
തിരുവനന്തപുരം: മുട്ടിൽ മരംമുറി കേസിൽ കോടതി തള്ളിയ കുറ്റപത്രത്തിന്റെ നിജസ്ഥിതി പരിശോധിച്ചുവരികയാണെന്ന് വനംമന്ത്രി ഷിബു ബേബി ജോൺ. സംഭവത്തിൽ വനംമന്ത്രി മാറ്റിപ്പറഞ്ഞു എന്ന രീതിയിൽ വാർത്തകൾ വളച്ചൊടിച്ചതിൽ ദൗർഭാഗ്യമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. സമർപ്പിച്ച കുറ്റപത്രത്തിൽ ചില പിശകുകളുണ്ടെന്നും ഇത് ബോധപൂർവം ചെയ്തതാണോ എന്ന് പരിശോധിക്കുമെന്നും മന്ത്രി അറിയിച്ചു. വിഷയത്തിൽ പി.സി.സി.എഫിനോട് (PCCF) അടിയന്തര റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും വനം മന്ത്രി വ്യക്തമാക്കി.
കേസിൽ 108 ഈട്ടി മരങ്ങൾ മുറിച്ചത് വനം വകുപ്പ് നേരത്തെ പിടിച്ചെടുത്തിരുന്നുവെന്ന് മന്ത്രി പറഞ്ഞു. ഇതിൽ ഒമ്പത് മരങ്ങൾ മുറിച്ചുമാറ്റിയത് പട്ടയഭൂമിയിൽ നിന്നല്ലെന്ന് വ്യക്തമായിട്ടുണ്ട്. ഇത്തരത്തിൽ വൻ തുക വിലമതിക്കുന്ന ഈട്ടിമരങ്ങൾ ഉൾപ്പെടെ മുറിച്ചുകടത്തിയത് ഒട്ടും ശരിയല്ല. കേസിന് ആസ്പദമായ വിവാദ റവന്യൂ ഉത്തരവ് ഇറക്കാനുള്ള കാരണത്തെക്കുറിച്ചും അന്വേഷിക്കേണ്ടതുണ്ട്. ആ ഉത്തരവിനെക്കുറിച്ചും റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. മുട്ടിൽ മരംമുറി കേസ് പൊളിഞ്ഞുപോയിട്ടില്ലെന്ന് വ്യക്തമാക്കിയ മന്ത്രി, ചില സ്വാർത്ഥമതികൾ നടത്തിയ ഇത്തരത്തിലുള്ള വലിയ കൊള്ളകൾ കാരണമാണ് യഥാർത്ഥ കർഷകർ ഇന്ന് ദുരിതത്തിലായതെന്നും കൂട്ടിച്ചേർത്തു.
മുഖ്യമന്ത്രി മാധ്യമപ്രവർത്തകരോട് രോഷത്തോടെ പെരുമാറിയ സംഭവത്തിലും വനം മന്ത്രി പ്രതികരിച്ചു. സംഭവത്തിൽ മാധ്യമപ്രവർത്തകരെ കുറ്റപ്പെടുത്തിയ മന്ത്രി, 'ഒറ്റ ചോദ്യമാണ്, എന്നിട്ട് തള്ളാണ്. ജനങ്ങളും അതിൽ പെട്ട പോയി, സ്ത്രീകൾ അടക്കം. മുഖ്യമന്ത്രി അദ്ദേഹത്തിന്റെ ശൈലിയിൽ മറുപടി പറഞ്ഞതാണ്. താൻ ദൃക്‌സാക്ഷിയാണെന്നും അദ്ദേഹം വ്യക്തമാക്കി.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam