
കോട്ടയം: പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പില്‍ ഉമ്മന്‍ചാണ്ടിയുടെ ജനപക്ഷ രാഷ്ട്രീയത്തിന്റെ തുടർച്ചയുണ്ടാവും എന്ന ഉറപ്പുമായി ജനങ്ങളെ സമീപിച്ച യുഡിഎഫ് സ്ഥാനാര്‍ഥി ചാണ്ടി ഉമ്മന്‍, വാക്കിലും നോക്കിലും ശൈലിയിലും ഉമ്മന്‍ചാണ്ടിയെ ഓര്‍മിപ്പിച്ചു. 53 വര്‍ഷം ഉമ്മന്‍ചാണ്ടിയെ ചേര്‍ത്തുപിടിച്ച പുതുപ്പള്ളി, 'ഇതാണ് ഞങ്ങളുടെ ജൂനിയര്‍ കുഞ്ഞൂഞ്ഞ്' എന്ന് പറഞ്ഞ് ചാണ്ടി ഉമ്മന് മിന്നുന്ന വിജയം സമ്മാനിക്കുകയും ചെയ്തു.
"എന്‍റെ പിതാവിന് പകരമാവാൻ എനിക്ക് സാധിച്ചേക്കില്ല. പക്ഷേ ഉമ്മൻചാണ്ടി എന്ന നേതാവ് പകർന്നു തന്ന ജനപക്ഷ രാഷ്ട്രീയത്തിന്റെ കരുത്തും വിശ്വാസ്യതയും സത്യസന്ധതയും സുതാര്യതയും പിന്തുടരുമെന്ന് ഉറപ്പ് നൽകുന്നു. പുതുപ്പള്ളിയുടെ ജനപ്രതിനിധിയാകാൻ നിങ്ങൾ അവസരം നൽകുകയാണെങ്കിൽ നിങ്ങളുടെ സുഖദുഃഖങ്ങളിൽ ഒരു കൂടപ്പിറപ്പിനെ പോലെ എന്നും കൂടെയുണ്ടാകും"- എന്നാണ് ചാണ്ടി ഉമ്മന്‍ ജനങ്ങള്‍ക്ക് നല്‍കിയ ഉറപ്പ്. ആ ഉറപ്പ് ജനങ്ങള്‍ വിശ്വാസത്തില്‍ എടുത്തുവെന്നാണ് ഇന്നത്തെ ജനവിധി തെളിയിക്കുന്നത്.
'കാലിന് സ്വാതന്ത്യം കൊടുത്തപ്പോള്‍ ചില പാഠങ്ങള്‍ പഠിക്കാനായി'
പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പില്‍ ജനവിധി തേടുമ്പോള്‍ 'അപ്പയുടെ മകന്‍' എന്നത് മാത്രമായിരുന്നില്ല യൂത്ത് കോണ്‍ഗ്രസ് ഔട്ട് റീച്ച് സെല്‍ ദേശീയ ചെയര്‍മാന്‍ ചാണ്ടി ഉമ്മന്‍റെ മേല്‍വിലാസം. 130 ദിവസം, 3570 കിലോമീറ്റര്‍ ഇന്ത്യ നടന്നുകണ്ടതിന്‍റെ അനുഭവസമ്പത്ത് ചാണ്ടി ഉമ്മനുണ്ടായിരുന്നു. രാഹുലിനൊപ്പം ഭാരത് ജോഡോ യാത്രയില്‍ കന്യാകുമാരിയില്‍ നിന്ന് യാത്ര തിരിക്കുമ്പോള്‍ ചാണ്ടി ഉമ്മന്‍റെ കാലില്‍ ഷൂസുണ്ടായിരുന്നു. കാലിന് നീരുവന്നതോടെയാണ് ഷൂസിടാതെ നടക്കാന്‍ തുടങ്ങിയത്. പിന്നെ പൂര്‍ണമായും ഷൂസ് ഉപേക്ഷിച്ചു. കാലിന് സ്വാതന്ത്ര്യം കൊടുത്തപ്പോള്‍ ചില പാഠങ്ങള്‍ പഠിക്കാനായെന്നാണ് അദ്ദേഹം പറഞ്ഞത്. നമ്മുടെ രാജ്യത്ത് ചെരിപ്പില്ലാതെ നടക്കുന്ന ലക്ഷക്കണക്കിന് പാവങ്ങളുടെ കാര്യം ഓര്‍മ വന്നു. അവരോടുള്ള ഐക്യദാര്‍ഢ്യമായി യാത്രയിലുടനീളം ചെരിപ്പ് വേണ്ടെന്ന് വച്ചെന്നാണ് ചാണ്ടി ഉമ്മന്‍ പറഞ്ഞത്.
വിനായകനോട് ക്ഷമിച്ച ചാണ്ടി ഉമ്മന്‍
നടന്‍ വിനായകന്‍ ഉമ്മന്‍ചാണ്ടിയെ അധിക്ഷേപിച്ചപ്പോള്‍ ചാണ്ടി ഉമ്മന്‍ സ്വീകരിച്ച നിലപാട് ഏറെ ശ്രദ്ധിക്കപ്പെട്ടു. വിനായകനെതിരെ കേസ് വേണ്ടെന്നാണ് ചാണ്ടി ഉമ്മൻ പറഞ്ഞത്. പിതാവ് ഉണ്ടായിരുന്നെങ്കിലും ഇതു തന്നെ പറയുമായിരുന്നു. വിനായകന്‍ പറഞ്ഞത് എന്താണെന്ന് കേട്ടില്ല. എന്തു തന്നെ പറഞ്ഞാലും ജനങ്ങൾക്ക് ഉമ്മൻചാണ്ടിയെ ജനങ്ങൾക്ക് അറിയാമെന്നും ചാണ്ടി ഉമ്മൻ പറഞ്ഞു- "ഒന്നും ചെയ്യരുത്. വിനായകനെതിരെ കേസെടുക്കരുത്. എന്റെ പിതാവ് എന്താണ് ചെയ്തിട്ടുള്ളതെന്ന് എല്ലാവർക്കുമറിയാം. ഏതെങ്കിലും ഒരു നിമിഷത്തിൽ എന്തെങ്കിലും പറഞ്ഞെന്ന് വെച്ച് കാര്യമാക്കേണ്ട ആവശ്യമില്ല. ആരും വിനായകനോട് റഫായി പെരുമാറരുത്. കേസെടുത്ത് എന്ന് പറയുന്നു, അങ്ങനെ ഉണ്ടെങ്കിൽ അതും ശരിയല്ല. പിതാവ് ഉണ്ടെങ്കിലും ഇതേ പറയൂ".
സ്റ്റീഫന്‍സിലെ വിദ്യാര്‍ഥി യൂണിയന്‍ പ്രസിഡന്‍റ്
1986 മാർച്ച് 1 ന് കോട്ടയം ജില്ലയിലെ പുതുപ്പള്ളിയിലാണ് ചാണ്ടി ഉമ്മന്‍റെ ജനനം. 1992ൽ ലൊയോള സ്കൂളിൽ പഠനം. സ്കൂള്‍ വിദ്യാഭ്യാസത്തിനു ശേഷം സെന്‍റ് സ്റ്റീഫൻസ് കോളജിൽ നിന്ന് ചരിത്രത്തിൽ ബിരുദവും ബിരുദാനന്തര ബിരുദവും സ്വന്തമാക്കി. 2006-07 കാലത്ത് സ്റ്റീഫന്‍സില്‍ കോളേജ് വിദ്യാർത്ഥി യൂണിയൻ പ്രസിഡന്റായിരുന്നു.
ഡൽഹി സർവകലാശാലയിൽ നിന്ന് എൽഎൽബി പൂര്‍ത്തിയാക്കി. 2016ൽ ലണ്ടൻ സ്കൂൾ ഓഫ് ഇക്കണോമിക്സിൽ സമ്മർ കോഴ്സ് ചെയ്ത ചാണ്ടി ഉമ്മൻ, ദില്ലിയിലെ നാഷണൽ ലോ യൂണിവേഴ്സിറ്റിയിൽ എൽഎൽഎം ക്രിമിനോളജിയും പൂർത്തിയാക്കി അഭിഭാഷകനായി ജോലിയില്‍ പ്രവേശിച്ചു. ദില്ലിയിലെ അമിറ്റി യൂണിവേഴ്സിറ്റിയിലും വിവേകാനന്ദ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പ്രൊഫഷണൽ സ്റ്റഡീസിലും ഫാക്കൽറ്റിയായും ജോലി ചെയ്തു. നിലവില്‍ കോണ്‍ഗ്രസിന്‍റെ ദേശീയ ഔട്ട് റീച്ച് സെല്ലിന്‍റെ ചെയര്‍മാനാണ്. കെപിസിസി അംഗവും യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറിയുമാണ്.
വിവാദങ്ങളില്‍ പ്രകോപിതനാവാതെ...
തെരഞ്ഞെടുപ്പ് പ്രചാരണത്തിന്‍റെ ആദ്യഘട്ടം മുതല്‍ ഉമ്മന്‍ചാണ്ടിയുടെ ചികിത്സ സംബന്ധിച്ച ആരോപണം സിപിഎം ശക്തമാക്കിയിരുന്നു. ചികിത്സയുമായി ബന്ധപ്പെട്ട് കോൺഗ്രസ് നേതാക്കളുടെ പേരിൽ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന ശബ്ദസന്ദേശം മുൻനിർത്തിയാണ് വോട്ടെടുപ്പ് ദിവസം സിപിഎം ആരോപണം കടുപ്പിച്ചത്. ആരോഗ്യസ്ഥിതിയും ചികിത്സയും സംബന്ധിച്ച എല്ലാം ഉമ്മൻചാണ്ടിയുടെ ഡയറിയിലുണ്ടെന്നും താൻ മുൻകൈ എടുത്ത് അമേരിക്കയിൽ കൊണ്ടുപോയി ചികിൽസിച്ചതടക്കമുള്ള കാര്യങ്ങൾ എഴുതിയിട്ടുണ്ടെന്നുമാണ് ചാണ്ടി ഉമ്മൻ മറുപടി നല്‍കിയത്.
ജൂനിയര്‍ കുഞ്ഞൂഞ്ഞ്
പുതുപ്പള്ളി തെരഞ്ഞെടുപ്പ് കാലത്ത് ജനങ്ങളോടുള്ള ഇടപെടലിലും ശരീരഭാഷയിലും ഉമ്മന്‍ചാണ്ടിയെ ഓര്‍മിപ്പിച്ചു ചാണ്ടി ഉമ്മന്‍. ചീകാത്ത തലമുടിയും അലസ വസ്ത്രധാരണവും സംഭാഷണ രീതിയുമെല്ലാം കാരണം ഇതാ ഞങ്ങളുടെ കുഞ്ഞൂഞ്ഞ്' എന്ന തോന്നല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കുണ്ടായി. തെരഞ്ഞെടുപ്പ് കാലത്തുടനീളം ഉമ്മന്‍ചാണ്ടിയുടെ കല്ലറയും ചിത്രത്തിലുണ്ടായിരുന്നു. സ്ഥാനാര്‍ഥി പ്രഖ്യാപനമുണ്ടായപ്പോഴും നാമനിര്‍ദേശ പത്രികാ സമര്‍പ്പണത്തിനു മുന്‍പും ചാണ്ടി ഉമ്മന്‍ ആദ്യമെത്തിയത് ഈ കല്ലറയിലാണ്. ചാണ്ടി ഉമ്മന്‍റെ പര്യടനം എല്ലാ ദിവസവും തുടങ്ങിയതും അവസാനിച്ചതും ഈ കല്ലറയിലായിരുന്നു. പുതുപ്പള്ളി ഫലം വന്നപ്പോഴും കണ്ണീരോടെ ചാണ്ടി ഉമ്മന്‍ ആ കല്ലറയ്ക്ക് മുന്‍പില്‍ വന്നുനിന്നു. ഇത് അപ്പയുടെ 13ആം വിജയമാണെന്നായിരുന്നു ആദ്യ പ്രതികരണം. അപ്പയുടെ മകനായി തന്നെ നിയമസഭയിലെത്താനാണ് ചാണ്ടി ഉമ്മന്‍ ആഗ്രഹിക്കുന്നതെന്ന് ഇതില്‍ നിന്ന് വ്യക്തം.