
തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പുകളിൽ മാറ്റം. തെക്കൻ-മധ്യ കേരളത്തിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്രകാലാവസ്ഥാ വകുപ്പ് പറയുന്നു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, ഇടുക്കി എന്നീ ആറ് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. കഴിഞ്ഞ മൂന്ന് മണിക്കൂറിൽ തിരുവനന്തപുരം, പത്തനംതിട്ട ജില്ലകളിലെ ചില സ്റ്റേഷനുകളിൽ മികച്ച മഴയാണ് ലഭിച്ചത്. തിരുവനന്തപുരം വർക്കല എഡബ്ല്യുഎസ് സ്റ്റേഷനിൽ 110 മി.മീ മഴ ലഭിച്ചു. തിരുവനന്തപുരം നഗരത്തിലും മലയോരമേഖലകളിലും മഴ തുടരുകയാണ്.
സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസവും മഴ തുടരാൻ സാധ്യതയുണ്ട്. ഏറ്റവും പുതിയ അറിയിപ്പ് പ്രകാരം കേരളത്തിൽ അടുത്ത 5 ദിവസം മിതമായ / ഇടത്തരം മഴക്ക്‌സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ വകുപ്പ് പറയുന്നത്. രണ്ട് ചക്രവാതച്ചുഴി ഒന്നിച്ച് നിലനിൽക്കുന്നതും ന്യൂനമർദ്ദ സാധ്യതയുമാണ് മഴ തുടരാൻ കാരണം. തെക്ക് കിഴക്കൻ രാജസ്ഥാന് മുകളിൽ നിലനിന്നിരുന്ന ന്യൂനമർദം കിഴക്കൻ രാജസ്ഥാന് മുകളിൽ ചക്രവാതച്ചുഴിയായി മാറിയിട്ടുണ്ട്. വടക്ക് കിഴക്കൻ ബംഗാൾ ഉൾക്കടലിനും മധ്യ കിഴക്കൻ ബംഗാൾ ഉൾക്കടലിനും മുകളിലായി മറ്റൊരു ചക്രവാതച്ചുഴി സ്ഥിതി ചെയ്യുന്നു. അടുത്ത 48 മണിക്കൂറിനുള്ളിൽ വടക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനു മുകളിൽ ചക്രവാതച്ചുഴി ന്യൂനമർദമായി ശക്തി പ്രാപിക്കാൻ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ വകുപ്പ് പറയുന്നത്. ഈ സാഹചര്യത്തിൽ കേരളത്തിൽ അടുത്ത 5 ദിവസം മിതമായ/ ഇടത്തരം മഴക്ക് സാധ്യതയും ഇന്ന് (2023 സെപ്റ്റംബർ 18) ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴക്കും സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുള്ളത്.
മത്സ്യത്തൊഴിലാളി ജാഗ്രത നിര്‍ദേശം
കേരള - കർണാടക തീരങ്ങളിലും ലക്ഷദ്വീപ് പ്രദേശത്തും മത്സ്യബന്ധനത്തിന് തടസമില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു
പ്രത്യേക ജാഗ്രതാ നിർദേശം
18-09-2023: മധ്യകിഴക്കൻ ബംഗാൾ ഉൾക്കടൽ, അതിനോട് ചേർന്ന മധ്യപടിഞ്ഞാറൻ-വടക്കൻ-തെക്കൻ ബംഗാൾ ഉൾക്കടൽ പ്രദേശങ്ങളിൽ മണിക്കൂറിൽ 40 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത.
19-09-2023: മധ്യ ബംഗാൾ ഉൾക്കടലിന്റെ മധ്യ ഭാഗങ്ങൾ, അതിനോട് ചേർന്ന തെക്കൻ ബംഗാൾ ഉൾക്കടൽ പ്രദേശങ്ങളിൽ മണിക്കൂറിൽ 40 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത.
20-09-2023: മധ്യ പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിന്റെ മധ്യ ഭാഗങ്ങളിൽ മണിക്കൂറിൽ 40 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത. മേൽപ്പറഞ്ഞ തിയതിയിലും പ്രദേശത്തും മത്സ്യബന്ധനത്തിന് പോകുവാൻ പാടുള്ളതല്ല.
https://www.youtube.com/watch?v=Ko18SgceYX8
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam