'ഇരക്കെതിരെയുള്ള സൈബർ ആക്രമണം ന്യായീകരിക്കാനാകില്ല, സന്ദീപ് വാര്യർക്കെ‌തിരായ കേസ് അദ്ദേഹം നേരിടും': ചാണ്ടി ഉമ്മൻ എംഎൽഎ

Published : Dec 01, 2025, 01:27 PM IST
Chandy Oommen MLA

Synopsis

ഇരക്കെതിരെ സൈബർ ആക്രമണം ആരെങ്കിലും നടത്തിയിട്ടുണ്ടെങ്കിൽ അവർ കോൺഗ്രസുകാരല്ലെന്ന് ചാണ്ടി ഉമ്മൻ. സന്ദീപ് വാര്യർക്കെ‌തിരായ കേസ് അദ്ദേഹം നേരിടുമെന്നും യുവതിയുടെ ആരോപണം വന്നപ്പോൾ തന്നെ രാഹുലിനെ പാർട്ടിയിൽ നിന്ന് പുറത്താക്കിയെന്നും ചാണ്ടി ഉമ്മൻ.  

ഇടുക്കി: ഇരക്കെതിരെ നടക്കുന്ന സൈബർ ആക്രമണം ന്യായീകരിക്കാൻ സാധിക്കില്ലെന്ന് ചാണ്ടി ഉമ്മൻ എംഎൽഎ. അങ്ങനെ സൈബർ ആക്രമണം നടത്തുന്നവരിൽ കോൺഗ്രസുകാർ ഇല്ല. ആരെങ്കിലും നടത്തിയിട്ടുണ്ടെങ്കിൽ അവർ കോൺഗ്രസുകാരല്ല. സന്ദീപ് വാര്യർക്കെ‌തിരായ കേസ് അദ്ദേഹം നേരിടുമെന്നും ചാണ്ടി ഉമ്മൻ എംഎൽഎ പറഞ്ഞു. യുവതിയുടെ ആരോപണം വന്നപ്പോൾ തന്നെ രാഹുലിനെ പാർട്ടിയിൽ നിന്ന് പുറത്താക്കിയെന്നും ചാണ്ടി ഉമ്മൻ പറഞ്ഞു.

യുഡിഎഫിന് വേണ്ടിയോ കോൺഗ്രസിന് വേണ്ടിയോ രാഹുൽ പ്രചരണ രംഗത്ത് എത്തിയതായി അറിവില്ല. പുതുപ്പള്ളിയിൽ തൻ്റെ അറിവിൽ രാഹുൽ കോൺഗ്രസ് പ്രചരണത്തിന് എത്തിയതായി അറിയില്ല. പാലക്കാട് പ്രചാരണത്തിന് രാഹുൽ എത്തിയതിനെക്കുറിച്ച് വിശദീകരിക്കേണ്ടത് പ്രാദേശിക നേതൃത്വമാണെന്നും ചാണ്ടി ഉമ്മൻ പറഞ്ഞു. അതിനിടെ, പീഡനക്കേസിലെ പ്രതി രാഹുൽ മാങ്കൂട്ടത്തിലിനെ കോൺഗ്രസ് ഒളിപ്പിച്ചിരിക്കുന്നു എന്ന ആരോപണം ബാലിശമാണെന്ന് കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ് പ്രതികരിച്ചു. ഒളിപ്പിച്ചു വച്ച സ്ഥലം സിപിഎമ്മിന് അറിയില്ലെങ്കിൽ കൂടെ പോകാൻ താനും തയ്യാറാണെന്ന് സണ്ണി ജോസഫ് പറഞ്ഞു. രാഹുൽ, പാർട്ടിയുടെ ഔദ്യോഗിക പരിപാടിയിൽ പങ്കെടുത്തിട്ടില്ലെന്നും കോഴിക്കോട് പ്രസ് ക്ലബ്ബ് സംഘടിപ്പിച്ച ‘മീറ്റ് ദി ലീഡർ’ പരിപാടിയിൽ സണ്ണി ജോസഫ് പറഞ്ഞു.

അതേസമയം, രാഹുൽ മാങ്കൂട്ടത്തിൽ പാലക്കാട് വിട്ടത് അതിവിദഗ്ധമായാണെന്ന് പൊലീസ് കണ്ടെത്തി. ഫ്ലാറ്റിൽ നിന്ന് ഇറങ്ങിയത് മുതൽ സിസിടിവി ഇല്ലാത്ത റോഡുകൾ ഒഴിവാക്കിയായിരുന്നു യാത്ര. പൊലീസിനെ ആശയക്കുഴപ്പത്തിലാക്കാൻ കാർ മാത്രമായി പല വഴിയ്ക്ക് സഞ്ചരിച്ചു. സ്പെഷ്യൽ ബ്രാഞ്ച് നടത്തിയ സിസിടിവി പരിശോധനയിൽ രാഹുലിന്‍റെ റൂട്ട് അവ്യക്തമാണ്. ഇന്നും സിസിടിവി കേന്ദ്രീകരിച്ച് പരിശോധന തുടരും. ഉച്ചയോടെ രാഹുൽ പോയ വഴി കണ്ടെത്താനാകുമെന്ന് പൊലീസ് പറയുന്നു. അതേസമയം, ഒളിവിൽ കഴിയുന്ന രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയെ പിടികൂടാൻ പൊലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്. രാഹുലിനെ കണ്ടെത്താൻ ഓരോ ജില്ലകളിലും പൊലീസ് സംഘങ്ങളെ നിയോഗിച്ചിട്ടുണ്ട്. അതേസമയം രാഹുലുമായി ബന്ധമുള്ള ചിലരെ ഇന്ന് പൊലീസ് ചോദ്യം ചെയ്യും. ചോദ്യം ചെയ്യലിനായി ഇവര്‍ക്ക് നോട്ടീസ് നൽകിയിട്ടുണ്ട്. ബലാത്സംഗ കേസിൽ രാഹുൽ നല്‍കിയ ജാമ്യാപേക്ഷ ബുധാനാഴ്ചയാണ് കോടതി പരിഗണിക്കുക. ജാമ്യാപേക്ഷ പരിഗണനയിലിരിക്കുമ്പോള്‍ അറസ്റ്റിന് തടസ്സമില്ലെന്നാണ് പൊലീസിന് ലഭിച്ച നിയമോപദേശം. ഈ സാഹചര്യത്തിലാണ് രാഹുലിനെ പിടികൂടാനുള്ള പൊലീസിന്‍റെ ഊര്‍ജ്ജിത നീക്കം.

കേസ് അന്വേഷണത്തിനായി തിരുവനന്തപുരം സിറ്റി പൊലീസിന്‍റെ കീഴിൽ പ്രത്യേക സംഘമുണ്ട്. ഇതിന് പുറമേ ഓരോ ജില്ലകളിലും രാഹുലിനെ കണ്ടെത്താനായി ഓരോ സംഘങ്ങളെയും ജില്ലാ പൊലീസ് മേധാവിമാരുടെ നേതൃത്വത്തിൽ നിയോഗിച്ചിട്ടുണ്ട്. ക്രമസമാധാന ചുമതലയുള്ള എഡിജിപിയുടെ നിർദ്ദേശ പ്രകാരമാണ് ഓരോ ജില്ലയിലെയും പരിശോധന. രാഹുലിനൊപ്പം കേസിലെ മറ്റൊരു പ്രതിയായ ജോബി ജോസഫിനായും തെരച്ചിൽ പുരോഗമിക്കുകയാണ്. പാലക്കാട്, പത്തനംതിട്ട ജില്ലകളിലായിരുന്നു കഴിഞ്ഞ ദിവസത്തെ വ്യാപക പരിശോധന. രാഹുലിന്‍റെ സുഹൃത്തുക്കളുടെ വീടുകളിൽ ഉള്‍പ്പെടെ പരിശോധന നടന്നു. രാഹുലുമായി ബന്ധമുള്ളവരെ കേന്ദ്രീകരിച്ച് കൂടുതൽ വിവരങ്ങള്‍ ശേഖരിക്കുകയാണ് അന്വേഷണ സംഘം. ഇതിലൂടെ രാഹുലിലേക്കും ജോബിയിലേക്കും എത്താനാകുമെന്നാണ് പൊലീസ് കണക്ക് കൂട്ടുന്നത്.

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

ഒടുവിൽ കൊച്ചിക്കാർ കാത്തിരുന്ന പദ്ധതിക്ക് ഭരണാനുമതി ലഭിച്ചു; പണ്ഡിറ്റ് കറുപ്പൻ റോഡിൽ പുതിയ ആധുനിക ഫിഷ് ലാൻഡിംഗ് സെന്റർ ഉയരും
ശബരിമല സ്വർണ്ണക്കൊള്ളക്കേസ്: മുരാരി ബാബുവിന്റെ വീട്ടിലെ രേഖകൾ പിടിച്ചെടുത്ത് ഇഡി, പരിശോധന അവസാനിപ്പിച്ചു