Asianet News MalayalamAsianet News Malayalam

'അവർ ക്ഷണിക്കുന്നു, ഞാൻ പോകുന്നു'; ബിഷപ്പുമാരെ സന്ദർശിച്ചതിൽ രാഷ്ട്രീയമില്ലെന്ന് ശശി തരൂർ

ഇഷ്ടമുള്ളവർ വരട്ടെ വന്ന് പ്രസംഗം കേൾക്കട്ടെ. പാർട്ടി അച്ചടക്കം താൻ ലംഘിച്ചിട്ടില്ല. ഡിസിസി പ്രസിഡന്റിനെ അറിയിച്ചിരുന്നുവെന്നും തരൂർ പറഞ്ഞു. 

Shashi Tharoor about his visit at Bishop House
Author
First Published Dec 3, 2022, 5:20 PM IST

കോട്ടയം : ബിഷപ്പുമാരെ സന്ദർശിച്ചതിനു പിന്നിൽ രാഷ്ട്രീയമില്ലെന്ന് ശശി തരൂർ. അവർ ക്ഷണിക്കുന്നു, താൻ പോകുന്നു, അത്രമാത്രമെന്നും തരൂർ പറഞ്ഞു. കാഞ്ഞിരപ്പള്ളി ബിഷപ്പിനെ കണ്ട ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. എന്തുകൊണ്ടാണ് തന്റെ സന്ദർശനങ്ങൾ വിവാദമാകുന്നതെന്ന് അറിയില്ലെന്നും തരൂർ വ്യക്തമാക്കി. ഇഷ്ടമുള്ളവർ വരട്ടെ വന്ന് പ്രസംഗം കേൾക്കട്ടെ. പാർട്ടി അച്ചടക്കം താൻ ലംഘിച്ചിട്ടില്ല. ഡിസിസി പ്രസിഡന്റിനെ അറിയിച്ചിരുന്നുവെന്നും തരൂർ പറഞ്ഞു. 

അതേസമയം ശശി തരൂരിന്റെ പത്തനംതിട്ടയിലെ പരിപാടിയും  ജില്ലാ കോൺഗ്രസ് കമ്മിറ്റിയെ അറിയിച്ചിട്ടില്ലെന്നാണ് നേതൃത്വം പറയുന്നത്.  സാമൂഹിക സംഘടനയായ ബോധി ഗ്രാമിന്റെ പരിപാടിയിലാണ് തരൂർ പങ്കെടുക്കുന്നത്. ‌‌നാളെയാണ് അടൂരിൽ പരിപാടി നടക്കുന്നത്. കെപിസിസി പബ്ലിക് പോളിസി വിഭാഗത്തിന്റെ അധ്യക്ഷൻ ജെ എസ് അടൂരിന്റെ സംഘടന ആണ് ബോധിഗ്രാം. പരിപാടിയുടെ സംഘാടകർ ക്ഷണിച്ചിട്ടുണ്ടങ്കിലും ഡിസിസി പ്രസിഡന്റ്‌ പങ്കെടുക്കില്ല. നേതാക്കൾക്ക് പങ്കെടുക്കാൻ വിലക്കില്ലെന്നും ഡിസിസി പറഞ്ഞു. ജില്ലാ നേതൃത്വത്തെ അറിയിക്കാതെ ഉള്ള തരൂരിന്റെ സന്ദർശനത്തിൽ ഐ ഗ്രൂപ്പിന് എതിർപ്പുണ്ടെങ്കിലും നിലപാട് വ്യക്തമാക്കാൻ തയ്യാറായിട്ടില്ല. എന്നാൽ ബോധിഗ്രാം രാഷ്ട്രീയ സംഘടന അല്ല എന്നാണ് സംഘാടകരുടെ വിശദീകരണം. 

ഇതിനിടെ  തരൂർ ഉദ്ഘാടനം ചെയ്യുന്ന കോട്ടയത്തെ യൂത്ത് കോൺഗ്രസ് മഹാസമ്മേളനത്തിൽ പങ്കെടുക്കില്ലെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ വ്യക്തമാക്കി. പരിപാടികൾ അതത് ജില്ലാ കോൺഗ്രസ് കമ്മിറ്റിയെ അറിയിക്കണമെന്ന് അച്ചടക്കസമിതി തീരുമാനം എടുത്തതാണെന്നും ഇത് പാലിക്കപ്പെടാത്തത് കൊണ്ടാണ് പങ്കെടുക്കാത്തതെന്നും തിരുവഞ്ചൂർ രാധാകൃഷ്ണൻ വിശദീകരിച്ചു. ശശി തരൂർ സമാന്തര നീക്കം നടത്തുമെന്ന് കരുതുന്നില്ല. ഡിസിസിയുടെ പരാതിയെ കുറിച്ച് ഇപ്പോൾ കൂടുതൽ പ്രതികരിക്കുന്നില്ലെന്നും കെപിസിസി വേണ്ടനിലയിൽ അന്വേഷിച്ച് നിലപാട് എടുക്കുമെന്നും അദ്ദേഹം വിശദീകരിച്ചു.

എന്നാൽ കോട്ടയം ഡിസിസി പ്രസിഡന്റ് നാട്ടകം സുരേഷിന്‍റെ വാദം ശശി തരൂര്‍ തള്ളി. ഡിസിസി പ്രസിൻഡന്റിനെ തന്റെ ഓഫീസില്‍ നിന്ന് വിളിച്ചിരുന്നുവെന്ന് തരൂർ പ്രതികരിച്ചു. വിഴിഞ്ഞത്ത് കേന്ദ്രസേനയെ വിളിക്കരുതെന്നും ശശി തരൂര്‍ പറഞ്ഞു. തന്‍റെ മനസ് തുറന്ന പുസ്തകമാണെന്നും ഒന്നും ഒളിക്കാനില്ലെന്നും ശശി തരൂര്‍ മാധ്യമങ്ങളോട് പറഞ്ഞു. തന്നെ പരിപാടിയില്‍ ക്ഷണിച്ചത് യൂത്ത് കോൺഗ്രസാണ്. വരേണ്ടാത്തവർ വരണ്ടെന്നും അവര്‍ക്ക് വേണമെങ്കില്‍ പരിപാടി യൂട്യൂബില്‍ കാണാമെന്നും തരൂര്‍ പറഞ്ഞു.

നിരവധി പ്രസംഗങ്ങള്‍ കഴിഞ്ഞ കാലത്ത് താന്‍ നടത്തിയിട്ടുണ്ട്. അന്നൊന്നും ഇല്ലാത്ത പ്രശ്നങ്ങളാണ് ഈ രണ്ട് മാസത്തിനിടയില്‍ നടന്നതെന്ന് പറഞ്ഞ ശശി തരൂര്‍, വിഴിഞ്ഞം വിവാദം നല്ല രീതിയിൽ അല്ല പോകുന്നതെന്നും എഫ്ഐആര്‍ വേണ്ടായിരുന്നുവെന്നും പ്രതികരിച്ചു. മത്സ്യത്തൊഴിലാളികൾ വികസന വിരുദ്ധരോ ദേശവിരുദ്ധരോ അല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Follow Us:
Download App:
  • android
  • ios