
കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന പ്രതിപക്ഷ പാര്‍ട്ടികളുടെ ഇന്ത്യ സഖ്യത്തിന്റെ രൂപീകരണത്തോടെ ദേശീയ രാഷ്ട്രീയത്തില്‍ മാറ്റത്തിന്റെ കാറ്റുവീശിത്തുടങ്ങിയെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍ എംപി പറഞ്ഞു. കാസര്‍ഗോഡ് രാജ്‌മോഹന്‍ ഉണ്ണിത്താൻ എംപി നടത്തിയ ഏകദിന സത്യാഗ്രഹവും ബഹുസ്വരതാ സംഗമവും ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുക ആയിരുന്നു അദ്ദേഹം.
ബിജെപിയുടെ കോട്ടയായ യുപിയിലും അത് പ്രകടമായി. കഴിഞ്ഞ ദിവസം 6 സംസ്ഥാനങ്ങളിലായി 7 നിയമസഭാ സീറ്റുകളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പില്‍ നാലും ഇന്ത്യ സഖ്യം നേടി. വരുന്ന പൊതുതിരഞ്ഞടുപ്പോടെ മോദിയെ ഇന്ത്യ സഖ്യം അധികാരത്തില്‍ നിന്നും പുറത്താക്കും. കേരളത്തില്‍ സിപിഎമ്മിന് ബിജെപിയെ എതിര്‍ക്കാന്‍ താല്‍പ്പര്യമില്ല. അവര്‍ പരസ്പരം സഹായിക്കുകയാണ്. ലോക്സഭാ തെരഞ്ഞെടുപ്പില്‍ കേരളത്തിലെ 20 മണ്ഡലങ്ങളും യുഡിഎഫ് നേടുമെന്നും അതിന്റെ കാഹളമാണ് പുതുപ്പള്ളിയില്‍ മുഴങ്ങിയതെന്നും വേണുഗോപാല്‍ പറഞ്ഞു.
അതേസമയം പുതുപ്പള്ളിയില്‍ വിജയിച്ചത് ടീം യുഡിഎഫ് ആണെന്നായിരുന്നു പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ പ്രതികരിച്ചത്.ഈ മാതൃക വരും തെരഞ്ഞെടുപ്പുകളിലും തുടരും. വിജയം കോൺഗ്രസിനെ കൂടുതൽ വിനയാന്വിതരാക്കുന്നു. കേരളത്തിന്‍റെ മുഴുവൻ പിന്തുണ ചാണ്ടി ഉമ്മന് കിട്ടി.പ്രചരണ സമയത്ത് മുഖ്യമന്ത്രിയോട് ഏഴ് ചോദ്യങ്ങള്‍ ഉന്നയിച്ചിരുന്നു എന്തു കൊണ്ടാണ് പ്രതികരിക്കാത്തത്? ഉത്തമരായ കമ്യൂണിസ്റ്റുകാരുടെ പിന്തുണയും പുതുപ്പള്ളിയില്‍ കോൺഗ്രസിന് കിട്ടി.എം വി ഗോവിന്ദൻ പിണറായിയുടെ കുഴലൂത്ത്കാരനായി മാറി. മുഖ്യമന്ത്രിയുടെ ഓഫീസിനെ പൊതുമരാമത്ത് മന്ത്രിയുടെ ഓഫീസ് ഹൈജാക്ക് ചെയ്യുന്നു. മുന്നോക്ക വികസന കോർപറേഷൻ ചെയർമാനെ മാറ്റിയ നടപടി ഇതിന് ഉദാഹരണമാണെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് ഫലം സംസ്ഥാന സര്‍ക്കാരിനുള്ള പ്രഹരമാണ്.സിപിഎമ്മിന്‍റെ തകര്‍ച്ചയുടെ തുടക്കമാണിത്. സര്‍ക്കാരിനോടുള്ള ജനങ്ങളുടെ പ്രതിഷേധമാണ് കണ്ടതെന്നും അദ്ദേഹം പറഞ്ഞു.