
തിരുവനന്തപുരം. തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ സര്‍ജറി-പ്ലാസ്റ്റിക് സര്‍ജറി വിഭാഗം ഡയറക്ടറായിരുന്ന കുമാരപുരം പുല്ലംപള്ളില്‍ വീട്ടില്‍ ഡോ. പി എ തോമസ് നിര്യാതനായി (92). സര്‍ക്കാര്‍ മെഡിക്കല്‍ കോളജില്‍ ആദ്യമായി പ്ലാസ്റ്റിക് സര്‍ജറി വിഭാഗം തുടങ്ങിയത് ഡോ. പി എ തോമസായിരുന്നു. സംസ്‌കാരം ഒമ്പതാം തീയതി രണ്ട് മണിക്ക് ശ്രീകാര്യം ബെഥേല്‍ മാര്‍ത്തോമ പള്ളിയില്‍ നടക്കും.
അസോസിയേഷന് ഓഫ് പ്ലാസിറ്റിക് സര്‍ജന്‍സ് ഓഫ് ഇന്ത്യയുടെ പ്രസിഡന്റായ ആദ്യത്തെ മലയാളിയാണ് റാന്നി സ്വദേശിയായ ഡോ.തോമസ്. മുംബൈ ഗ്രാന്‍ഡ് മെഡിക്കല്‍ കോളജില്‍ നിന്ന് എംബിബിഎസും എംഎസും പൂര്‍ത്തിയാക്കിയ ശേഷം തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ സര്‍ജറി വിഭാഗത്തില്‍ ജോലിയില്‍ പ്രവേശിച്ചു. യുകെയിലെ ഈസ്റ്റ് ഗ്രിന്‍സെഡില്‍ പ്ലാസ്റ്റിക് സര്‍ജറി പരിശീലനം പൂര്‍ത്തിയാക്കിയ ശേഷം സംസ്ഥാനത്ത് ആദ്യത്തെ പ്ലാസ്റ്റിക് സര്‍ജറി ഡിപ്പാര്‍ട്ട്‌മെന്റിന് തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ തുടക്കമിട്ടു. മികച്ച അധ്യാപകനും സര്‍ജനുമായിരുന്ന അദ്ദേഹം. തിരുവനന്തപുരം മെഡിക്കല്‍ കോളജ് സര്‍ജറി-പ്ലാസ്റ്റിക് സര്‍ജറി വിഭാഗങ്ങളുടെ ഡയറക്ടറായാണ് വിരമിച്ചത്.
കേരളത്തിലെ ആദ്യത്തെ ലിംഗമാറ്റ ശസ്ത്രക്രിയക്ക് നേതൃത്വം നല്‍കിയതും ഡോ. പി എ തോമസ് ആയിരുന്നു. സര്‍വീസിന്റെ ഏറിയ പങ്കും പക്ഷേ തീപ്പൊള്ളലേറ്റവരുടെ ശസ്ത്രക്രിയയാണ് അദ്ദേഹം നടത്തിയത്. മാര്‍ത്തോമ സഭയുമായും സഭയുടെ സ്ഥാപനങ്ങളുമായും അടുത്തു പ്രവര്‍ത്തിച്ചിരുന്ന ഡോ.തോമസാണ് സഭയുടെ കീഴിലുള്ള ആദ്യത്തെ ഹോസ്പിറ്റല്‍ ഗൈഡന്‍സ് സൊസൈറ്റിക്ക് തിരുവനന്തപുരത്ത് രൂപംകൊടുക്കാന്‍ നേതൃത്വം നല്‍കിയത്.
കൊല്ലം പാറപ്പാട്ട് കുടുംബാംഗം ലീലയാണ് ഭാര്യ. ഡോ. റോഷന്‍ തോമസ് ( അനസ്തസ്യോളജിസ്റ്റ്, പുനെ), ഡോ. ഉഷാ ടൈറ്റസ് ഐ എ എസ്( മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി, കേരള), ഡോ.ആഷാ തോമസ് ഐ എ എസ് (അഡി.ചീഫ് സെക്രട്ടറി, കേരള) എന്നിവരാണ് മക്കള്‍. എസ് എസ് എല്‍ സിപരീക്ഷകളിലെ റാങ്ക് ജേതാക്കളായിരുന്നു മൂവരും. ടി സി ബെഞ്ചമിന്‍ (റിട്ട.അഡി.ചീഫ് സെക്രട്ടറി, മഹാരാഷ്ട്ര), ഡോ.ടൈറ്റസ് പി.കോശി ( മുന്‍ എക്‌സിക്യുട്ടിവ് ഡയറക്ടര്‍, റയില്‍വേ ബോര്‍ഡ് ), മാത്യു ചാണ്ടി (അര്‍ബന്‍ ഡവലപ്‌മെന്റ് സ്‌പെഷ്യലിസ്റ്റ്, യുഎസ് എ) എന്നിവരാണ് മരുമക്കള്‍. പേരമക്കള്‍: ഡോ.ആദിത്യ ബെഞ്ചമിന്‍ (ഓസ്‌ട്രേലിയ), അമൃീത ടൈറ്റസ് (ജോ.കമ്മിഷണര്‍, കസ്റ്റംസ് , ഗോവ), പ്രിയങ്കാ തോമസ് ( ഡപ്യൂട്ടി കമ്മിഷണര്‍, ഇന്‍കം ടാക്‌സ് , മുംബൈ), അലക്‌സാ ശ്യാമ (വിദ്യാര്‍ത്ഥി).
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam