കൊല്ലം: ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപനം വന്നതോടെ ചവറ തെരഞ്ഞെടുപ്പ് ചൂടിലേക്ക്. ഷിബു ബേബി ജോൺ തന്നെയാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥി. സിപിഎം ഏറ്റെടുത്ത സീറ്റിൽ പുതുമുഖം മത്സരത്തിനെത്താനാണ് സാധ്യത. സ്ഥാനാര്‍ത്ഥി നിര്‍ണയം വൈകില്ലെന്ന് എൻഡിഎയും പറയുന്നു.
ചവറയിൽ എല്ലാം അപ്രതീക്ഷതമായിരുന്നു. സിഎംപി സ്ഥാനാര്‍ത്ഥിയായി മത്സരിച്ച എൻ വിജയൻ പിള്ള, മുൻ മന്ത്രികൂടിയായിരുന്ന ഷിബു ബേബി ജോണിനെ 6189 വോട്ടിന് മലര്‍ത്തിയടിച്ച തെരഞ്ഞെടുപ്പ്, വിജയൻ പിള്ളയുടെ വിയോഗത്തോടെ ഒരുങ്ങിയ ഉപതെരഞ്ഞെടുപ്പ് കളം. പുതുമുഖത്തെ നിര്‍ത്തി ഫലം ആവര്‍ത്തിക്കാനാകും ഇടത് മുന്നണി ശ്രമം. വിജയന്‍ പിള്ളയുടെ മകന്‍ സുജിത് വിജയന്‍ ചവറ ഏരിയ സെക്രട്ടറി മനോഹരന്‍ എന്നിവരുടെ പേരുകളാണ് സജീവ പരിഗണനയിലുണ്ട്. ആര്‍എസ്പിക്ക് വളക്കൂറുള്ള മണ്ണിൽ ഷിബു ബേബി ജോണിന് അപ്പുറമൊരു സ്ഥാനാര്‍ത്ഥി ചര്‍ച്ച യുഡിഎഫിലില്ല. ലോക് സഭാ തെരഞ്ഞെടുപ്പിൽ മണ്ഡലത്തിലെ മികച്ച പ്രകടനം യുഡിഎഫിന്‍റെ ആത്മവിശ്വാസം കൂട്ടുന്നു.
മണ്ഡലത്തിൽ ബിജെപി സ്ഥാനാര്‍ത്ഥി തന്നെ മത്സരിക്കുമെന്ന് എൻഡിഎ കേന്ദ്രങ്ങളും പറയുന്നു. വൈകാതെ പ്രഖ്യാപനം ഉണ്ടാകും. തദ്ദേശ തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് താഴേ തട്ടുമുതൽ പ്രവര്‍ത്തനങ്ങൾ ശക്തിപ്പെടുത്തി മുന്നോട്ട് പോകുന്നതിനാൽ ഉപതെരഞ്ഞെടുപ്പ് ഒരു വെല്ലുവിളിയല്ലെന്നാണ് മൂന്ന് മുന്നണികളും ഒരു പോലെ പറയുന്നത്. മണ്ഡലത്തിൽ അഞ്ച് പഞ്ചായത്തുകളും കൊല്ലം കോർപറേഷനിലെ ഏഴ് വാര്‍ഡുകളും ഉണ്ട്. 1977 ല്‍ മണ്ഡലം രൂപീകരിച്ചതിന് ശേഷം ഇടത് വലത് മാറി മാറി പരീക്ഷിക്കുന്ന സ്വഭാവമാണ് മണ്ഡലത്തിനുള്ളത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam