വൻതുക കുടിശ്ശികയുള്ള ക്ലബ്ബുകൾ​ക്കായി പാട്ടക്കരാറിൽ മാറ്റം വരുത്തുന്നു, സർക്കാറിന് നഷ്ടമാകുക കോടികൾ

By Web TeamFirst Published Oct 7, 2021, 9:04 AM IST
Highlights

30 കോടി കുടിശ്ശിക നൽകാനുള്ള ടെന്നീസ് ക്ലബിൻറെ തർക്കം പരിശോധിക്കാനാണ് ധനസെക്രട്ടറിയെ ചുമതലപ്പെടുത്തിയത്. 30 കോടിക്ക് പകരം പാട്ടക്കുടിശിക ഒരു കോടിയാക്കി ക്ലബിന് കുറവ് ചെയ്യണമെന്ന് മുൻ ചീഫ് സെക്രട്ടറി ബിശ്വാസ് മേത്ത നിർദ്ദേശിച്ചത് വിവാദമായിരുന്നു.

തിരുവനന്തപുരം: കോടികൾ കുടിശ്ശികയുള്ള ക്ലബ്ബുകളെ (Club) സഹായിക്കാൻ പാട്ടക്കരാറിൽ മാറ്റത്തിന് നീക്കം. ഭൂമിയുടെ ന്യായ വിലയുടെ അഞ്ചു ശതമാനമാക്കി പാട്ടം (Lease) കുറയ്ക്കണമെന്നാണ് ധനസെക്രട്ടറിയുടെ ശുപാ‍ർശ. നിലവിൽ കമ്പോള വിലയുടുെ അഞ്ച് ശതമാനം വരെ ഈടാക്കാമെന്നാണ് വ്യവസ്ഥ. മാറ്റത്തിന് മുൻകാല പ്രാബല്യം വേണമെന്നുമുള്ള ശുപാർശ അംഗീകരിച്ചാൽ സർക്കാറിന് (Government) കോടികളുടെ നഷ്ടമുണ്ടാകും.

സർക്കാർ ഭൂമി പാട്ടത്തിനെടുത്തിരിക്കുന്ന ക്ലബുകളും പൊതുമേഖല സ്ഥാപനങ്ങളുമെല്ലാം കോടികളാണ് കുടിശിക നൽകാനുള്ളത്. ഈ വൻകിടക്കാർക്ക് വാരിക്കോരി ഇളവ് നൽകുന്നതാണ് പുതിയ നിർദ്ദേശം. കമ്പോള വിലയുടെ അഞ്ചു ശതമാനമാണ് ക്ലബുകള്‍ക്ക് നൽകിയിട്ടുള്ള നിലവിലെ പാട്ടതുക. ഇത് പൊളിച്ചെഴുതണമെന്നാണ് ധനസെക്രട്ടറി രാജേഷ് കുമാർ സിംഗിൻെറ ശുപാർശ. ഭൂമിക്ക് തരംതിരിച്ച് പാട്ടം ഈടാക്കണം. വാണിജ്യ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്നതും, ബാർ, റെസ്റ്റോററ്റ് എന്നിവയ്ക്കും ന്യായവിലയുടെ അഞ്ചു ശതമാനം മതി പാട്ടം എന്നാണ് ശുപാർശ. തീ‍ർന്നില്ല

ക്ലബുകള്‍ക്ക് നൽകിയിട്ടുള്ള ഭൂമിയിൽ കായിക പരിശീലനം നടത്തുന്ന സ്ഥലത്ത് ന്യായവിലയുടെ അരശതമാനം മാത്രം മതി പാട്ടത്തുക. 30 കോടി കുടിശ്ശിക നൽകാനുള്ള ടെന്നീസ് ക്ലബിൻറെ തർക്കം പരിശോധിക്കാനാണ് ധനസെക്രട്ടറിയെ ചുമതലപ്പെടുത്തിയത്. 30 കോടിക്ക് പകരം പാട്ടക്കുടിശിക ഒരു കോടിയാക്കി ക്ലബിന് കുറവ് ചെയ്യണമെന്ന് മുൻ ചീഫ് സെക്രട്ടറി ബിശ്വാസ് മേത്ത നിർദ്ദേശിച്ചത് വിവാദമായിരുന്നു. ഇതിനെ റവന്യൂവകുപ്പ് എതിർത്തപ്പോഴാണ് ധനവകുപ്പിനോട് ശുപാ‍ർശ നൽകാൻ നിർദ്ദേശിച്ചത്. മേത്ത ടെന്നീസ് ക്ലബിനെ സഹായിക്കുന്ന നിലപാടെടുത്തപ്പോൾ ധനസെക്രട്ടറിയാകട്ടെ മൊത്തം ക്ലബ്ബുകളെയും കയ്യയച്ച് സഹായിക്കുന്ന ശുപാർശ നൽകി.

പീടുസി 4.27 ഏക്കറാണ് ടെന്നീസ് ക്ലബിൻറെ ഭൂമി. കൈശംവച്ചിരിക്കുന്ന ഭൂമിയിൽ പകതിയിലേറെയും കായിക പരിശീലനത്തിനാണ് ഉപയോഗിക്കുന്നതെന്ന് ക്ലബ് സർക്കാരിനെ അറിയിച്ചാൽ കോടികളുടെ ഇളവ് ടെന്നീസ് ക്ലബിന് കിട്ടു.

പാവപ്പെട്ടവർ സർക്കാറിലേക്ക് അടക്കേണ്ട തുകയിൽ വീഴ്ചവന്നാൽ കർശന നടപടിയാണ് നേരിടേണ്ടിവരുന്നത്. അതേ സമയം വൻകിടക്ലബ്ബുകാർ ഖജനാവിലേക്ക് നൽകേണ്ട വൻതുകയിലാകട്ടെ ഇളവ് നൽകാൻ വ്യവസ്ഥകൾ തന്നെ മാറ്റിമറിക്കുകയാണ് ഉദ്യോഗസ്ഥ‍ർ 

click me!