വിദേശ മലയാളിയിൽ നിന്ന് 11. 5 കോടി തട്ടിയെടുത്ത കേസ്; എറണാകുളത്ത് ഹോട്ടൽ ഉടമ അറസ്റ്റിൽ

By Web TeamFirst Published Oct 8, 2020, 7:52 PM IST
Highlights

പിറവം സ്വദേശിയായ സി കെ വിജയനെ എറണാകുളം മരട് പൊലീസാണ് പിടികൂടിയത്. വൈറ്റിലയിലെ വെഞ്ച്യൂറ ഹോട്ടലിന്‍റെ നിര്‍മ്മാണവുമായി ബന്ധപ്പെട്ടുണ്ടായ സാമ്പത്തിക ഇടപാടുകളാണ് അറസ്റ്റിലേക്ക് എത്തിയത്. 

കൊച്ചി: വിദേശമലയാളിയില്‍ നിന്ന് പതിനൊന്നര കോടി രൂപ തട്ടിയെടുത്ത ഹോട്ടല്‍ കൊച്ചിയില്‍ ഉടമ അറസ്റ്റില്‍. വൈറ്റിലയിലെ വെഞ്ച്യൂറ ഹോട്ടല്‍ ഉടമ സി കെ വിജയനാണ് പിടിയിലായത്. ദുബായിലെ വ്യവസായിയെയും ഭാര്യയെയുമാണ് ഇയാൾ കബളിപ്പിച്ചത്. ഹോട്ടലില്‍ നിക്ഷേപമെന്ന പേരിലായിരുന്നു ഇയാള്‍ പണം വാങ്ങിയത്.

പിറവം സ്വദേശിയായ സി കെ വിജയനെ എറണാകുളം മരട് പൊലീസാണ് പിടികൂടിയത്. വൈറ്റിലയിലെ വെഞ്ച്യൂറ ഹോട്ടലിന്‍റെ നിര്‍മ്മാണവുമായി ബന്ധപ്പെട്ടുണ്ടായ സാമ്പത്തിക ഇടപാടുകളാണ് അറസ്റ്റിലേക്ക് എത്തിയത്. ഹോട്ടല്‍ നിര്‍മ്മാണത്തിന് നിക്ഷേപം ആവശ്യപ്പെട്ട് തൃപ്പൂണിത്തുറ സ്വദേശിയായ എന്‍ആര്‍ഐ വ്യവസായിയെ സി കെ വിജയൻ സമീപിക്കുന്നതോടെയാണ് തട്ടിപ്പിന്‍റെ തുടക്കം. 4 സ്റ്റാര്‍ പദവിയുള്ള ഹോട്ടല്‍ നിര്‍മ്മിക്കാൻ 4 കോടി രൂപ നിക്ഷേപമായി വേണമെന്ന് 2018 ഒക്ടോബറില്‍ ആവശ്യപ്പെട്ടു. പ്രവാസി വ്യവസായി ആദ്യം സമ്മതിച്ചില്ലെങ്കിലും പിന്നീട് പണം നിക്ഷേപിക്കാൻ തീരുമാനിക്കുകയായിരുന്നു. പല തവണയായി സി കെ വിജയൻ പതിനൊന്നര കോടി രൂപ വാങ്ങിയെടുത്തു. എന്നാല്‍ അതിനുള്ള നിര്‍മ്മാണ പ്രവര്‍ത്തനങ്ങളൊന്നും വെ‌ഞ്ച്യൂറ ഹോട്ടലില്‍ നടത്തിയതുമില്ല. 

തട്ടിപ്പിന് ഇരയായെന്ന് മനസിലാക്കിയ പ്രവാസി വ്യവസായി പണം തിരികെ ചോദിച്ചു. പണം തിരികെ നല്‍കാനും സി കെ വിജയൻ തയ്യാറായില്ല. ഇതോടെ പരാതിയുമായി എറണാകുളം സിറ്റി പൊലീസ് കമ്മീഷണറെ സമീപിക്കുകയായിരുന്നു. കേസില്‍ സി കെ വിജയന്‍റെ ഭാര്യ ശാലിനി വിജയൻ, സഹോദരന്‍റെ ഭാര്യ സൈറ തന്പി കൃഷ്ണൻ എന്നിവരും പ്രതികളാണ്. ഹോട്ടലിന്‍റെ ഡയറക്ടര്‍മാരാണ് ഇരുവരും.

click me!