mullaperiyar dam issue| മുല്ലപ്പെരിയാര്‍; സുപ്രീംകോടതി നിര്‍ദേശം പ്രതീക്ഷ നല്‍കുന്നതെന്ന് റോഷി അഗസ്റ്റിന്‍

By Web TeamFirst Published Oct 28, 2021, 5:10 PM IST
Highlights

അണക്കെട്ടിന്‍റെ സംഭരണ ശേഷി 142 ആക്കണമെന്ന തമിഴ്‌നാടിന്‍റെ വാദവും കോടതി അംഗീകരിച്ചില്ല. പുതിയ ഡാം എന്ന നിലപാടില്‍ ഉറച്ച് നിന്നുകൊണ്ടാകും കേരളം വാദമുഖങ്ങള്‍ അവതരിപ്പിക്കുക.

തിരുവനന്തപുരം: മുല്ലപ്പെരിയാറിലെ (Mullaperiyar dam) ജലനിരപ്പ് സംബന്ധിച്ച് സുപ്രീംകോടതി (supreme court) നിര്‍ദേശം പ്രതീക്ഷ നല്‍കുന്നതെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ (roshy augustine). നിലവില്‍ തമിഴ്‌നാട് നല്‍കിയിരിക്കുന്ന റൂള്‍ കര്‍വിനെതിരേ കേരളത്തിന്റെ വാദങ്ങള്‍ വിശദീകരിച്ച് വിശദമായ സത്യവാങ്മൂലം നല്‍കാനാണ് കോടതി ആവശ്യപ്പെട്ടിരിക്കുന്നത്. ഇതിലൂടെ  കോടതിയെ കാര്യങ്ങള്‍ ബോധ്യപ്പെടുത്താന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും മന്ത്രി അറിയിച്ചു. 

അണക്കെട്ടിന്റെ സംഭരണ ശേഷി 142 ആക്കണമെന്ന തമിഴ്‌നാടിന്റെ വാദവും കോടതി അംഗീകരിച്ചില്ല. പുതിയ ഡാം എന്ന നിലപാടില്‍ ഉറച്ച് നിന്നുകൊണ്ടാകും കേരളം വാദമുഖങ്ങള്‍ അവതരിപ്പിക്കുക. ഇക്കാര്യത്തില്‍ യാതൊരു തരത്തിലുള്ള വിട്ടുവീഴ്ചയും ഇല്ലെന്നും റോഷി അഗസ്റ്റിന്‍ പ്രതികരിച്ചു. ഈ മാസം റൂള്‍ കര്‍വ് 138 അടി ആണ്. ഇന്നു രാവിലെ അതില്‍ കൂടുതല്‍ ഉണ്ടെങ്കില്‍ സ്പില്‍വേ തുറന്ന് ജലം ഒഴുക്കി വിടുന്നതില്‍ മാറ്റം ഉണ്ടാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി. 

മന്ത്രി രാവിലെ മാധ്യമങ്ങളെ കണ്ട് സംസാരിച്ചത്

മുല്ലപ്പെരിയാര്‍ അണക്കെട്ട് തുറക്കുന്നതുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ പൂര്‍ണ സജ്ജമാണ്. ഇക്കാര്യത്തില്‍ യാതൊരു ആശങ്കയും വേണ്ട. റവന്യൂ വകുപ്പുമായി ചേര്‍ന്ന് എത്ര കുടുംബങ്ങളെ ഒഴിപ്പിക്കണം എന്നതിന്റെ കണക്ക് തയ്യാറാക്കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. എത്ര ജലം തമിഴ്‌നാട് ഒഴുക്കി വിടും എന്നതറിഞ്ഞാല്‍ അതനുസരിച്ച് നടപടി സ്വീകരിക്കും. ഷട്ടറുകള്‍ എത്ര ഉയര്‍ത്തുമെന്ന് തമിഴ്‌നാട് അറിയിച്ചിട്ടില്ല. തുറന്നു വിടുന്ന ജലം ഇടുക്കി അണക്കെട്ടില്‍ ഉള്‍ക്കൊള്ളാന്‍ കഴിയുന്ന തരത്തില്‍ അവിടെ ജലനിരപ്പ് ക്രമീകരിച്ചിട്ടുണ്ട്. 

രണ്ട് ഡെപ്യൂട്ടി കളക്ടര്‍മാരും ഇടുക്കി ആര്‍ഡിഒയും തഹസില്‍ദാര്‍മാരും പൊലീസ്, ഫയര്‍ഫോഴ്‌സ്, എന്‍ഡിആര്‍എഫ് സംഘവും മുല്ലപ്പെരിയാറില്‍ ഉണ്ടാകും. ജലമൊഴുക്കി വിടുന്ന ആദ്യഘട്ടത്തില്‍ വലിയ പ്രശ്‌നമില്ല. എങ്കിലും ഉയരുന്ന ജലനിരപ്പ് അനുസരിച്ച് ജനത്തെ ഒഴിപ്പിക്കും. ഇതിന് വാഹനം അടക്കം സജ്ജമാക്കി നിര്‍ത്തിയിട്ടുണ്ട്. പ്രായം കൂടിയവര്‍ക്കും രോഗികള്‍ക്കും പ്രത്യേക കരുതല്‍ നല്‍കും. വീടുകളെ ഗ്രൂപ്പുകളായി തിരിച്ച് വോളന്റിയര്‍ സംവിധാനവും വാഹന സൗകര്യവും ഏര്‍പ്പെടുത്തിയതായും മന്ത്രി പറഞ്ഞു.

 

click me!