എംജിയില്‍ ഗ്രേസ് മാര്‍ക്കിലും തട്ടിപ്പ്; അനധികൃത ഗ്രേസ് മാര്‍ക്ക് നേടിയത് നിരവധി പേര്‍

By Web TeamFirst Published Dec 15, 2019, 6:51 AM IST
Highlights

ബിരുദ കോഴ്സുകള്‍ക്ക് പെര്‍ഫോമൻസ് ഇയര്‍ നിബന്ധന ഒഴിവാക്കിയത് വഴി നിരവധി വിദ്യാര്‍ത്ഥികള്‍ അനധികൃതമായി ഗ്രേസ് മാര്‍ക്ക് നേടി. 

കോട്ടയം: എംജി സര്‍വ്വകലാശാലയില്‍ ഗ്രേസ് മാര്‍ക്കിലും കള്ളക്കളി. ബിരുദ കോഴ്സുകള്‍ക്ക് പെര്‍ഫോമൻസ് ഇയര്‍ നിബന്ധന ഒഴിവാക്കിയത് വഴി നിരവധി വിദ്യാര്‍ത്ഥികള്‍ അനധികൃതമായി ഗ്രേസ് മാര്‍ക്ക് നേടി. യൂണിയൻ നേതാവിന്‍റെ കത്തിന്‍റെ അടിസ്ഥാനത്തില്‍ ബിരുദാനന്തര കോഴ്സിനും ഗ്രേസ് മാര്‍ക്കില്‍ ഇളവ് നല്‍കാനൊരുങ്ങുകയാണ് സര്‍വ്വകലാശാല. എൻഎസ്എസ്, സ്പോര്‍ട്സ്, എൻസിസി, മറ്റ് സാംസ്‍കാരിക പരിപാടികള്‍ എന്നിവയ്ക്കാണ് സര്‍വ്വകലാശാല ഗ്രേസ് മാര്‍ക്ക് നല്‍കുന്നത്. ഓരോ വര്‍ഷവും ഏതൊക്കെ ഇനത്തില്‍ പങ്കെടുത്തു എന്നതിനനുസരിച്ച് ആ വര്‍ഷം തന്നെ ഗ്രേസ് മാര്‍ക്ക് നല്‍കും. 

ഒരു വിദ്യാര്‍ത്ഥി 2018 ല്‍ സ്പോര്‍ട്സില്‍ വിജയം കരസ്ഥമാക്കിയെങ്കില്‍ ആ വര്‍ഷം മാത്രമേ ഗ്രേസ് മാര്‍ക്ക് നല്‍കാവൂ.തുടര്‍ന്നുള്ള വര്‍ഷങ്ങളിലും പാഠ്യേതര പ്രവര്‍ത്തനങ്ങളില്‍ പങ്കെടുത്ത് വിജയം നേടിയാലേ വീണ്ടും ഗ്രേസ് മാര്‍ക്ക് ലഭിക്കു.ഇതാണ് പെര്‍ഫോമൻസ് ഇയര്‍ ഗ്രേസ് മാര്‍ക്ക്. കുട്ടികള്‍ക്ക് നഷ്ടപ്പെടുന്ന അധ്യയന ദിവസങ്ങള്‍ക്ക് പകരമായാണ് അതേ വര്‍ഷം തന്നെ ഗ്രേസ് മാര്‍ക്ക് നല്‍കുന്നത്.എന്നാല്‍ ഈ സംവിധാനം സര്‍വ്വകലാശാല എടുത്ത് മാറ്റി. പെര്‍ഫോമൻസ് ഇയര്‍ നിബന്ധന ഒഴിവാക്കി.പകരം വിദ്യാര്‍ത്ഥി വരുന്ന സെമസ്റ്ററുകളില്‍ തോല്‍ക്കുന്നോ ആ വിഷയത്തിന് ആ വര്‍ഷം പാഠ്യേതര പ്രവര്‍ത്തനങ്ങളില്‍ പങ്കെടുത്തില്ലെങ്കിലും ഗ്രേസ് മാര്‍ക്ക് നല്‍കാം എന്ന തീരുമാനമെടുത്തു.

അതായത് പാഠ്യേതര പ്രവര്‍ത്തനങ്ങളില്‍ പങ്കെടുത്തില്ലെങ്കിലും വിദ്യാര്‍ത്ഥി തോറ്റാല്‍ ഗ്രേസ്‍മാര്‍ക്കി നല്‍കി ജയിപ്പിക്കാം. പഠിക്കുന്ന കോഴ്സില്‍ മുൻപ് എപ്പോഴെങ്കിലും പാഠ്യേതര പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടാല്‍ മാത്രം മതി. 2015 ല്‍ അഡ്മിഷൻ നേടിയവര്‍ക്ക് മാത്രമാണ് ഇത് ബാധകമാക്കിയിരുന്നത്. എന്നാല്‍ സിൻഡിക്കേറ്റംഗം ഡോ ആര്‍ പ്രഗാഷിന്‍റെ ശുപാര്‍ശയില്‍ 2016- 19 ലെ വിദ്യാര്‍ത്ഥികള്‍ക്കും ഈ ആനുകൂല്യമുണ്ടെന്ന് ഇക്കഴിഞ്ഞ ജൂണില്‍ വീണ്ടും ഉത്തരവിറക്കി. എറണാകുളം ജില്ലയില്‍ നിന്നുള്ള സിൻഡിക്കേറ്റംഗം പഠിപ്പിക്കുന്ന വിദ്യാര്‍ത്ഥിക്ക് വേണ്ടിയാണ് പെര്‍ഫോമൻസ് ഇയര്‍ നിബന്ധന ഒഴിവാക്കിയതെന്ന ആക്ഷേപവും ശക്തമാണ്. 
 

click me!