ചവറയിൽ ഇക്കുറി മക്കൾ പോരോ ? യുഡിഎഫിനായി ഷിബു ബേബി ജോണും എൽഡിഎഫിനായി ഡോക്ടർ സുജിത്തും

By Web TeamFirst Published Feb 6, 2021, 9:18 AM IST
Highlights

കഴിഞ്ഞ തവണ തോറ്റെങ്കിലും അഞ്ചു വര്‍ഷവും ചവറയില്‍ സജീവമായിരുന്നു ഷിബു ബേബി ജോൺ. മുന്‍ എംഎല്‍എ വിജയന്‍ പിളളയുടെ മകന്‍ ഡോക്ടര്‍ സുജിത്താണ് ഷിബുവിനെ എതിരിടാന്‍ ഇടതുമുന്നണിക്കായി അണിയറയില്‍ തയ്യാറെടുക്കുന്നത്.

കൊല്ലം: ചവറയിൽ ഇത്തവണ മക്കൾ പോരിനാണ് കളമൊരുങ്ങുന്നത്. ആര്‍എസ്പിയുടെ കരുത്തനായ നേതാവ് ബേബിജോണിന്‍റെ മകനും മുന്‍ മന്ത്രിയുമായ ഷിബു ബേബി ജോണിന്‍റെ സ്ഥാനാര്‍ഥിത്വം പാര്‍ട്ടി പ്രഖ്യാപിച്ചു കഴിഞ്ഞു. മുന്‍ എംഎല്‍എ വിജയന്‍ പിളളയുടെ മകന്‍ ഡോക്ടര്‍ സുജിത്താണ് ഷിബുവിനെ എതിരിടാന്‍ ഇടതുമുന്നണിക്കായി അണിയറയില്‍ തയ്യാറെടുക്കുന്നത്.

രണ്ടു തവണ എംഎല്‍എയും ഒരു വട്ടം മന്ത്രിയുമൊക്കെയായെങ്കിലും ചവറക്കാരില്‍ ഭൂരിപക്ഷത്തിനും ഇപ്പോഴും ബേബി ജോണ്‍ സാറിന്‍റെ മകനാണ് ഷിബു. വോട്ടര്‍മാര്‍ക്കിടയില്‍ ഇന്നുമുളള ഈ വൈകാരികത തന്നെയാണ് ചവറയിലെ ഷിബു ബേബി ജോണിന്‍റെ സ്ഥാനാര്‍ഥിത്വം ഏറെ നേരത്തെ പ്രഖ്യാപിക്കാനുളള ധൈര്യം യുഡിഎഫ് നേതൃത്വത്തിന് നല്‍കുന്നതും.

കഴിഞ്ഞ തവണ തോറ്റെങ്കിലും അഞ്ചു വര്‍ഷവും ചവറയില്‍ സജീവമായിരുന്നു ഷിബു. ആര്‍എസ്പിക്കാരെക്കാള്‍ മണ്ഡലത്തിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പ്രശ്നങ്ങളില്‍ സജീവ ഇടപെടല്‍ നടത്തുന്ന ഷിബുവിനായി തെക്കിന്‍റെ വല്യേട്ടന്‍ എന്നു വരെയുളള വിശേഷണങ്ങളുമായാണ് നവമാധ്യമങ്ങളില്‍ യൂത്ത് കോണ്‍ഗ്രസുകാര്‍ പ്രചാരണം തുടങ്ങിയിരിക്കുന്നതും. മറുവശത്ത് ജനകീയ ഡോക്ടര്‍ എന്ന വിശേഷണത്തോടെയാണ് മുന്‍ എംഎല്‍എ വിജയന്‍പിളളയുടെ മകന്‍ സുജിത്തിനായി ഇടത് അണികളുടെ നവമാധ്യമ പ്രചരണം. 

മാധ്യമങ്ങള്‍ക്കു മുന്നിലെത്താന്‍ മടി കാണിക്കുന്നുണ്ടെങ്കിലും മണ്ഡലത്തിലെ പാര്‍ട്ടി പരിപാടികളിലെല്ലാം സജീവമാണ് ചവറക്കാരുടെ വിജയന്‍പിളള ചേട്ടന്‍റെ മകന്‍. ഇക്കഴിഞ്ഞ പഞ്ചായത്ത് തിരഞ്ഞെടുപ്പിലും ഇടത് സ്ഥാനാര്‍ഥികളുടെ പ്രചാരണത്തില്‍ സുജിത് സജീവമായിരുന്നു.

കേരള പര്യടനത്തിന് കൊല്ലത്തെത്തിയ മുഖ്യമന്ത്രി തന്നെ സ്ഥാനാര്‍ഥിത്വത്തെ പറ്റിയുളള ഉറപ്പ് സുജിത്തിന് നല്‍കിയെന്നാണ് സിപിഎമ്മിലെ അണിയറ വര്‍ത്തമാനം. ഇതിനിടെ ചവറ സീറ്റിനായി കേരള കോണ്‍ഗ്രസ് എമ്മും സിപിഐയും രംഗത്തു വന്നത് ഇടതുമുന്നണിയില്‍ നേരിയ ആശയക്കുഴപ്പത്തിനും വഴിവച്ചിട്ടുണ്ട്.

click me!