ചെറിയാൻ ഫിലിപ്പ് കോൺഗ്രസിലേക്ക് തന്നെ; ഔദ്യോഗിക പ്രഖ്യാപനം വെള്ളിയാഴ്ച

By Web TeamFirst Published Oct 28, 2021, 5:28 PM IST
Highlights

എ കെ ആൻ്റണി അടക്കമുള്ള മുതിർന്ന നേതാക്കൾ തന്നെയാണ് ചെറിയാൻ ഫിലിപ്പിനെ തിരികെയെത്തിക്കാൻ മുൻകൈയ്യെടുത്തത്. തിരിച്ചു വരുന്ന മുതി‌ർന്ന നേതാവിന് എന്ത് പദവി നൽകുമെന്ന കാര്യത്തിൽ അന്തിമ തീരുമാനം ആയിട്ടില്ല

തിരുവനന്തപുരം: ഇടത് മുന്നണിയുമായി തെറ്റിയ ചെറിയാൻ ഫിലിപ്പ് (cheriyan Philip) കോൺഗ്രസിലേക്ക് തന്നെ. കോൺഗ്രസിലേക്കുള്ള മടക്കത്തെപറ്റി നാളെ ഔദ്യോഗിക പ്രഖ്യാപനമുണ്ടാവും (Official announcement ). രാവിലെ എ കെ ആൻ്റണിയെ കണ്ട ശേഷം ചെറിയാൻ ഫിലിപ്പ് മാധ്യമങ്ങളെ കാണും. ഇരുപത് വ‌‌‍‌ർഷത്തിന് ശേഷമാണ് ചെറിയാൻ ഫിലിപ്പ് തിരികെ കോൺഗ്രസിലെത്തുന്നത്. 

എ കെ ആൻ്റണി അടക്കമുള്ള മുതിർന്ന നേതാക്കൾ തന്നെയാണ് ചെറിയാൻ ഫിലിപ്പിനെ തിരികെയെത്തിക്കാൻ മുൻകൈയ്യെടുത്തത്. തിരിച്ചു വരുന്ന മുതി‌ർന്ന നേതാവിന് എന്ത് പദവി നൽകുമെന്ന കാര്യത്തിൽ അന്തിമ തീരുമാനം ആയിട്ടില്ല. 

Read More: ചെറിയാൻ ഫിലിപ്പ് കോൺ​ഗ്രസിലേക്ക് മടങ്ങിയെത്തുന്നു: തിരിച്ചു വരവിന് ഉപാധികളില്ലെന്ന് എ.കെ.ആൻ്റണിയെ അറിയിച്ചു

ചെറിയാൻ്റെ പദവികളിൽ തീരുമാനമായിട്ടില്ല. പക്ഷെ മാന്യമായ സ്ഥാനം നൽകി കോൺഗ്രസ്സിലേക്ക് പരമാവധി പേരെ ആകർഷിക്കലാണ് പാർട്ടി നീക്കം. കെ പി അനിൽകുമാർ അടക്കമുള്ള നേതാക്കളെ സിപിഎം വലിയ രീതിയിൽ സ്വാഗതം ചെയ്തപ്പോൾ തിരിച്ചെത്തുന്നവരെയും ആഘോഷത്തോടെ സ്വീകരിക്കാനാണ് കോൺഗ്രസ് തീരുമാനം.

രാജ്യസഭ സീറ്റ് നിഷേധിച്ചത് മുതലാണ് ചെറിയാൻ ഫിലിപ്പും ഇടത് മുന്നണിയും തമ്മിൽ തെറ്റുന്നത്. രണ്ടാം പിണറായി സർക്കാർ മുന്നോട്ട് വെച്ച് ഖാദി ബോർഡ് വൈസ് ചെയർമാൻ സ്ഥാനം ഏറ്റെടുക്കാതെ ഭിന്നത പരസ്യമാക്കി മെല്ലെ പഴയ തട്ടകത്തിലേക്ക് മടങ്ങാൻ തയ്യാറെടുത്തു. മുഖ്യമന്ത്രിയുടെ നെതർലാൻഡ് സന്ദർശനത്തെ അടക്കം കുറ്റപ്പെടുത്തി സംസ്ഥാനത്തെ ദുരന്തനിവാരണത്തെ വിമർശിച്ച് ഫേസ്ബുക്ക് പോസ്റ്റ് കൂടെ ചെയ്തതോടെ അനുനയത്തിനുള്ള ശ്രമങ്ങൾ ഇടത് മുന്നണി അവസാനിപ്പിച്ചു. 

ജയസാധ്യതയില്ലാത്ത സീറ്റ് നൽകിയതിൽ പ്രതിഷേധിച്ച് 2001ലാണ് ചെറിയാൻ ഫിലിപ്പ് കോൺഗ്രസ് പാർട്ടി വിട്ട് ഇടത് പാളയത്തിലെത്തുന്നത്. പലരും പാർട്ടി വിടുമ്പോഴുള്ള ചെറിയാൻ്റെ മടക്കം കോൺഗ്രസ്സിന് രാഷ്ട്രീയനേട്ടം. പദവി തുടർചർച്ചകളിൽ തീരുമാനിക്കും. ആൻ്റണി ഒഴിയുന്ന രാജ്യസഭാ സീറ്റ് അടക്കം പരിഗണിക്കുമെന്നൊക്കെ അഭ്യൂഹങ്ങൾ ഉണ്ട്. ചെറിയാന് പിന്നാലെ എ വി ഗോപിനാഥിനെയും തിരിച്ചെത്തിക്കാൻ നീക്കങ്ങളുണ്ട്. 

ചെറിയാൻ്റെ തിരിച്ചുവരവ് രമേശ് ചെന്നിത്തലയടക്കം സ്വാഗതം ചെയ്തിരുന്നു.

Read More: ചെറിയാൻ ഫിലിപ്പ് വഴി തെറ്റിയ കുഞ്ഞാട്, പാർട്ടിയിലേക്ക് സ്വാഗതം ചെയ്യുന്നു: ചെന്നിത്തല

click me!