
ഉമ്മന്‍ ചാണ്ടിയുടെ പിന്‍ഗാമിയായി വലിയ ഭൂരിപക്ഷത്തോടെ മകന്‍ ചാണ്ടി ഉമ്മന്‍ അവരോധിക്കപ്പെടുമ്പോള്‍ കുടുംബ രാഷ്ട്രീയവും അച്ഛന്‍-മക്കള്‍ രാഷ്ട്രീയവും സഹതാപതരംഗ വിജയങ്ങളുമെല്ലാം വീണ്ടും ചര്‍ച്ചയാകുകയാണ്. സിറ്റിങ് എം.എല്‍.എമാരുടെ നിര്യാണത്തെതുടര്‍ന്ന് നടക്കുന്ന ഉപതെരഞ്ഞെടുപ്പുകളില്‍ അവരുടെ മക്കളോ കുടുംബാംഗമോ സ്ഥാനാര്‍ഥിയായെത്തി വലിയ വിജയം നേടുന്നത് കേരളത്തിന് പുതുമയല്ല. ഇങ്ങനെ സഹതാപതരംഗത്തില്‍ വിജയിക്കുന്ന പലര്‍ക്കും പിന്നീടുള്ള തെരഞ്ഞെടുപ്പുകളില്‍ വിജയിക്കാനോ ഭൂരിപക്ഷം നിലനിര്‍ത്താനോ കഴിയാത്ത അനുഭവങ്ങളുമുണ്ട്.
1970 മുതല്‍ ഉമ്മന്‍ചാണ്ടിയെ പിന്തുണച്ചുകൊണ്ടിരിക്കുന്ന പുതുപ്പള്ളി അദ്ദേഹത്തിന്റെ നിര്യാണത്തിനുശേഷം നടന്ന ഉപതെരഞ്ഞെടുപ്പില്‍ മകന്‍ ചാണ്ടി ഉമ്മനെയും പിന്തുണച്ചു. സഹതാപതരംഗമെന്ന ഘടകത്തിനൊപ്പം ഭരണവിരുദ്ധ വികാരവും ഇവിടെ പ്രതിഫലിച്ചുവെന്നാണ് കോണ്‍ഗ്രസിന്റെ വിലയിരുത്തല്‍.
പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിന് സമാനമായി തൃക്കാക്കരയിലും അരുവിക്കരയിലും പിറവത്തും അടുത്തകാലത്തായി നടന്ന ഉപതെരഞ്ഞെടുപ്പുകളിലെല്ലാം സഹതാപ തരംഗം സ്ഥാനാര്‍ഥികളുടെ വിജയത്തെ സ്വാധീനിച്ചിട്ടുണ്ട്. പിറവത്തും അരുവിക്കരയിലും അന്തരിച്ച നേതാക്കളുടെ ആണ്‍മക്കളും തൃക്കാക്കരയില്‍ ഭാര്യയുമായിരുന്നു സ്ഥാനാര്‍ത്ഥികള്‍. പിറവത്ത് ടി.എം. ജേക്കബിന്റെ പിന്‍ഗാമിയായി മകന്‍ അനൂപ് ജേക്കബും അരുവിക്കരയില്‍ മുന്‍ സ്പീക്കര്‍ ജി. കാര്‍ത്തികയന്റെ മകന്‍ കെ.എസ്. ശബരീനാഥനും തൃക്കാക്കരയില്‍ പി.ടി. തോമസിന്റെ ഭാര്യ ഉമ തോമസും ഉപതെരഞ്ഞെടുപ്പില്‍ ജേതാക്കളായി.
2011-ല്‍ 10674 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് അരുവിക്കരയില്‍നിന്ന് കോണ്‍ഗ്രസ് നേതാവ് ജി. കാര്‍ത്തികേയന്‍ വിജയിച്ചത്. പിന്നീട് കാര്‍ത്തികേയന്റെ നിര്യാണത്തെതുടര്‍ന്നാണ് 2015-ല്‍ അരുവിക്കരയില്‍ ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. ജി. കാര്‍ത്തികയേന്റെ മകനായ കെ.എസ്. ശബരീനാഥായിരുന്നു കോണ്‍ഗ്രസ് സ്ഥാനാര്‍ഥി. ശബരിനാഥ് 56448 വോട്ടുകളും എതിര്‍ സ്ഥാനാര്‍ത്ഥി എം. വിജയകുമാര്‍ 45320 വോട്ടുകളും നേടിയപ്പോള്‍ ബി.ജെ.പിയുടെ ഒ. രാജഗോപാല്‍ 34145 വോട്ടുകള്‍ നേടി മത്സരം കടുപ്പിച്ചു. വാശിയേറിയ മത്സരത്തില്‍ സഹതാപ തരംഗം ഉള്‍പ്പെടെ ഘടകങ്ങള്‍ നിര്‍ണായകമായി. എല്‍.ഡി.എഫ് സ്ഥാനാര്‍ഥി എം. വിജയകുമാറിനെതിരെ 10128 വോട്ടുകളുടെ ഭൂരിപക്ഷത്തിലായിരുന്നു ശബരിനാഥിന്റെ വിജയം.
ഒരു വര്‍ഷത്തിനുശേഷം 2016-ല്‍ നടന്ന നിയമസഭ തെരഞ്ഞെടുപ്പിലും ശബരീനാഥ് ജേതാവായി. അരുവിക്കരയില്‍നിന്ന് 21,314 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ എല്‍.ഡി.എഫിന്റെ എ.എ റഷീദിനെയാണ് അദ്ദേഹം പരാജയപ്പെടുത്തിയത്. ഒരു വര്‍ഷത്തിന്റെ വ്യത്യാസത്തില്‍ നടന്ന തെരഞ്ഞെടുപ്പില്‍ ഭൂരിപക്ഷം ഇരട്ടിയാക്കിയാണ് ശബരിനാഥ് വിജയിച്ചത്. എന്നാല്‍, 2021 ആയപ്പോള്‍ കഥ മാറി. 5046 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ ശബരിനാഥിനെ പരാജയപ്പെടുത്തി എല്‍.ഡി.എഫിന്റെ ജി. സ്റ്റീഫന്‍ വിജയിച്ചു.
ടി.എം. ജേക്കബിന്റെ നിര്യാണത്തെതുടര്‍ന്ന് 2012-ല്‍ നടന്ന പിറവം ഉപതെരഞ്ഞെടുപ്പില്‍ അദ്ദേഹത്തിന്റെ മകനായ അനൂപ് ജേക്കബ് ആണ് യു.ഡി.എഫ് സ്ഥാനാര്‍ഥിയായി മത്സരിച്ചത്. 82756 വോട്ടുകളാണ് കേരള കോണ്‍ഗ്രസിന്റെ (ജേക്കബ്) അനൂപ് ജേക്കബ് നേടിയത്. എല്‍.ഡി.എഫിന്റെ എം.ജെ. ജേക്കബ് 70686 വോട്ടുകള്‍ നേടി. 12070 വോട്ടുകളുടെ ഭൂരിപക്ഷത്തിലായിരുന്നു അനൂപ് ജേക്കബിന്റെ വിജയം. ബി.ജെ.പിയുടെ അഡ്വ. കെ.ആര്‍. രാജഗോപാല്‍ 3241 വോട്ടും നേടി.
പിറവം മണ്ഡലത്തില്‍നിന്ന് മൂന്നു തവണയാണ് ടി.എം ജേക്കബ് എം.എല്‍.എയായിരുന്നത്. അച്ഛന്റെ വഴിയെ മണ്ഡലം നിലനിര്‍ത്താന്‍ അനൂപിനായി. 2012-ലെ ഉപതെരഞ്ഞെടുപ്പിനുശേഷം 2016-ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ 6,195 വോട്ടുകളുടെ ഭൂരിപക്ഷത്തിലും 2021-ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ 25,364 വോട്ടുകളുടെ ഭൂരിപക്ഷത്തിലും വിജയിച്ചാണ് അനൂപ് ജേക്കബ് മണ്ഡലം നിലനിര്‍ത്തിയത്.
അച്ഛന്റെ പിന്‍ഗാമിയായി മക്കള്‍ മത്സരിച്ച് വിജയിച്ച സാഹചര്യത്തില്‍നിന്ന് വ്യത്യസ്തമായിരുന്നു പി.ടി തോമസിന്റെ നിര്യാണത്തെതുടര്‍ന്ന് 2022 മേയ് 31-ന് തൃക്കാക്കര മണ്ഡലത്തില്‍ നടന്ന ഉപതെരഞ്ഞെടുപ്പ്. അന്ന് കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി മത്സരിച്ചത് അദ്ദേഹത്തിന്റെ പത്‌നി ഉമ തോമസാണ്. എല്‍.ഡി.എഫ് സ്ഥാനാര്‍ഥി ഡോ. ജോ ജോസഫിനെതിരെ 25,016 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് ഉമ തോമസ് വിജയിച്ചത്. ഉമ തോമസ് (72770), ഡോ. ജോ ജോസഫ് (47754) എന്നിങ്ങനെയായിരുന്നു ആകെ ലഭിച്ച വോട്ടുകള്‍. ബി.ജെ. പി സ്ഥാനാര്‍ഥി എ.എന്‍. രാധാകൃഷ്ണന്‍ 12,955 വോട്ടുകളാണ് നേടിയത്. 2016-ലെ നിയമസഭ തെരഞ്ഞെടുപ്പില്‍ തൃക്കാക്കര മണ്ഡലത്തില്‍ നിന്നും 11,813 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് കോണ്‍ഗ്രസിന്റെ പി.ടി. തോമസ് എല്‍.ഡി.എഫിന്റെ സെബാസ്റ്റ്യന്‍ പോളിനെ പരാജയപ്പെടുത്തിയത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam