വിഴിഞ്ഞത്ത് സമവായ നീക്കം: ചീഫ് സെക്രട്ടറി മലങ്കര, ലത്തീന്‍ സഭാധ്യക്ഷന്മാരുമായി ചര്‍ച്ച നടത്തി

By Web TeamFirst Published Dec 3, 2022, 3:44 PM IST
Highlights

ഗാന്ധി സ്മാരക നിധിയുടെ മധ്യസ്ഥതയിലും ഒത്തുതീർപ്പ് ചർച്ച നടക്കും. സർക്കാരുമായും സമരസമിതിയുമായും അദാനി ഗ്രൂപ്പുമായും സംസാരിക്കും. 

തിരുവനന്തപുരം: വിഴിഞ്ഞം സമരം ഒത്തുതീർപ്പാക്കാന്‍ സമവായ നീക്കങ്ങൾ സജീവം. കർദ്ദിനാൾ ക്ലിമിസ് കാതോലിക്കാ ബാവയുടെ സാന്നിധ്യത്തിൽ ചീഫ് സെക്രട്ടറി ലത്തിൻ അതിരൂപത ആ‌ർച്ച് ബിഷപ്പും സമരസമിതി നേതാക്കളുമായി ചർച്ച നടത്തി. എന്തും സംഭവിക്കാവുന്ന സ്ഥിതിയിലേക്ക് വിഴിഞ്ഞം മാറിയതോടെയാണ് പല തട്ടിലെ അനുനയനീക്കങ്ങൾ നടക്കുന്നത്. കർദ്ദിനാൾ ക്ലിമിസ് കാതോലിക്കാ ബാവ മുൻകെ എടുത്താണ് ചീഫ് സെക്രട്ടറിയും ലത്തീൻ രൂപതയും തമ്മിലെ ചർച്ചക്ക് കളമൊരുക്കിയത്. ആ‌ർച്ച് ബിഷപ്പ് തോമസ് ജെ നെറ്റോ സമരസമിതി ജനറൽ കൺവീനർ യൂജിൻ പെരേരെ എന്നിവർ ചർച്ചക്കെത്തി. 

ഇനിയൊരു സംഘർഷം ഒഴിവാക്കണമെന്നാണ് പൊതുവിലുണ്ടായ ധാരണ. അതേസമയം തുറമുഖ നിർമ്മാണം നിർത്തിവെക്കണമെന്ന തർക്ക വിഷയത്തിൽ ധാരണയായിട്ടില്ല. ആ‌ർച്ച് ബിഷപ്പ് അടക്കമുള്ളവർക്കെതിരായ കേസും പ്രശ്‍നമാണ്. തീരത്തെ സംഘർഷത്തിലും പൊലീസ് സ്റ്റേഷൻ ആക്രമണത്തിലും കേസെടുത്തെങ്കിലും അറസ്റ്റിലേക്ക് ഉടൻ പൊലീസ് കടക്കാത്തതും സംഘർഷം ഒഴിവാക്കാനാണ്. തീരശോഷണം പഠിക്കാനുള്ള വിദഗ്ധ സമിതിയിലേക്ക് സമരസമിതി നിർദ്ദേശിക്കുന്ന ഒരാളെ കൂടി അംഗമാക്കണമെന്ന ഒത്തുതീർപ്പ് നിർദ്ദശം പരിഗണനയിലാണ്. 

ചീഫ് സെക്രട്ടറി തല ചർച്ചക്ക് ശേഷം മുഖ്യമന്ത്രിയെ അടുത്ത ഘട്ട ചർച്ചക്ക് എത്തിക്കാനാണ് മധ്യസ്ഥരുടെ നീക്കം. മാറാട് മോഡലിൽ ഗാന്ധിസ്മാരകനിധിയും ഒത്ത് തീർപ്പിന് ഇറങ്ങുന്നു. ചർച്ചകൾക്കായി കോർഗ്രൂപ്പ് ഉണ്ടാക്കി. ഗാന്ധിസ്മാരകനിധി ചെയർമാൻ എൻ രാധാകൃഷ്ണൻ, ജസ്റ്റിസ് ഹരിഹരൻ നായർ, ടി പി ശ്രീനിവാസൻ, ജോർജ്ജ് ഓണക്കൂർ എന്നിവരാണ് കോർ ഗ്രൂപ്പിൽ.

അതേസമയം വിഴിഞ്ഞം പദ്ധതിക്ക് കേന്ദ്രസേനയെ കൊണ്ടുവരാനുളള നീക്കത്തിൽ കൈകഴുകാനാണ് സംസ്ഥാന സർക്കാർ നീക്കം. കേന്ദ്രസേനയെ കൊണ്ടുവരാൻ ആവശ്യപ്പെട്ടത് സർക്കാരല്ലെന്നും അദാനി കമ്പനിയാണെന്നുമാണ് പരസ്യനിലപാട് . എത്ര എതിർപ്പുണ്ടായാലും വിഴിഞ്ഞ പദ്ധതിയുമായി മുന്നോട്ടുപോകണമെന്നാണ് മുഖ്യമന്ത്രിയുടെയും സിപിഎമ്മിന്‍റെ കടുത്ത നിലപാട്. പദ്ധതിക്കെതിരെ പ്രാദേശികമായും സഭാ തലത്തിലും വരും നാളുകളിൽ പ്രതിഷേധം കടുക്കാനും സാധ്യതയുണ്ട്. അതുകൂടി മുന്നിൽക്കണ്ടാണ് കേന്ദ്രസേനയെ ഇറക്കാൻ സർക്കാരും ഒരുങ്ങുന്നത്. ഈ ആവശ്യം അദാനി കമ്പനി ഹൈക്കോടതിയിൽ ഉന്നയിച്ചതിനാൽ സർക്കാരിന് കൈകഴുകി നോക്കി നിൽക്കാം.  

സംസ്ഥാനത്ത് പല വൻകിട പദ്ധതികൾക്കും കേന്ദ്രസേനയുടെ സംരക്ഷമുളളതിനാൽ സമ്മതം മൂളിയെന്ന് പൊതുവിൽ നിലപാടെടുക്കാം. വിഴിഞ്ഞത്തെ പ്രാദേശിക പ്രക്ഷോഭം കടുത്താൽ കേന്ദ്രസേനയ്ക്ക് ഇടപേടേണ്ടിവരും. അങ്ങനെവന്നാൽ എല്ലാം  കേന്ദ്രസേനയുടെ  തലയിൽ ചാർത്തി സംസ്ഥാന സർക്കാരിന് തന്ത്രപരമായി രക്ഷപെടാം. ഇതിനിടെ സർക്കാരും ലത്തീൻ സഭയുമായുളള ബന്ധം വഷളായതോടെ കൊച്ചിയിലെ ലൂർദ് ആശുപത്രിയിലെ ചടങ്ങിൽ മന്ത്രി ആന്‍റണി പങ്കെടുത്തില്ല.

click me!