്ണനെ എം.വി.ഗോവിന്ദൻ സന്ദർശിച്ചു.

നിലവിൽ കേന്ദ്ര കമ്മിറ്റി അംഗമാണ് എം വി ഗോവിന്ദൻ. സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി, സിപിഎം സംസ്‌ഥാന കമ്മിറ്റി അംഗം, കർഷക തൊഴിലാളി യൂണിയൻ ജില്ലാ പ്രസിഡന്റ്, ആദിവാസി ക്ഷേമ സമിതി ജില്ലാ സെക്രട്ടറി, മലബാർ ടൂറിസം സൊസൈറ്റി ചെയർമാൻ എന്നീ ചുമതലകൾ അദ്ദേഹം നിർവഹിച്ചിരുന്നു.

Follow Us:
Download App:
  • android
  • ios