'സംസ്ഥാനത്തിന്‍റെ ആവശ്യം പരിഗണിച്ചതില്‍ സന്തോഷം'; സൗജന്യ വാക്സീൻ തീരുമാനം സ്വാഗതം ചെയ്ത് മുഖ്യമന്ത്രി

By Web TeamFirst Published Jun 7, 2021, 9:06 PM IST
Highlights

വാക്സീൻ വാങ്ങുന്നതിനായി സംസ്ഥാനങ്ങൾ വലിയ തുക ചെലവഴിക്കേണ്ട സാഹചര്യവും ഇതുവഴി ഒഴിവാക്കാൻ സാധിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
 

തിരുവനന്തപുരം: സംസ്ഥാനങ്ങൾക്ക് സൗജന്യമായി വാക്സീൻ നൽകുമെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ തീരുമാനം സ്വാഗതം ചെയ്യുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സംസ്ഥാനത്തിന്‍റെ ആവശ്യം പരിഗണിച്ചതില്‍ സന്തോഷം. രാജ്യത്ത് കൊവിഡിനെതിരെ പ്രതിരോധം സൃഷ്ടിക്കുന്നതിന് പുതിയ നയം വലിയ തോതിൽ സഹായകമാകും. വാക്സീൻ വാങ്ങുന്നതിനായി സംസ്ഥാനങ്ങൾ വലിയ തുക ചെലവഴിക്കേണ്ട സാഹചര്യവും ഇതുവഴി ഒഴിവാക്കാൻ സാധിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

രാജ്യത്തെ വാക്സീൻ നയത്തിൽ മാറ്റം വരുത്തുന്നതായും 18 വയസ്സിന് മുകളിലുള്ള എല്ലാവർക്കും സൗജന്യ വാക്സീൻ നൽകുമെന്ന നിർണായക പ്രഖ്യാപനവുമാണ് പ്രധാനമന്ത്രി ഇന്നുനടത്തിയത്. ജൂൺ 21 മുതലാണ് 18 വയസ്സിന് മുകളിലുള്ള എല്ലാവർക്കും സൗജന്യ വാക്സീൻ നൽകുക. സംസ്ഥാനങ്ങൾക്ക് കേന്ദ്രം സൗജന്യമായി വാക്സീൻ വാങ്ങി നൽകും. 

അതേസമയം, സ്വകാര്യ ആശുപത്രികൾക്ക് 25 ശതമാനം വാക്സീൻ വാങ്ങാം. വാക്സീൻ വിലയ്ക്ക് പുറമേ പരമാവധി 150 രൂപ സർവീസ് ചാ‍ർജ് മാത്രമേ വാങ്ങാനാകു. തോന്നിയ വില ഈടാക്കാനാകില്ലെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. രാജ്യത്ത് പുതുതായി രണ്ട് വാക്സീൻ കൂടി വരുമെന്നും പ്രധാനമന്ത്രി പ്രഖ്യാപിച്ചു. നിലവിൽ ഏഴ് കമ്പനികൾ വാക്സീനുകൾ നിർമിക്കുന്നുണ്ട്. നേസൽ വാക്സീൻ - മൂക്കിലൂടെ നൽകുന്ന വാക്സീനും വികസിപ്പിക്കാനുള്ള പ്രവർത്തനങ്ങൾ തുടരുകയാണെന്നും പ്രധാനമന്ത്രി പ്രഖ്യാപിച്ചു. 

click me!