ചിട്ടി തട്ടിപ്പിന് പിന്നാലെ വായ്പ തട്ടിപ്പും, സിപിഎം നിയന്ത്രണത്തിലുള്ള പേരാവൂരിലെ സൊസൈറ്റിക്കെതിരെ പരാതി

By Web TeamFirst Published Oct 7, 2021, 8:33 AM IST
Highlights

സിപിഎം നിയന്ത്രണത്തിലുള്ള സൊസൈറ്റിയുടെ സെക്രട്ടറി ഹരിദാസ് തന്റെ ഭവന വായ്പ വ്യാജ രേഖയുണ്ടാക്കി കൈക്കലാക്കിയെന്നാണ് പുതുശ്ശേരി സ്വദേശി ജിമ്മിയുടെ പരാതി. രണ്ടര ലക്ഷത്തിന്റെ വായ്പയിൽ 1,35,000 ഹരിദാസ് തട്ടിയെടുത്തെന്നാണ് ആക്ഷേപം. സെക്രട്ടറി ഒളിവിലാണ്. 

കണ്ണൂർ: ഒന്നേ മുക്കാൽ കോടിയിലേറെ രൂപയുടെ ചിട്ടി തട്ടിപ്പ് നടന്ന കണ്ണൂർ (kannur) പേരാവൂർ ഹൗസ് ബിൽഡിംഗ് സൊസൈറ്റിയിൽ വായ്പാ തട്ടിപ്പും. സിപിഎം (cpm) നിയന്ത്രണത്തിലുള്ള സഹകരണ സൊസൈറ്റിയുടെ  (Cooperative society)സെക്രട്ടറി ഹരിദാസ് തന്റെ ഭവന വായ്പ വ്യാജ രേഖയുണ്ടാക്കി കൈക്കലാക്കിയെന്നാണ് പുതുശ്ശേരി സ്വദേശി ജിമ്മിയുടെ പരാതി. രണ്ടര ലക്ഷത്തിന്റെ വായ്പയിൽ 1,35,000 ഹരിദാസ് തട്ടിയെടുത്തെന്നാണ് ആക്ഷേപം. സെക്രട്ടറി ഒളിവിലാണ്. 

പേരാവൂർ പുതുശ്ശേരിയിലെ റോസമ്മയും മകൻ ജിമ്മിയും ഒരു വീട് വയ്ക്കാനായി സൊസൈറ്റിയിൽ രണ്ടരലക്ഷം രൂപ ലോണിനപേക്ഷിച്ചത് 2009 ലാണ്. 2010 മെയ് പതിനാലിന് ആദ്യ ഘടുവായ 20,000 കിട്ടി. പിന്നെ മൂന്ന് തവണയായി ആകെ 1,15,000 കൈപ്പറ്റി. വീടിന്റെ വാർപ്പ് പൂർത്തിയാക്കി. ബാക്കി പണത്തിനായി സൊസൈറ്റിയിലെത്തിയപ്പോൾ രണ്ടര ലക്ഷവും തന്നു എന്ന രേഖയാണ് സെക്രട്ടറി കാണിച്ചത്. പിന്നീടാണ് ജിമ്മിക്ക് കാര്യങ്ങൾ വ്യക്തമായത്. വീട്ടിൽ ജിമ്മിയില്ലാത്ത സമയം നോക്കി സെക്രട്ടറി ഹരിദാസ് റോസമ്മയുടെ അടുത്തെത്തി വൗച്ചറിൽ ഒപ്പുവാങ്ങി വ്യാജരേഖയുണ്ടാക്കി പണം തട്ടുകയായിരുന്നു. 

പേരാവൂർ ബിൽഡിംഗ് സൊസൈറ്റി ക്രമക്കേട്; സെക്രട്ടറി പി വി ഹരിദാസിനെ സസ്പെൻഡ് ചെയ്തു

മാസം 2500 രൂപ വച്ച് 2016വരെ ആകെ ഒരു ലക്ഷം രൂപ സൊസൈറ്റിയിലേക്ക് ജിമ്മി തിരിച്ചടിച്ചു. ലോണിന്റെ ബാക്കി കിട്ടാത്തതിനാൽ പിന്നീട് പണം അടച്ചില്ല. ഇപ്പോൾ പലിശയും പിഴ പലിശയുമടക്കം ആറ് ലക്ഷം രൂപ തിരിച്ചടക്കണമെന്നാണ് സൊസൈറ്റി പറയുന്നത്. 2011ൽ പണി മുടങ്ങിയ വീട് പത്ത് കൊല്ലമിപ്പുറവും അതേപോലെയുണ്ട്. രണ്ടു തവണ ഹൃദയാഘാതം വന്ന് ശ്വാസമെടുക്കാൻ പോലും ബുദ്ധിമുട്ടി, ജീവനും കയ്യിൽ കൊരുത്ത് റോസമ്മ ആശുപത്രികൾ കയറി ഇറങ്ങുന്നു. കൂലി പണി ചെയ്ത് അമ്മയെ പരിചരിക്കുന്ന ജിമ്മി വീട് പണി പൂർത്തിയാക്കാൻ കഴിയാതെ കടക്കെണിയിലായിരിക്കുകയാണ്. റോസമ്മയ്ക്ക് നൽകാനെന്നും പറ‌ഞ്ഞ് ഹരിദാസ് പണം നേരിട്ട് കൊണ്ടുപോവുകയായിരുന്നു എന്നാണ് സൊസൈറ്റിയിൽ അന്വേഷിച്ചപ്പോൾ ഏഷ്യാനെറ്റ് ന്യൂസ് സംഘത്തിനും വ്യക്തമായത്. 

 

click me!