അടുത്ത മന്ത്രിസഭയിൽ ന്യൂനപക്ഷക്ഷേമ വകുപ്പ് മുഖ്യമന്ത്രി ഏറ്റെടുക്കണമെന്ന് ചങ്ങനാശ്ശേരി അതിരൂപതാ ജാഗ്രതാസമിതി

By Web TeamFirst Published Apr 13, 2021, 9:03 PM IST
Highlights

കഴിഞ്ഞ രണ്ട് മന്ത്രിസഭകളുടെ കാലത്ത് ന്യൂനപക്ഷക്ഷേമവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ വിലയിരുത്തിയതിൻ്റെ  അടിസ്ഥാനത്തിലാണ് ഇത്തരമൊരു ആവശ്യം ഉന്നയിച്ചിരിക്കുന്നത്. അടുത്ത മന്ത്രിസഭാ കാലഘട്ടത്തിൽ ന്യൂനപക്ഷക്ഷേമ വകുപ്പിൻ്റെ പ്രവർത്തനങ്ങൾ സുതാര്യവും വിവേചന രഹിതവും നീതിയുക്തവും ആയിരിക്കണമെന്ന് ഉറപ്പു വരുത്തണമെന്നും ജാഗ്രതാ സമിതി യോഗം വിലയിരുത്തി. 
 

ചങ്ങനാശ്ശേരി :കേരളത്തിലെ അടുത്ത മന്ത്രിസഭയിൽ ന്യൂനപക്ഷക്ഷേമ വകുപ്പ് സംസ്ഥാന മുഖ്യമന്ത്രി ഏറ്റെടുക്കണമെന്ന് ചങ്ങനാശ്ശേരി അതിരൂപത പബ്ലിക് റിലേഷൻസ് - ജാഗ്രതാ സമിതി ആവശ്യപ്പെട്ടു. കഴിഞ്ഞ രണ്ട് മന്ത്രിസഭകളുടെ കാലത്ത് ന്യൂനപക്ഷക്ഷേമവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ വിലയിരുത്തിയതിൻ്റെ  അടിസ്ഥാനത്തിലാണ് ഇത്തരമൊരു ആവശ്യം ഉന്നയിച്ചിരിക്കുന്നത്.

ന്യൂനപക്ഷ ക്ഷേമ പദ്ധതികളുടെ രൂപീകരണത്തിലും നടത്തിപ്പിലും ഫണ്ട് വിനിയോഗത്തിലുമുള്ള 80:20 അനുപാതം, ന്യൂനപക്ഷ കമ്മീഷൻ നിയമത്തിൽ 2017ൽ വരുത്തിയ അംഗങ്ങളുടെ നിയമനവുമായി ബന്ധപ്പെട്ട ഭേദഗതികൾ, ക്ഷേമ വകുപ്പിന് കീഴിലുള്ള ഉദ്യോഗസ്ഥ നിയമങ്ങളിലെ അപാകതകൾ തുടങ്ങി നിരവധി വിഷയങ്ങൾ കുറേ നാളുകളായി ചർച്ചയായിരുന്നു. അടുത്ത മന്ത്രിസഭാ കാലഘട്ടത്തിൽ ന്യൂനപക്ഷക്ഷേമ വകുപ്പിൻ്റെ പ്രവർത്തനങ്ങൾ സുതാര്യവും വിവേചന രഹിതവും നീതിയുക്തവും ആയിരിക്കണമെന്ന് ഉറപ്പു വരുത്തണമെന്നും ജാഗ്രതാ സമിതി യോഗം വിലയിരുത്തി. 

മുഖ്യമന്ത്രി ന്യൂനപക്ഷക്ഷേമ വകുപ്പ് ഏറ്റെടുക്കണമെന്ന ആവശ്യം ഉന്നയിച്ചു കൊണ്ടും ക്രൈസ്തവ ന്യൂനപക്ഷങ്ങളുടെ ആശങ്കകൾ അറിയിച്ചു കൊണ്ടും മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കെപിസിസി പ്രസിഡണ്ട് മുല്ലപ്പള്ളി രാമചന്ദ്രൻ, യുഡിഎഫ് കൺവീനർ എം എം ഹസ്സൻ, മുഖ്യമന്ത്രി പിണറായി വിജയൻ, എൽഡിഎഫ് കൺവീനർ എ വിജയരാഘവൻ, ഇരുമുന്നണികളുടെയും കക്ഷി നേതാക്കൾ തുടങ്ങിയവർക്ക് അതിരൂപതാ കേന്ദ്രത്തിൽ നിന്ന് കത്തുനൽകി.
 

click me!