
ആലപ്പുഴ: പുന്നപ്രയിലെ കൊവിഡ് ഡൊമിസിലറിയിൽ അവശനിലയിലായിരുന്ന രോഗിയെ ആശുപത്രിയിലെത്തിക്കാൻ ആംബുലൻസ് വൈകിയപ്പോൾ, കാത്തുനിൽക്കാതെ ബൈക്കിലേറ്റിയ സന്നദ്ധ പ്രവർത്തകര്‍ക്ക് അഭിനന്ദനപ്രവാഹം. ഡൊമിസിലറി സെന്‍ററിൽ പതിവുപോലെ ഭക്ഷണ വിതരണത്തിനെത്തിയപ്പോഴാണ് ഡിവൈഎഫ്ഐ പ്രവർത്തകരായ അശ്വിനും രേഖയും രോഗിയുടെ അവശത കണ്ടറിഞ്ഞ് ഉണർന്നുപ്രവർത്തിച്ചത്.
മുഖ്യമന്ത്രി പിണറായി വിജയനടക്കമുള്ളവർ ഇരുവരെയും അഭിനന്ദിച്ച് രംഗത്തെത്തി. അവസരത്തിനൊത്ത് ഉയര്‍ന്ന് പ്രവര്‍ത്തിച്ച യുവാക്കളെ അഭിനന്ദിക്കുന്നുവെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. തോമസ് ഐസക്ക്, കടകംപള്ളി സുരേന്ദ്രൻ, ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി എ എ റഹീം തുടങ്ങി നിരവധി പേരാണ് സോഷ്യൽ മീഡിയയിൽ ഇരുവരെയും അഭിനന്ദിച്ച് രംഗത്തെത്തിയത്. രോഗിയുടെ അവശത കണ്ടപ്പോൾ ഒരുമിനിറ്റെങ്കിൽ ഒരുമിനിറ്റിനു മുന്നേ ആശുപത്രിയിൽ എത്തിക്കുന്നതാണ് നല്ലതെന്നു കരുതിയ അശ്വിനും രേഖയും എല്ലാവർക്കും ആവേശം പകരുമെന്നായിരുന്നു ഐസക്ക് കുറിച്ചത്. പ്രിയപ്പെട്ട രേഖയ്ക്കും അശ്വിനും അഭിവാദ്യങ്ങളെന്നായിരുന്നു കടകംപള്ളിയുടെ കുറിപ്പ്. നന്മകൾക്ക് നിറം മങ്ങിയിട്ടില്ലെന്നു കാട്ടിത്തരികയായിരുന്നു ഇവരെന്നും അപരനോടുള്ള സ്നേഹവും കരുതൽ മറ്റെന്തിനേക്കാളും മഹത്തരമാണെന്നും തെളിയിച്ചെന്നുമായിരുന്നു റഹീം കുറിച്ചത്. ഒരു ജീവനായി ഉണര്‍ന്നുപ്രവര്‍ത്തിച്ച ഇരുവരെയും അഭിന്ദിച്ചുകൊണ്ടുള്ള പോസ്റ്റുകളാണ് സമൂഹമാധ്യമങ്ങളില്‍ ഏറെയും.
അതേസമയം പുന്നപ്രയിലെ കൊവിഡ് ഡൊമിസിലറിയിൽ ആംബുലൻസ് വൈകിയതിൽ പരസ്പര വിരുദ്ധമായ വിശദീകരണമാണ് ജില്ലാ കളക്ടറും ഡിഎംഒയും നൽകിയത്. ആംബുലൻസ് എത്തുന്നതിനു തൊട്ടു മുൻപ് രോഗിയെ കൊണ്ടുപോയി എന്ന് കളക്ടറും ആരും അറിയിച്ചില്ലെന്ന് ഡിഎംഒയും പറഞ്ഞു. വീട്ടിൽ നിരീക്ഷണത്തിൽ കഴിയുന്ന രോഗികൾക്ക് അടക്കം കൃത്യസമയത്ത് ആംബുലൻസ് ഉറപ്പാക്കണമെന്ന് നിബന്ധന ഉള്ളപ്പോഴാണ് രോഗിക്ക് ആംബുലന്‍സ് കിട്ടാതെ വന്നത്. ആദ്യം സഹകരണ ആശുപത്രിയിലും പിന്നീട് ആലപ്പുഴ ജനറൽ ആശുപത്രിയിൽ എത്തിച്ച് രോഗിയുടെ നില തൃപ്തികരമാണെന്ന് ഡോക്ടർമാർ അറിയിച്ചു.
നമസ്തേ കേരളത്തിൽ അതിഥികളായി അശ്വിനും രേഖയും: കാണാം വീഡിയോ
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam